NEWSROOM

പലവിഭാഗങ്ങളിലും മതിയായ ഡോക്ടർമാരില്ല; ഇടുക്കി നെടുംകണ്ടം താലൂക് ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ

23 ഡോക്ടർമാർ ആവശ്യമായ ആശുപത്രിയിൽ ഇപ്പോൾ വിരലിൽ എണ്ണാവുന്ന ഡോക്ടർമാരാണ് ഉള്ളത്

Author : ന്യൂസ് ഡെസ്ക്


മതിയായ ഡോക്ടർമാരില്ലാതെ ഇടുക്കി നെടുംകണ്ടം താലൂക് ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. അഞ്ഞൂറോളം രോഗികൾ ദിവസേന എത്തുന്ന ഹൈറേഞ്ചിലെ പ്രധാന താലൂക് ആശുപത്രിയാണ് നെടുംകണ്ടം സർക്കാർ ആശുപത്രി. 23 ഡോക്ടർമാർ ആവശ്യമായ ആശുപത്രിയിൽ ഇപ്പോൾ വിരലിൽ എണ്ണാവുന്ന ഡോക്ടർമാരാണ് ഉള്ളത്.

പലവിഭാഗങ്ങളിലും ഡോക്ടർമാരുടെ സേവനമില്ല. ഗൈനകോളജി, ശിശുരോഗ വിഭാഗങ്ങളുടെ പ്രവർത്തനം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്. മാസം ശരാശരി 35 മുതൽ 50 വരെ പ്രസവം നടക്കുന്ന ആശുപത്രിയിൽ ഗൈനകോളജി വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. ശിശു രോഗ വിഭാഗത്തിൽ ഒരു ഡോക്ടർ പോലും ഇല്ല. പ്രസവ അവധിയിലുള്ള ഡോക്ടർമാർക്ക് പോലും പകരകാരെ നിയമിച്ചിട്ടില്ല. വർക്കിങ് അറേഞ്ച്മെന്റിലും ഒഴിവ് ഏറെയാണ്.

ഇടുക്കിയുടെ വിവിധ മേഖലകളിൽനിന്ന് രോഗികളുമായി എത്തുമ്പോഴാണ് പലരും ഡോക്ടർമാരുടെയും സേവനമില്ലെന്ന് അറിയുന്നത്. ത്വക് രോഗ വിദഗ്ധൻ, അസിസ്റ്റന്റ് സർജന്മാർ, ഡെന്റൽ വിഭാഗത്തിലെ വിദഗ്‌ധർ എന്നിങ്ങനെ ഒഴിവുകൾ നിരവധിയാണ്. നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും എണ്ണത്തിലും കുറവുണ്ട്. 2022 ൽ പൂർത്തിയാക്കേണ്ട കെട്ടിട നിർമ്മാണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. 149 കോടി രൂപയാണ് ജില്ലാ ആശുപത്രി പദവിക്ക് അനുവദിച്ചത്. എന്നാൽ ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാകാൻ കാലതാമസം ഇനിയുമേറെയാണ്.

കെട്ടിടനിർമ്മാണത്തോടനുബന്ധിച്ച് തത്കാലികമായി നിർത്തലാക്കിയ ഐസിയുവിന്റെ പ്രവർത്തനവും പുനരാരംഭിച്ചിട്ടില്ല. മോർച്ചറിയും നിലവിൽ പ്രവർത്തിക്കുന്നില്ല. ഡയാലിസിസ് യൂണിറ്റിൽ ലക്ഷങ്ങളുടെ ഉപകരണങ്ങൾ ഉണ്ടെങ്കിലും ഇതുവരെയും ഒന്നും പ്രവർത്തന സജ്ജമാക്കിയിട്ടില്ല. നെടുംകണ്ടത്തിന് സമീപത്തെ മറ്റ് പ്രഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ, സ്വകര്യ മേഖലയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ. അടിയന്തരമായി പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

SCROLL FOR NEXT