NEWSROOM

ഫാത്തിമ ഹസൂന | 'ലോകം കേള്‍ക്കുന്ന മരണം; കാല-ദേശങ്ങള്‍ക്ക് കുഴിച്ചുമൂടാനാകാത്ത ചിത്രം'; ഗാസയിലെ കണ്ണുകള്‍ അടഞ്ഞു

ഇസ്രയേലിന്റെ നിര്‍ദയമായ ആക്രമണങ്ങളില്‍ തകര്‍ന്നടിഞ്ഞ ഗാസയുടെ നേര്‍മുഖം ലോകത്തെ അറിയിച്ച പലസ്തീന്‍ ഫോട്ടോ ജേണലിസ്റ്റായിരുന്നു ഫാത്തിമ

Author : ന്യൂസ് ഡെസ്ക്



"നിശബ്ദമായി കടന്നുപോകാന്‍ എനിക്ക് ഇട വരരുത്. ഞാന്‍ മരിക്കുകയാണെങ്കില്‍, ഞാന്‍ ആഗ്രഹിക്കുന്നത് ഉറക്കെയുള്ള മരണമാണ്. വെറുമൊരു ബ്രേക്കിങ് ന്യൂസ് ആകാനോ ഏതെങ്കിലും കൂട്ടത്തിലെ ഒരു എണ്ണം ആകാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. ലോകം കേള്‍ക്കുന്ന മരണമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് കാലാതീതമാകണം. സമയത്തിനോ, സ്ഥലത്തിനോ കുഴിച്ചുമൂടാനാവാത്ത, കാലാതീതമായൊരു ചിത്രമാകണം..."

പലസ്തീന്‍ ഫോട്ടോഗ്രാഫര്‍ ഫാത്തിമ ഹസൂന സമൂഹമാധ്യമത്തില്‍ കുറിച്ച വാക്കുകളാണിത്. ബുധനാഴ്ച 'ആഗ്രഹിച്ച മരണം' ഫാത്തിമയെ തേടിയെത്തി. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഫാത്തിമ കൊല്ലപ്പെട്ടു. അവര്‍ക്കൊപ്പം ഗര്‍ഭിണിയായിരുന്ന സഹോദരി ഉള്‍പ്പെടെ പത്ത് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. 25 വയസ് മാത്രമായിരുന്നു ഫാത്തിമയ്ക്ക്. ജനുവരിയില്‍ വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹത്തിന് ദിവസങ്ങള്‍ മാത്രമായിരുന്നു ബാക്കി. ഗാസയിലെ ഫാത്തിമയുടെ ജീവിതം സംബന്ധിച്ചൊരു ഡോക്യുമെന്ററി കാനിന് സമാന്തരമായ ഫ്രഞ്ച് സ്വതന്ത്ര ചലച്ചിത്രമേളയില്‍ പ്രീമിയറിന് തെരഞ്ഞെടുക്കപ്പെട്ടിട്ട് 24 മണിക്കൂര്‍ തികഞ്ഞിട്ടുണ്ടായിരുന്നില്ല.

ഇസ്രയേലിന്റെ നിര്‍ദയമായ ആക്രമണങ്ങളില്‍ തകര്‍ന്നടിഞ്ഞ ഗാസയുടെ നേര്‍മുഖം ലോകത്തെ അറിയിച്ച പലസ്തീന്‍ ഫോട്ടോ ജേണലിസ്റ്റായിരുന്നു ഫാത്തിമ. മരണം തന്റെ കാല്‍പ്പാടുകളെ പിന്തുടരുന്നുണ്ടെന്ന് അറിഞ്ഞിട്ടും, ഇസ്രയേല്‍ ചെയ്തികളെ ഡോക്യുമെന്റ് ചെയ്യുന്നതില്‍ നിന്ന് പിന്മാറാന്‍ കൂട്ടാക്കാതിരുന്ന ധീര യുവതി. 18 മാസമാണ് അവര്‍ യുദ്ധമുഖത്ത് ചെലവിട്ടത്. രാപ്പകല്‍ ഭേദമില്ലാത്ത ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍, സ്വന്തം വീട് ഉള്‍പ്പെടെ തകര്‍ന്നടിഞ്ഞ ബോംബ് സ്ഫോടനങ്ങള്‍, 11 കുടുംബാംഗങ്ങളുടെ മരണം, രാജ്യത്ത് തന്നെ പലപ്പോഴായി ചിതറിക്കപ്പെടുന്നവര്‍... എന്നിങ്ങനെ എല്ലാമെല്ലാം അവര്‍ പകര്‍ത്തിവെച്ചു.

35,000ല്‍ അധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന ഇന്‍സ്റ്റയിലും ഫേസ്ബുക്കിലും ഫാത്തിമ ചിത്രങ്ങള്‍ പങ്കുവയ്ക്കുമായിരുന്നു. ഗാസയിലെ ദൈനംദിന ജീവിതം എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണെന്നും, ഇസ്രയേല്‍ ബോംബ് ആക്രമണങ്ങള്‍ക്കിടെ ജീവിതം എത്രത്തോളം അപകടം നിറഞ്ഞതാണെന്നുമെല്ലാം പറയുന്നതായിരുന്നു ആ ചിത്രങ്ങള്‍. ഗാസ ജനതയുടെ ജീവിതവും മരണവും ഫാത്തിമയുടെ ക്യാമറക്കണ്ണുകളിലൂടെ ലോകം അറിഞ്ഞു. വേദന, യാതന, ആത്മാഭിമനം, നഷ്ടങ്ങള്‍ തുടങ്ങി കുട്ടികളുടെ കണ്ണുകളിലെ ആശങ്കകളും പ്രതീക്ഷകളും, നിമിഷനേരത്തേക്കുള്ള സന്തോഷങ്ങളും ചിരികളും എന്നിങ്ങനെ ഗാസ ജീവിതത്തെ അങ്ങനെ തന്നെ ഫാത്തിമ പകര്‍ത്തി. ജീവിതത്തിനും മരണത്തിനും ഇടയിലെ ദൂരം വളരെ ചെറുതാണെന്ന് ആ ചിത്രങ്ങള്‍ സംസാരിച്ചു. അത്ഭുതം തേടി വെളിച്ചത്തെ പിന്തുടരുന്ന ധീരയായ സ്ത്രീ എന്നാണ് ഇന്‍സ്റ്റയില്‍ ഫാത്തിമ ചേര്‍ത്തിരിക്കുന്നത്.

മരണം പതിയിരിക്കുന്ന വഴികളിലൂടെയാണ് സഞ്ചാരമെന്ന് ഫാത്തിമയ്ക്ക് ബോധ്യമുണ്ടായിരുന്നു. പക്ഷേ, അത് അവരെ ഭയപ്പെടുത്തിയിരുന്നില്ല. പകരം ഒന്ന് മാത്രമാണ് അവള്‍ ആഗ്രഹിച്ചിരുന്നതും, ആവര്‍ത്തിച്ചിരുന്നതും. നിശബ്ദമായൊരു മരണമായി താന്‍ കടന്നുപോകരുത്. കൊല്ലപ്പെടുന്നവരുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന ഒരാളായി മാറരുത്. പകരം, ആ മരണം ലോകം അറിയണം. കാല-ദേശങ്ങള്‍ക്ക് അതീതമായി അത് നിലനില്‍ക്കണം എന്നുമായിരുന്നു ഫാത്തിമയുടെ ആഗ്രഹം. അതായിരുന്നു സമൂഹമാധ്യമങ്ങളില്‍ അവര്‍ കുറിച്ചിരുന്നതും. ഗാസയിലെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസില്‍ നിന്ന് മള്‍ട്ടിമീഡിയയില്‍ ബിരുദം നേടിയശേഷം, ടെയ്മര്‍ ഫൗണ്ടേഷന്‍ ഫോര്‍ കമ്യൂണിറ്റി എജ്യുക്കേഷനില്‍ ഫോട്ടോഗ്രാഫറായി. യാര അത് അല്‍ അദാബി എഡിറ്റോറിയല്‍ ടീം അംഗമായും പ്രവര്‍ത്തിച്ചു. അണ്‍റ്റോള്‍ഡ് പലസ്തീന്‍, യൂറ ആര്‍ട്ട് ഡോട്ട് ഓര്‍ഗ് എന്നിവര്‍ക്കുവേണ്ടിയും ചിത്രങ്ങള്‍ പകര്‍ത്തി.

പുട്ട് യുവര്‍ സോള്‍ ഓണ്‍ യുവര്‍ ഹാന്‍ഡ് ആന്‍ഡ് വോക്ക് എന്ന പേരിലാണ് ഗാസയിലെ ഫാത്തിമയുടെ ജീവിതം ഡോക്യുമെന്ററിയായത്. ഇറാനിയന്‍ സംവിധായകയായ സെപിദെ ഫാര്‍സിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ഫാര്‍സിയും ഹസൂനയുടെ തമ്മിലുള്ള സംഭാഷണ ദൃശ്യങ്ങളിലൂടെ ഗാസയുടെ ദുരന്താവസ്ഥയും, പലസ്തീന്‍ ജനതയുടെ ദൈനംദിന ജീവിതവുമാണ് ഡോക്യുമെന്ററി പറയുന്നത്. "ഹസൂന ഗാസയിലെ എന്റെ കണ്ണുകളായി... ജ്വലിക്കുന്ന, ജീവിതം നിറഞ്ഞ കണ്ണുകള്‍. ഞാന്‍ അവളുടെ ചിരികള്‍, കണ്ണീര്‍, പ്രതീക്ഷകള്‍, വിഷാദം എന്നിവ ചിത്രീകരിച്ചു" - എന്നാണ് ഫാര്‍സി അതിനെ വിവരിക്കുന്നത്. അവള്‍ അത്രത്തോളമൊരു പ്രകാശമായിരുന്നു. വളരെ കഴിവുള്ളവള്‍. ഡോക്യുമെന്ററി കാണുമ്പോള്‍, നിങ്ങള്‍ക്കത് മനസിലാകും. അവളെക്കുറിച്ച് ഭയപ്പെടാന്‍ എനിക്ക് അവകാശമില്ലെന്ന് ഞാന്‍ സ്വയം പറഞ്ഞിരുന്നു. കാരണം, അവള്‍ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല. അവളുടെ ആ ശക്തിയിലും, അചഞ്ചലമായ വിശ്വാസത്തിലുമാണ് ഞാനും മുറുകെപ്പിടിച്ചിരുന്നതെന്നും ഫാര്‍സി കൂട്ടിച്ചേര്‍ക്കുന്നു.

പലസ്തീനിലെ, പ്രത്യേകിച്ചും ഗാസയിലെ മാധ്യമപ്രവര്‍ത്തനം മറ്റേതൊരു സ്ഥലത്തേക്കാളും ദുഷ്കരമാണ്. 2023 ഒക്ടോബര്‍ ആക്രമണത്തിനുശേഷം ഇതുവരെ 212 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പലസ്തീന്‍ ജേണലിസ്റ്റ് പ്രൊട്ടക്ഷന്‍ സെന്‍റര്‍ കണക്കുകള്‍ പറയുന്നത്. പ്രത്യേകിച്ച് കാരണങ്ങളോ, പ്രകോപനമോ ഇല്ലാതെയാണ് ഇസ്രയേല്‍ ഗാസയില്‍ തീമഴ പെയ്യിക്കുന്നത്. ഏകപക്ഷീയമായൊരു യുദ്ധം എന്നൊക്കെ വിശേഷിപ്പിക്കുമ്പോഴും, ഒരു ജനതയെ, വംശത്തെ അപ്പാടെ തൂത്തെറിയാനുള്ള വ്യഗ്രതയാണ് ഇസ്രയേല്‍ സൈന്യത്തെയും ബെഞ്ചമിന്‍ നെതന്യാഹുവിനെയും നയിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു യുദ്ധത്തില്‍ പാലിക്കപ്പെടേണ്ട ചട്ടങ്ങള്‍ പോലും അവിടെ പാലിക്കപ്പെടില്ല. നിരപരാധികളായ കുട്ടികളും സ്ത്രീകളും വയോജനങ്ങളും തുടങ്ങി ആശുപത്രികളും സ്കൂളുകളും മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരുമൊക്കെ ഏത് നിമിഷം വേണമെങ്കിലും കൊല്ലപ്പെടാം. എല്ലാത്തിനും ഇസ്രയേല്‍ സൈന്യത്തിനും നെതന്യാഹുവിനും ഇസ്തിരിയിട്ടുവെച്ചൊരു മറുപടിയുമുണ്ട്; "ഞങ്ങള്‍ യുദ്ധം ചെയ്യുന്നത് ഹമാസിനെതിരെയാണ്".

SCROLL FOR NEXT