NEWSROOM

ഇനി മോശം അനുഭവമുണ്ടായാല്‍ പരാതിപ്പെടും: ചാര്‍മിള

ഞാന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു

Author : ന്യൂസ് ഡെസ്ക്

സിനിമാ മേഖലയില്‍ നിന്ന് ഇനി മോശം അനുഭവം ഉണ്ടായാല്‍ പരാതിപ്പെടുമെന്ന് നടി ചാര്‍മിള. പുതിയ തലമുറയ്ക്ക് ഹേമ കമ്മിറ്റി ഉണ്ട് എന്നത് ഭാഗ്യമാണ്. ഞങ്ങള്‍ക്ക് ആ കാലഘട്ടത്തില്‍ ആ ഭാഗ്യം ഇല്ലായിരുന്നു. ഇപ്പോഴത്തെ അവസരം സ്ത്രീകള്‍ പ്രയോജനപ്പെടുത്തണമെന്നും ചാര്‍മിള പറഞ്ഞു. ന്യൂസ് മലയാളത്തോടായിരുന്നു ചാര്‍മിളയുടെ പ്രതികരണം.

ചാര്‍മിള പറഞ്ഞത് :

ഹേമ കമ്മിറ്റി അപ്പോള്‍ ഉണ്ടെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടിരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. അന്ന് പൊള്ളാച്ചിയില്‍ ഇത് സംഭവിച്ചു. അന്ന് പൊള്ളാച്ചി പൊലീസ് വന്ന് അവരെ അറസ്റ്റ് ചെയ്തു. അതിനുള്ള ശിക്ഷ അവര്‍ക്ക് കിട്ടി. ഇനി അവരുടെ പുറകെ പോയിട്ട് കാര്യമില്ല. അത് കഴിഞ്ഞു. 28ഓളം പേര്‍ എന്നെ കിട്ടുമോ വരുമോ എന്നൊക്കെ ചോദിച്ചു. അതുകൊണ്ട് അവരുടെ സിനിമയില്‍ ഞാന്‍ അഭിനയിച്ചില്ല. എന്നാല്‍ ഇനി എനിക്ക് അങ്ങനെയൊരു അനുഭവമുണ്ടായാല്‍ തീര്‍ച്ചയായും ഹേമ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും. ആദ്യമെ എനിക്ക് സംഭവിച്ചുപോയതിന് ഇനി നമുക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. ഇനി സംഭവിക്കാന്‍ പോകുന്നതിനെ കുറിച്ച് നമുക്ക് സംസാരിക്കാം. കാരണം ഇനി ഞാന്‍ പോകുന്ന ഷൂട്ടിംഗിലോ മറ്റൊ എനിക്ക് ഇങ്ങനെയൊരു മോശം അനുഭവം ഉണ്ടായാല്‍ തീര്‍ച്ചയായും ഞാന്‍ പരാതിപ്പെടും. പൊള്ളാച്ചിയില്‍ അത് സംഭവിച്ചപ്പോള്‍ ഹേമ കമ്മിറ്റിയില്ലായിരുന്നു. ഇപ്പോള്‍ ഇങ്ങനെയൊരു കാര്യം വന്നതില്‍ വളരെ സന്തോഷമുണ്ട്.

ALSO READ : കൂട്ട ബലാത്സംഗ ശ്രമം നേരിട്ടു, സംവിധായകന്‍ ഹരിഹരന്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചു; വെളിപ്പെടുത്തലുമായി ചാര്‍മിള


പുതിയ തലമുറയ്ക്ക് ഹേമ കമ്മിറ്റി ഉണ്ട് എന്നത് ഭാഗ്യമാണ്. ഞങ്ങള്‍ക്ക് ആ കാലഘട്ടത്തില്‍ ആ ഭാഗ്യം ഇല്ലായിരുന്നു. ഇപ്പോഴത്തെ അവസരം സ്ത്രീകള്‍ പ്രയോജനപ്പെടുത്തണം. ഒരു കാര്യം സ്ത്രീകളോട് എനിക്ക് പറയാനുള്ളത് വ്യക്തിപരമായ വാശിയുടെ പുറത്ത് ആരുടെയും പേര് പറയരുത്. അത് ചെയ്യുന്നത് മോശമാണ്. ഹേമ കമ്മിറ്റിയെ മിസ് യൂസ് ചെയ്യരുത്. ഞാന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു. നേരത്തെ നമ്മുടെ വസ്ത്രധാരണത്തെയൊക്കെ ചോദ്യം ചെയ്യുമായിരുന്നു. അന്ന് നമ്മള്‍ ഒരു പ്രശ്‌നം പറഞ്ഞാല്‍ അത് വിശ്വസിക്കാനും ആളുകള്‍ ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്പോള്‍ നമ്മള്‍ പറയുമ്പോള്‍ വിശ്വസിക്കാന്‍ ആളുകള്‍ ഉണ്ട്. അത് സന്തോഷമുള്ള കാര്യമാണ്.


SCROLL FOR NEXT