കമല ഹരിസ്, ജോ ബൈഡന്‍ 
NEWSROOM

യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ കമല; ചരിത്രം വഴിമാറുമോ?

രാജ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പദവിയിലെത്തുന്ന ആദ്യ വനിത, ആദ്യ ഇന്ത്യന്‍ വംശജ, കറുത്തവര്‍ഗക്കാരി എന്നിങ്ങനെ പുതിയ ചരിത്രം സൃഷ്ടിച്ചായിരുന്നു കമലയുടെ വരവ്.

Author : ന്യൂസ് ഡെസ്ക്

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും ജോ ബൈഡൻ പിന്മാറിയതോടെ കമല ഹാരിസാണ് ശ്രദ്ധാകേന്ദ്രം. വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമലയ്ക്കാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിന് ഏറ്റവും സാധ്യത കല്‍പ്പിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളുടെ പിന്തുണ കമലയ്ക്കുണ്ട്. തെരഞ്ഞെടുപ്പില്‍നിന്ന് പിന്മാറുന്നതിനൊപ്പം ബൈഡന്‍ കമലയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ, ഓഗസ്റ്റ് 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നാഷണല്‍ കണ്‍വെന്‍ഷനില്‍ കമലയുടെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. 

അമേരിക്കന്‍ ചരിത്രത്തില്‍ ഇതുവരെ ഒരു വനിതാ നേതാവ് പ്രസിഡന്റ് ആയിട്ടില്ല. നാലുവര്‍ഷം മുന്‍പുവരെ വൈസ് പ്രസിഡന്റിന്റെ കാര്യത്തിലും സമാനമായിരുന്നു സ്ഥിതി. എന്നാല്‍, 2020ല്‍ കമലയിലൂടെയാണ് അതിനൊരു മാറ്റം വന്നത്. രാജ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പദവിയിലെത്തുന്ന ആദ്യ വനിത, ആദ്യ ഇന്ത്യന്‍ വംശജ, കറുത്തവര്‍ഗക്കാരി എന്നിങ്ങനെ പുതിയ ചരിത്രം സൃഷ്ടിച്ചായിരുന്നു കമലയുടെ വരവ്. പ്രസിഡന്റ് സ്ഥാനത്തേക്കും കമല എത്തുകയാണെങ്കില്‍ അത് മറ്റൊരു ചരിത്രമാകും.

2003ൽ സാൻഫ്രാൻസിസ്‌കോ ഡിസ്ട്രിക്ട് അറ്റോർണിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കമല ശ്രദ്ധിക്കപ്പെടുന്നത്. 2010ല്‍ കാലിഫോർണിയ അറ്റോർണി ജനറൽ തിരഞ്ഞെടുപ്പിലും കമല വിജയിച്ചു. 2016ല്‍ കമല സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സെനറ്റിലെത്തുന്ന രണ്ടാമത്തെ കറുത്ത വര്‍ഗക്കാരി, ആദ്യ ഇന്ത്യന്‍ വംശജ എന്നിങ്ങനെ വിശേഷണങ്ങളും കമല സ്വന്തമാക്കി. 2020ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായി ബൈഡനെതിരെ പാര്‍ട്ടി പ്രൈമറികളില്‍ മത്സരിച്ചു. എന്നാല്‍, ഒടുവില്‍ ബൈഡന്‍ പ്രസിഡന്റ് സ്ഥാനത്തേക്കും കമല വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുമെത്തുകയായിരുന്നു.

ഡെമോക്രാറ്റിക്‌ പാർട്ടിയിലെ ഇടതുചിന്താഗതിയുള്ള നേതാവ് എന്ന നിലയിലും കമല ശ്രദ്ധേയയാണ്. സ്ത്രീകളുടെ ഗർഭച്ഛിദ്രമടക്കമുള്ള അവകാശങ്ങൾക്കുവേണ്ടി കമല ശബ്‌ദമുയർത്തിയിരുന്നു. തടവുകാരുടെ ക്ഷേമം ഉള്‍പ്പെടെ കാര്യങ്ങളിലും അവര്‍ ഇടപ്പെട്ടിരുന്നു. അധികാരത്തിലേറിയാലും ഇത്തരം നയങ്ങളുടെ തുടര്‍ച്ചയുണ്ടാകുമെന്നാണ് കമലയെ അനുകൂലിക്കുന്നവരുടെ വാദം. ഗാസ, യുക്രെയ്ന്‍ യുദ്ധങ്ങളില്‍ ഉള്‍പ്പെടെ കടുത്ത നിലപാടുകള്‍ ഉണ്ടായേക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

ALSO READ : രാജ്യസ്‌നേഹത്തിന്‍റെ സാക്ഷ്യപത്രം; പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറാനുള്ള ജോ ബൈഡന്‍റെ തീരുമാനത്തെ പുകഴ്ത്തി ബരാക് ഒബാമ

യു.എസ് ചരിത്രത്തിന് വംശീയ-ലിംഗ വിവേചനത്തിന്റെ ദീര്‍ഘകാല ഫ്ലാഷ്ബാക്കുകളുണ്ട്. അതുകൊണ്ടാണ് ഇക്കാലമത്രയും ഒരു വനിതയെ, അതിലുപരി ഒരു കറുത്തവര്‍ഗക്കാരിയെ രാജ്യത്തിന്റെ ഉന്നത പദവിയിലൊന്നും കാണാന്‍ സാധിക്കാരിതുന്നത്. മാത്രമല്ല, കമലയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഡെമോക്രാറ്റുകള്‍ക്കിടയിലും ഭിന്നാഭിപ്രായമുണ്ട്. ജനാധിപത്യപ്രക്രിയയിലൂടെ തന്നെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്ന് വാദിക്കുന്നവരും ഏറെയാണ്.

SCROLL FOR NEXT