അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മധ്യസ്ഥതയിൽ റഷ്യ യുക്രെയ്നുമായി ചർച്ചയ്ക്കു തയ്യാറായാൽ പിടിച്ചെടുത്ത പ്രദേശങ്ങൾ കൈമാറാൻ തയ്യാറാണെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി. കുർസ്ക് മേഖല റഷ്യയ്ക്കു കൈമാറുമെന്നും സെലൻസ്കി പറഞ്ഞു. ചർച്ചകൾക്ക് കർശന നിർദേശങ്ങളും സെലൻസ്കി മുന്നോട്ടുവെയ്ക്കുന്നുണ്ട്.
അന്താരാഷ്ട്ര മാധ്യമമായ 'ദി ഗാർഡിയ'നു നൽകിയ അഭിമുഖത്തിലാണ് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മധ്യസ്ഥതയിൽ റഷ്യ യുക്രെയ്നുമായി ചർച്ച നടത്തുകയാണെങ്കിൽ ഇരു രാജ്യങ്ങളും പിടിച്ചെടുത്ത ഭൂമി കൈമാറണമെന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം. റഷ്യയുടെ കൈവശമുള്ള യുക്രെയ്ൻ ഭൂമിക്കു പകരമായി യുക്രെയ്ൻ അധിനിവേശതയിലുള്ള കുർസ്ക് മേഖല റഷ്യയ്ക്കു നൽകുമെന്ന് സെലൻസ്കി പറഞ്ഞു.
റഷ്യൻ അധിനിവേശ പ്രദേശങ്ങളിൽ ഏതെല്ലാമാണ് യുക്രെയ്ൻ തിരികെ ചോദിക്കുക എന്ന ചോദ്യത്തിനു ഒരു പ്രദേശവും മുൻഗണനയിൽ ഇല്ലെന്നും എല്ലാം പ്രദേശങ്ങളും പ്രധാനപ്പെട്ടതാണെന്നുമായിരുന്നു സെലൻസ്കിയുടെ മറുപടി. 2014ലാണ് റഷ്യ യുക്രെയ്നിൽ നിന്ന് ക്രിമിയ പിടിച്ചെടുക്കുന്നത്. തുടർന്ന് 2022ൽ ഡോണെക്സ്, ഖെഴ്സൺ, ലൂഹാൻസ്ക്, സപ്പോരേഷ്യ എന്നീ പ്രദേശങ്ങളും പിടിച്ചെടുത്തു. എങ്കിലും ഈ പ്രദേശങ്ങൾക്കുമേൽ റഷ്യക്ക് പൂർണ നിയന്ത്രണമില്ല.
അതേസമയം, സംഘർഷം അവസാനിപ്പിക്കാൻ യുഎസിൻ്റെ മധ്യസ്ഥതയില്‍ റഷ്യയും യുക്രെയ്നും തമ്മില്‍ കരാറുണ്ടാക്കുന്നുണ്ടെങ്കില്‍ കര്‍ശനമായ സുരക്ഷാ ഉറപ്പുകൾ നൽകണമെന്നും സെലൻസ്കി പറഞ്ഞു. നേറ്റോ അംഗത്വം, സമാധാന സേനയുടെ വിന്യാസം ഉള്‍പ്പടെയുള്ള സൈനിക ഉടമ്പടികള്‍ അടങ്ങുന്ന വ്യവസ്ഥകള്‍ കരാറിലുണ്ടാകണമെന്നാണ് യുക്രെയ്ൻ നിലപാട്. അല്ലാത്ത പക്ഷം റഷ്യ സൈന്യത്തെ പുനഃസംഘടിപ്പിക്കുമെന്നും വീണ്ടും ആക്രമണം നടത്തുമെന്നുമാണ് യുക്രെയ്ൻ ആശങ്ക.
കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനുമായി ഫോണിൽ സംസാരിച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു. റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണമെന്ന് ഇരുവരും ആഗ്രഹിക്കുന്നതായും ട്രംപ് വെളിപ്പെടുത്തി. എങ്കിലും സംഘർഷം അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളും വിട്ടു വീഴ്ചകൾക്ക് തയ്യാറാകണമെന്നാണ് യുഎസിൻ്റെ നിരീക്ഷണം.