സംവിധാനം ചെയ്ത ആദ്യ സിനിമ തന്നെ ഐഎഫ്എഫ്കെയുടെ ഇന്റര്‍നാഷണല്‍ കോംപറ്റീഷന്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ച പൊന്നാനിക്കാരന്‍. ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയുടെ സംവിധായകന്‍ ഫാസില്‍ മുഹമ്മദ് ന്യൂസ് മലയാളത്തോടൊപ്പം.
ഫാത്തിമയെ ഫെമിനിസ്റ്റാക്കാന്‍ തീരുമാനിച്ച ഘടകം
നാട്ടിലായാലും വീട്ടിലായാലും ഒരുപാട് പേരെ കാണുന്നുണ്ട്. അവര്‍ പലപ്പോഴും ഇടുങ്ങിയ ഒരു സ്ഥലത്ത് നില്‍ക്കുകയാണ്. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇവര്‍ എന്തുകൊണ്ടായിരിക്കും ഇതൊന്നും ബ്രേക്ക് ചെയ്യാതിരുന്നത്. എന്തുകൊണ്ടായിരിക്കും ഇവര്‍ ഇങ്ങനെ മറുപടി പറയാത്തത് എന്നൊക്കെ. ആ ചിന്തകളില്‍ നിന്നാണ് ഫാത്തിമയെ ഫെമിനിസ്റ്റ് ആക്കാന്‍ തീരുമാനിക്കുന്നത്.
'ഫെമിനിച്ചി' എന്ന തലക്കെട്ട് കൊടുക്കുമ്പോള്‍ ആശങ്കയുണ്ടായിരുന്നോ?
'ഫെമിനിച്ചി' എന്ന വാക്കിന് അറ്റന്‍ഷന്‍ കിട്ടും എന്ന് ഉറപ്പായിരുന്നു. മാത്രമല്ല ആ വാക്കിനെ വളരെ പോസിറ്റീവ് ആയിട്ടാണ് ഞാന്‍ കാണുന്നത്. കാരണം, സമൂഹത്തില്‍ ഒന്ന് വേറിട്ട് ചിന്തിക്കുന്ന സ്ത്രീകളെ കളിയാക്കി വിളിക്കുന്ന പേരാണ് ഫെമിനിച്ചി എന്ന പദം. പക്ഷെ അവര്‍ അപ്പോഴും ഉയരത്തില്‍ തന്നെയാണ് എന്നാണ് മനസിലാക്കേണ്ടത്.
ചിത്രത്തില്‍ കിടക്കയും ഒരു കേന്ദ്ര കഥാപാത്രമാകുമ്പോള്‍
ഞാന്‍ ഒരു ദിവസം താത്ത (സഹോദരി)യുടെ വീട്ടില്‍ നില്‍ക്കാന്‍ പോയതായിരുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാണുന്നത് സഹോദരി അവളുടെ മകനെ കിടക്കയില്‍ മൂത്രമൊഴിച്ചതിന് വഴക്ക് പറയുന്നതാണ്. അതിനിടയില്‍ അവള്‍ പറയുന്ന ഒരു ഡയലോഗ് എനിക്ക് വല്ലാതെ സ്ട്രൈക്ക് ആയി. 'മൂത്രം ആവാതെ കൊണ്ട് നടക്കുകയായിരുന്നു, ഈ മണം ഇനി പോവുകയുമില്ല' എന്നായിരുന്നു പറഞ്ഞത്. ആ ഡയലോഗ് അപ്പോള്‍ തന്നെ ഞാന്‍ ഫോണില്‍ കുറിച്ചിട്ടു. ആ ഡയലോഗില്‍ നിന്നാണ് ഈ സിനിമയിലേക്ക് കിടക്കയും വരുന്നത്.
സിനിമയിലെ ജബ്ബാര്‍ എന്ന നായയുടെ കഥാപാത്രം
കിടക്ക വെയിലത്ത് ഇടുന്ന സമയത്ത് അതില്‍ നായ കയറി മൂത്രമൊഴിക്കുക തുടങ്ങിയ സംഭവങ്ങള്‍ ഒക്കെ ചില കുടുംബക്കാര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. ഈ ത്രെഡ് പറഞ്ഞതിന് ശേഷമാണ് ഒരു കസിന്‍ പറയുന്നത്, എടാ ഇതുപോലെ ഒരു സംഭവം വീട്ടില്‍ ഉണ്ടായിട്ടുണ്ട് എന്ന്.
സിനിമയിലേക്ക് ഒരു നായ വേണമായിരുന്നു. പക്ഷെ അങ്ങനെ ഒരു നായയെ കൊണ്ടു വരാന്‍ മാത്രം സെറ്റപ്പ് നമുക്ക് ഇല്ല. രാവിലെ കടപ്പുറത്ത് ചായ കുടിക്കാന്‍ പോകും.ചായകുടിക്കാന്‍ പോയ സമയത്ത് അവിടെ ഉണ്ടായിരുന്ന ഒരു കൂട്ടം നായകള്‍ക്ക് ബിസ്‌കറ്റ് കൊടുത്തു. ബാക്കി ഉള്ളവരൊക്കെ തിന്നിട്ട് പോയി. ഒരു നായ മാത്രം അവിടെ നിന്നു. അപ്പോള്‍ പോയി ഒരു പാക്കറ്റ് കൂടി വാങ്ങിച്ചു പൊട്ടിച്ചു കൊടുത്തു. അങ്ങനെ ഒരു അഞ്ചാറ് പാക്കറ്റ് ബിസ്‌കറ്റ് ഒക്കെ കൊടുത്താണ് അതിനെ ബെഡില്‍ കൊണ്ട് ഇരുത്തുന്നതും ഒക്കെ.
എഡിറ്റര്‍ സിനിമയ്ക്ക് കഥയെഴുതുമ്പോള്‍
എന്റെ വര്‍ക്കുകളെല്ലാം എഴുതിയതും എഡിറ്റ് ചെയ്തിട്ടുള്ളതും ഞാന്‍ തന്നെയാണ്. അത് എനിക്ക് ഒത്തിരി കംഫര്‍ട്ട് തരുന്ന ഒന്നാണ്. എഡിറ്റിംഗ് അറിയാവുന്നതുകൊണ്ട് എഴുത്തിലും അത് കൃത്യമായി ഉണ്ടാകും. ഈ സീന്‍ ഇത്ര മതി എന്ന കൃത്യമായ ബോധ്യം ഉണ്ടാകും. ഷൂട്ടിനൊപ്പം തന്നെ എഡിറ്റിങ് കൂടി ചെയ്യുന്നതുകൊണ്ട് എല്ലാ പരിപാടികളും പെട്ടെന്ന് തന്നെ കഴിയുമായിരുന്നു.
കഥാപാത്രങ്ങളെ തെരഞ്ഞെടുത്തത് എങ്ങനെയായിരുന്നു?
ഫാത്തിമയായി വേഷമിട്ട ഷംല ഹംസ നേരത്തെ സിനിമയില്‍ ഒക്കെ അഭിനയിച്ചിട്ടുണ്ട്. കുമാറും ചില സിനികളില്‍ അഭിനയിച്ചിട്ടുണ്ട്. ബാക്കി എല്ലാവരും എന്റെ നാട്ടില്‍ ഉള്ളവരും അയല്‍വാസികളും ഞാന്‍ സ്ഥിരം കാണുന്ന ചേച്ചിമാരും ടീച്ചറും ഒക്കെയാണ്. ഇവര്‍ ഒക്കെ എന്റെ മുന്നെയുള്ള വര്‍ക്കുകളില്‍ അഭിനയിച്ചവരാണ്. എനിക്കതിലെ കഥാപാത്രങ്ങളെ ഒക്കെ കൃത്യമായി കാണാന്‍ പറ്റും. ഇവര്‍ ഒക്കെ എന്റെ സ്വന്തം ആളുകളാണ്.
സമുദായത്തിനകത്തെ ചില കാര്യങ്ങളെ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുന്നുണ്ട്. അത് അവതരിപ്പിക്കേണ്ട വിധത്തില്‍ ആശയക്കുഴപ്പുമുണ്ടായിരുന്നോ?
ഞാന്‍ സിനിമയില്‍ കളിയാക്കിയ കാര്യങ്ങള്‍ എന്റെ മതത്തില്‍ നിന്ന് തന്നെ ആളുകള്‍ എതിര്‍ക്കുന്ന കാര്യമാണ്. പിന്നെ നിലവിലെ കാലത്തിനനുസരിച്ച് അപ്ഡേറ്റഡ് ആവാത്ത ഒരു പ്രശ്നം മതത്തിനകത്തുണ്ട്. മതങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള നിയമങ്ങള്‍ക്കും ചട്ടക്കൂടുകള്‍ക്കും കാലത്തിനനസുരിച്ച് മാറ്റങ്ങള്‍ വരണം. അതൊരിക്കലും ഒരാളുടെ സ്വാതന്ത്ര്യത്തിന് എതിരാകരുത്. ഉസ്താദിന്റെ സീന്‍ ഒക്കെ ഷൂട്ട് ചെയ്യുമ്പോള്‍ അത് കണ്ടിരുന്ന സ്ത്രീകള്‍ ഒക്കെ ചിരിക്കുന്നുണ്ട്. അവര്‍ ഇതിനെ എങ്ങനെയാണ് എടുത്തതെന്ന് അന്ന് ഞാന്‍ മനസിലാക്കി .
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണുമായി ഒരു താരതമ്യം ആള്‍ക്കാര്‍ നടത്തുന്നുണ്ടല്ലോ, അതിനെ എങ്ങനെ നോക്കി കാണുന്നു?
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഒരു മികച്ച സിനിമയാണ്. അതുമായി താരതമ്യം ചെയ്യുന്നതൊക്കെ സന്തോഷമുള്ള കാര്യമാണ്.
സിനിമയിലേക്ക് ഫാസിലിനെ സ്വാധീനിച്ച ഘടകം എന്താണ്?
കുറച്ചു കാലം മുന്‍പ് വരെ സിനിമയെക്കുറിച്ചുള്ള എന്റെ ചിന്ത വേറെയായിരുന്നു. രണ്ട് സിനിമകള്‍ ഞാന്‍ ആ ഇടയ്ക്ക് കണ്ടു. ഒന്ന് C/o കഞ്ചരപ്പാലം. കില്ല എന്ന് പറഞ്ഞ് ഒരു മറാഠി ചിത്രവും കണ്ടു. ഈ രണ്ട് ചിത്രങ്ങളും കണ്ടതിന് ശേഷം അതുവരെ എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന സിനിമ എന്ന് പറയുന്ന ചിന്ത മാറി. ഒന്നുകൂടി താഴെത്തട്ടില്‍ നില്‍ക്കുന്ന തരം കഥകള്‍ എഴുതണം എന്ന് തോന്നിതുടങ്ങി. അത്തരം സിനിമ കണ്ടതില്‍ നിന്നാണ് ഇത്തരം ആര്‍ട്ടിസ്റ്റുകളെയും പ്ലേസ് ചെയ്യണം, കുറച്ചുകൂടി ലൈവ് ആക്കണം അതിന് ഒരു ഇമോഷന്‍ കൊണ്ട് വരണം എന്നൊക്കെ തോന്നിയത്. കില്ല ഒക്കെ അതുപോലെ ഒരു സിനിമയാണ്. അതൊക്കെ കണ്ടതിന് ശേഷമാണ് ഒന്നുകൂടി സിനിമയെ കുറിച്ച് പുനര്‍ വിചിന്തനം നടത്താന്‍ തുടങ്ങിയത്.
കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഷംലയിലേക്ക് എത്തുന്നത് എങ്ങനെയാണ്?
ആയിരത്തൊന്നു നുണകളില്‍ പ്രൊഡ്യൂസര്‍ സലിം വഴിയാണ് അതില്‍ വര്‍ക്ക് ചെയ്യാന്‍ പോകുന്നത്. ചിത്രത്തിന്റെ സ്പോട്ട് എഡിറ്റിംഗിനായാണ് പോകുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ തമര്‍ നാട്ടുകാരനാണ്. അവിടെ പോയപ്പോള്‍ ഒന്നുകൂടി ഒരു ബന്ധം വന്നു. ആ സിനിമയില്‍ അഭിനയിച്ച സുധീഷ് സ്‌കറിയ ഉണ്ട്. പുള്ളിയാണ് ഫെമിനിച്ചി ഫാത്തിമയുടെ പ്രൊഡ്യൂസര്‍. ഇവരൊക്കെയുമായി അന്നേ നല്ല ബന്ധം ഉണ്ടായിരുന്നു. ഞാന്‍ ഇങ്ങനെ ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളും കൂടാം എന്ന് പറഞ്ഞ് അവരും വരികയായിരുന്നു. ചിത്രം തിയേറ്ററുകളില്‍ ഇറക്കുന്നത് സംബന്ധിച്ച് ആളുകള്‍ ചോദിക്കുന്നുണ്ട്. സിനിമ ആളുകളെ അത്രയും എന്റര്‍ടൈന്‍ ചെയ്യിക്കുന്നുണ്ട്.
ചിത്രം ഐഎഫ്എഫ്കെയില്‍ കോംപറ്റീഷന്‍ വിഭാഗത്തില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
ഈ സിനിമ എന്നെ സംബന്ധിച്ചിടത്തോളം വളരെ വെല്ലുവിളി ഉള്ള ഒന്നായിരുന്നു. അധികം ആര്‍ടിസ്റ്റുകളൊന്നുമില്ലാതെ ചെറിയ ക്യാന്‍വാസില്‍ ഒരു സിനിമ ചെയ്യുമ്പോള്‍ എന്റെ ആഗ്രഹം എന്ന് പറയുന്നത് ഐഎഫ്എഫ്കെയില്‍ ഒക്കെ പ്രദര്‍ശിപ്പിക്കപ്പെടുക എന്നത് തന്നെയാണ്. അത്തരത്തില്‍ കിട്ടുന്ന എക്സ്പോഷറിലൂടെ ചിത്രം ആളുകളിലേക്ക് എത്തും. അല്ലാതെ ഒരു ഓപ്ഷന്‍ നമുക്ക് വേറെയില്ല. ഐഎഫ്എഫ്കെയില്‍ ഒരു പ്രദര്‍ശനം മാത്രമേ ഞാന്‍ പ്രതീക്ഷിച്ചിട്ടുള്ളു. പക്ഷെ അത് കോംപറ്റീഷന്‍ വിഭാഗത്തിലെത്തി. ആളുകള്‍ കണ്ട് നല്ല അഭിപ്രായങ്ങള്‍ പറയുന്നു.
ആദ്യത്തെ സിനിമയുടെ കഥ സ്വയം എഴുതാം എന്ന് തീരുമാനിച്ചത് എന്തുകൊണ്ടായിരുന്നു?
എഴുത്ത് ആണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. കഥകളെഴുതാനും ആ സീന്‍ അഭിനയിച്ച് കാണാനും ഒത്തിരി ഇഷ്ടമാണ്. അത് കഴിഞ്ഞിട്ടാണല്ലോ എഡിറ്റിംഗ്. എഴുത്തും സംവിധാനവുമാണ് ഏറ്റവും ഇഷ്ടമുള്ള കാര്യം. അത് ഞാന്‍ തന്നെ എഡിറ്റ് ചെയ്യുമ്പോള്‍ ഒന്നുകൂടെ സൗകര്യമാണ്.
ട്രെയിന്‍ഡ് അല്ലാത്ത ആക്ടേഴ്സ് ഉണ്ടല്ലോ ചിത്രത്തില്‍. അവരെക്കൊണ്ട് അഭിനയിപ്പിക്കുമ്പോള്‍
സിനിമയില്‍ ഓതാന്‍ വരുന്ന ചേച്ചി ഒക്കെ ട്യൂഷന്‍ വീട് എന്ന സീരീസില്‍ അഭിനയിച്ചിട്ടുള്ളതാണ്. സീരീസ് ഷൂട്ട് ചെയ്യുന്ന വീടിന് അപ്പുറത്തുള്ള ചേച്ചി ആണ്. ട്യൂഷന്‍ വീട് എന്ന സീരീസ് ചെയ്യുമ്പോള്‍ അലക്കുന്ന സ്ഥലത്ത് നിന്നാണ് ചേച്ചി ഒന്ന് വന്ന് ഈ ഭാഗത്ത് ഒന്ന് അഭിനയിച്ചിട്ട് പോകുമോ എന്ന് ചോദിക്കുന്നത്. അതിന് ശേഷം ആ സീരിസില്‍ മുഴുവന്‍ ചേച്ചി അഭിനയിച്ചിട്ടുണ്ട്. ചേച്ചിയെ ഫെമിനിച്ചി ഫാത്തിമയിലും ഒരു റോള്‍ ചെയ്യാന്‍ വിളിപ്പിക്കുകയായിരുന്നു.
ട്യൂഷന്‍ വീടില്‍ അഭിനയിച്ചതുകൊണ്ട് തന്നെ ഇവരുമായി നല്ല സിങ്കാണ്. ഞാന്‍ എങ്ങനെയാണ് ഇതിനെ ട്രീറ്റ് ചെയ്യുന്നത്, എങ്ങനെയാണ് അഭിനയിപ്പിക്കുന്നത് എന്നൊക്കെ അവര്‍ക്ക് നന്നായി അറിയാം.
പിന്തിരിപ്പന്‍ ആയ അഷ്റഫ് എന്ന ഉസ്താദിനെ കാണിക്കുമ്പോള്‍ തന്നെ കാലത്തിനൊത്ത് മാറിയ ഒരു ഉസ്താദിനെയും കാണിക്കുന്നുണ്ട്. എങ്ങനെയാണ് ഇതിനെ ബാലന്‍സ് ചെയ്യാന്‍ ഒരാളെ കൂടി കാണിക്കാനുള്ള ചിന്ത വരുന്നത്
അപ്ഡേഷന്റെ പ്രശ്നമാണ് അവിടെ വരുന്നത്. ഫാത്തിമ സ്വയം അപ്ഡേറ്റ് ചെയ്തു. അതുപോലെ തന്നെയാണ് അപ്പുറത്തെ വീട്ടിലെ ചേച്ചിയുടെ മകള്‍. ഫാത്തിമയ്ക്കുണ്ടാകുന്ന മാറ്റം പോലെ തന്നെ അഷ്റഫിനും നാളെ ഒരു മാറ്റം വന്നേക്കാം.
ഫാസിലിന്റെ ഫെമിനിസ്റ്റ് കാഴ്ചപ്പാട് എന്താണ്?
ഈ സിനിമ തന്നെ. ഞാന്‍ ഈ സിനിമയിലൂടെ പറഞ്ഞ കാര്യം തന്നെയാണ് എനിക്ക് അറിയുന്ന ഫെമിനിസം.