NEWSROOM

അനധികൃത കുടിയേറ്റം: യുഎസ് നാടുകടത്തിയ 119 പേരുൾപ്പെട്ട രണ്ടാം സംഘം ഇന്ത്യയില്‍ എത്തി

കുടിയേറ്റക്കാരെ എത്തിക്കാൻ അമൃത്‌സർ വിമാനത്താവളം മാത്രം തിരഞ്ഞെടുക്കുന്നതിന് പിന്നിൽ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളാണെന്നാണ് ആരോപണം

Author : ന്യൂസ് ഡെസ്ക്

അനധികൃത കുടിയേറ്റത്തിന് യുഎസ് നാടുകടത്തിയ ഇന്ത്യക്കാരുടെ രണ്ടാം സംഘം അമൃത്സറിലെത്തി. 119 ഇന്ത്യക്കാരാണ് യുഎസ് സെെനിക വിമാനത്തിലെത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മൻ, കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു. യുഎസ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനം ശനിയാഴ്ച രാത്രി 11:40 ഓടെയാണ് അമൃത്സർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്.

അനധികൃത കുടിയേറ്റക്കാരെ അമൃത്സറിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പഞ്ചാബിൽ കനക്കുന്നതിനിടെയാണ് യുഎസ് സൈനിക വിമാനം കുടയേറ്റക്കാരുമായി ലാൻഡ് ചെയ്തത്. പഞ്ചാബിൽ നിന്നുള്ള 67 പേരും, ഹരിയാനയിൽ നിന്നുളള 33 പേരും, ഗുജറാത്തിൽ നിന്നുള്ള 8 പേരും, ഉത്തർപ്രദേശിൽ നിന്നുള്ള 3 പേരും, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേർ വീതവും, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരാൾ വീതവുമാണ് രണ്ടാം ബാച്ചിലെ ആദ്യ സംഘത്തിലുള്ളത്. 157 അനധികൃത കുടിയേറ്റക്കാരടങ്ങുന്ന മൂന്നാമത്തെ വിമാനം ഞായറാഴ്ച ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനിടെയാണ് കുടിയേറ്റക്കാരുമായുള്ള വിമാനം പുറപ്പെട്ടത്. അനധികൃതമായി കുടിയേറുന്നവർക്ക് നിയമപരമായി തുടരാനുള്ള അവകാശമില്ലെന്ന് മോദി വെെറ്റ് ഹൗസ് പത്രസമ്മേളനത്തിൽ പ്രസ്താവന നടത്തിരുന്നു. ഇന്ത്യക്കാരെന്ന് തെളിയിക്കുന്ന രേഖകളുള്ള അനധികൃത കുടിയേറ്റക്കാരെ തിരികെ സ്വീകരിക്കുമെന്നും മോദി യുഎസിൽ പറഞ്ഞു.

അതേസമയം, ഫെബ്രുവരി അഞ്ചിന് എത്തിയ 104 പേരടങ്ങുന്ന ആദ്യസംഘത്തെ ഇന്ത്യയിൽ എത്തിക്കും വരെ കെെവിലങ്ങണിയിച്ചും ചങ്ങലയിൽ ബന്ധിച്ചതുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. പാർലമെൻ്റിൽ പ്രതിപക്ഷം ഈ സമീപനം മനുഷ്യരഹിതമാണെന്നും വിമർശിച്ചിരുന്നു. ഇക്കാര്യം യുഎസ് സർക്കാരുമായി ചർച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി ജയ്ശങ്കർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇന്ത്യക്കാരെ ചങ്ങലയിൽ ബന്ധിച്ച് നാടുകടത്തുന്നതിലെ ഇന്ത്യയുടെ ആശങ്ക മോദി- ട്രംപ് കൂടിക്കാഴ്ചയിൽ പരാമർശിക്കപ്പെട്ടോ എന്നതു സംബന്ധിച്ച് ഇതുവരെ വിശദീകരണമൊന്നും പുറത്തുവന്നിരുന്നില്ല.

കുടിയേറ്റക്കാരെ എത്തിക്കാൻ അമൃത്‌സർ വിമാനത്താവളം മാത്രം തിരഞ്ഞെടുക്കുന്നതിന് പിന്നിൽ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളാണെന്നാണ് ആരോപണം. പഞ്ചാബിനെ മനപൂർവം അപകീർത്തിപ്പെടുത്താനുള്ള കേന്ദ്രസർക്കാർ ശ്രമമാണിതെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ ആരോപിച്ചത്. എന്നാൽ വിമാനമിറങ്ങിയ മുഴുവൻ ആളുകൾക്കുമുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കിട്ടുണ്ടെന്നും മൻ അറിയിച്ചു.

SCROLL FOR NEXT