NEWSROOM

"കൈകൾ ബന്ധിച്ചു, കാലുകളിൽ ചങ്ങലയും"; യുഎസിൽ നിന്നെത്തിയ അനധികൃത കുടിയേറ്റക്കാരുടെ വെളിപ്പെടുത്തൽ

നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെട്ട രണ്ട് യുവാക്കളെ കൊലപാതകക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു

Author : ന്യൂസ് ഡെസ്ക്

യുഎസിൽ അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ ഇത്തവണയേയും നാട്ടിലെത്തിച്ചത് വിലങ്ങു വച്ചിട്ടാണെന്ന് റിപ്പോർട്ട്. ഇന്നലെ അമൃത്സറിൽ വിമാനമിറങ്ങിയ ഇന്ത്യക്കാരാണ് അവരുടെ അവസ്ഥ വെളിപ്പെടുത്തിയത്. യാത്രയിലുടനീളം കൈകളിൽ വിലങ്ങ് വച്ചിരുന്നതായും, കാലുകൾ ചങ്ങലയ്ക്കിട്ടതായും നാടുകടത്തപ്പെട്ടവരിൽ ഒരാളായ ദൽജിത്ത് സിങ് വെളിപ്പെടുത്തി.

പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ ചാണ്ടിവാല ഗ്രാമത്തിലെ സൗരവും തനിക്കുണ്ടായ സമാനമായ അനുഭവം മാധ്യമപ്രവർത്തകരോട് പങ്കുവച്ചു.
തങ്ങളെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റുകയാണെന്നാണ് യുഎസിലെ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. എന്നാൽ വിമാനത്തിൽ കയറ്റിയതിൽ പിന്നെയാണ് ഇന്ത്യയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



അതേസമയം, നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെട്ട പട്യാല ജില്ലയിലെ രാജ്‌പുരയിൽ നിന്നുള്ള രണ്ട് യുവാക്കളെ അമൃത്സറിൽ എത്തിയപ്പോൾ കൊലപാതകക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്തു. 2023-ൽ രാജ്പുരയിൽ രജിസ്റ്റർ ചെയ്ത ഒരു കൊലപാതക കേസിൽ പ്രതികളായ സന്ദീപ് സിംഗ് എന്ന സണ്ണി, പ്രദീപ് സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട ആദ്യ സംഘത്തിൽ പെട്ടവരേയും വിലങ്ങ് വച്ചു കൊണ്ടുവന്ന സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് സമാന സംഭവം വീണ്ടും റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസമാണ് യുഎസിൽ നിന്നുള്ള അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ വഹിച്ചു കൊണ്ടുള്ള വിമാനം എത്തിയത്. പഞ്ചാബിൽ നിന്നുള്ള 67 പേരും, ഹരിയാനയിൽ നിന്നുളള 33 പേരും, ഗുജറാത്തിൽ നിന്നുള്ള 8 പേരും, ഉത്തർപ്രദേശിൽ നിന്നുള്ള 3 പേരും, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേർ വീതവും, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരാൾ വീതവുമാണ് രണ്ടാം ബാച്ചിലെ ആദ്യ സംഘത്തിലുണ്ടായിരുന്നത്.


SCROLL FOR NEXT