NEWSROOM

നിയമവിരുദ്ധ വിവാഹം: ഇമ്രാൻ ഖാൻ്റെ ശിക്ഷ റദ്ദാക്കി പാകിസ്ഥാൻ കോടതി

ഇമ്രാൻ ഖാൻ്റെയും ബുഷ്‌റ ബീബിയുടെയും വിവാഹം ഇദ്ദത് കാലഘട്ടത്തിലാണ് നടന്നതെന്ന് ആരോപിച്ച് ബീബിയുടെ മുൻ ഭർത്താവ് ഖവാർ ഫരീദ് മനേകയാണ് ഇവർക്കെതിരെ പരാതി നൽകിയത്

Author : ന്യൂസ് ഡെസ്ക്

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ നിയമവിരുദ്ധ വിവാഹവുമായി ബന്ധപ്പെട്ട ശിക്ഷകൾ പാകിസ്ഥാൻ കോടതി റദ്ദാക്കി. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി അഫ്‌സല്‍ മജോകയാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടി നേതാവ് പല കേസുകളുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞുവരികയാണ്.

ഇമ്രാൻ ഖാൻ്റെയും ബുഷ്‌റ ബീബിയുടെയും വിവാഹം ഇദ്ദത് കാലഘട്ടത്തിലാണ് നടന്നതെന്ന് ആരോപിച്ച് ബീബിയുടെ മുൻ ഭർത്താവ് ഖവാർ ഫരീദ് മനേകയാണ് ഇവർക്കെതിരെ പരാതി നൽകുന്നത്. ഫെബ്രുവരി 8ന് നടക്കേണ്ട പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപായി, ഫെബ്രുവരി 3ന് പരാതിയുടെ അടിസ്ഥാനത്തിൽ ഇസ്ലാമാബാദ് കോടതി ദമ്പതികൾക്ക് ശിക്ഷ വിധിച്ചു. ഇസ്‌ലാം നിയമമനുസരിച്ച് വിവാഹമോചനത്തിന് ശേഷം, അല്ലെങ്കിൽ ഭർത്താവിൻ്റെ മരണം നടന്ന് നാല് മാസം തികയുന്നതിന് മുൻപായി ഒരു സ്ത്രീക്ക് പുനർവിവാഹം ചെയ്യാൻ കഴിയില്ല.

കേസിനെതിരെ ഇമ്രാൻ ഖാൻ നൽകിയ ഹർജി പരിഗണിച്ച ഇസ്ലാമാബാദിലെ ജില്ലാ സെഷൻസ് കോടതി അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി അഫ്സൽ മജോക ദമ്പതികളുടെ ശിക്ഷയെ ചോദ്യം ചെയ്തു. മറ്റൊരു കേസിലും ഇവർ പ്രതികളല്ലെങ്കിൽ ഇമ്രാൻ ഖാനെയും ബുഷ്‌റ ബീബിയെയും ഉടൻ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ജഡ്ജി വ്യക്തമാക്കി.

അതേസമയം, ഇമ്രാൻ ഖാനെ ജയിലിൽ നിന്ന് മോചിപ്പിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. തോഷഖാന അഴിമതിക്കേസിലെ ശിക്ഷ സസ്പെൻഡ് ചെയ്യുകയും സൈഫർ കേസിൽ കുറ്റവിമുക്തനാക്കുകയും ചെയ്തതിനാൽ ഈ കേസിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഇമ്രാൻ ഖാൻ നിലവിൽ ജയിലിൽ തുടരുന്നത്.

വിധിയെ സ്വാഗതം ചെയ്യുന്നെന്നും സ്വതന്ത്ര ജുഡീഷ്യറിയുടെ വിജയമാണിതെന്നും പിടിഐ മേധാവി ഗോഹർ ഖാൻ പറഞ്ഞു. ഇമ്രാനെതിരായ കേസുകളെല്ലാം വ്യാജമായിരുന്നു. എല്ലാ കേസുകളിലും നേതാവിന് നീതി ലഭിക്കും. ഇമ്രാൻ ഖാനെ അവസാനമായി ശിക്ഷിച്ച കേസാണ് ഇതെന്നും അതിനാൽ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നും ഗോഹർ ഖാൻ ആവശ്യപ്പെട്ടു.

SCROLL FOR NEXT