NEWSROOM

"ഓണം സ്പെഷ്യൽ കുലുക്കി സർബത്ത്"; സർബത്തിന്റെ മറവിൽ ചാരായം വിൽപ്പന; കാക്കനാട് രണ്ടുപേർ എക്സൈസ് പിടിയിൽ

ഓണത്തിന് സ്പെഷ്യൽ ഡിസ്കൗണ്ട് വരെ നൽകിയായിരുന്നു സംഘത്തിൻ്റെ ചാരായ വിൽപന

Author : ന്യൂസ് ഡെസ്ക്



കൊച്ചി കാക്കനാട് കേന്ദ്രമാക്കി കുലുക്കി സർബത്തിന്റെ മറവിൽ ചാരായം വില്പന നടത്തിയ രണ്ടുപേർ എക്സൈസ് പിടിയിൽ. പൂക്കാട്ടുപ്പടി സ്വദേശി സന്തോഷ്, കാക്കനാട് സ്വദേശി കിരൺ കുമാർ എന്നിവരാണ് പിടിയിലായത്. 'ഓണം സ്പെഷ്യൽ കുലുക്കി സർബത്ത് ' എന്നപേരിലായിരുന്നു ഇവർ ചാരായം വിൽപന നടത്തിയത്. എക്സൈസ് സംഘം ഇവരിൽ നിന്നും 20 ലിറ്റർ ചാരായവും 950 ലിറ്റർ വാഷും പിടികൂടി.

കഴിഞ്ഞ കുറച്ച് നാളുകളായി ഇവർ ചാരായ വിൽപന നടത്തിവരികയായിരുന്നു. ഓണത്തിന് സ്പെഷ്യൽ ഡിസ്കൗണ്ട് വരെ നൽകിയായിരുന്നു സംഘത്തിൻ്റെ ചാരായ വിൽപന. രണ്ട് നില വീട് വാടകക്കെടുത്തായിരുന്നു ചാരായ നിർമാണം. പിടിയിലാവാതിരിക്കാൻ ഇവർ വീട്ടിൽ കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. ഇതിനായി രണ്ട് വിദേശ നായ്ക്കളാണ് വീട്ടിലുണ്ടായിരുന്നത്. ഒപ്പം ചാരായത്തിൻ്റെ മണം പുറത്തെത്താതിരിക്കാൻ വീടിന് ചുറ്റും സുഗന്ധമരുന്നുകൾ കൂട്ടിയിട്ട് കത്തിക്കുമായിരുന്നെന്നും നാട്ടുകാർ പറയുന്നു. 

കഴിഞ്ഞ ദിവസം പച്ചമരുന്ന് വിൽപനയുടെ മറവിൽ ചാരായം വിറ്റവരെ എക്സൈസ് പിടികൂടിയിരുന്നു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കാക്കനാട് പരിശോധന നടത്തിയത്.






SCROLL FOR NEXT