NEWSROOM

ലഹരി ഉപയോഗം മറച്ചുവെച്ച് അനധികൃതമായി തോക്ക് വാങ്ങി; ഹണ്ടര്‍ ബൈഡന്‍ കുറ്റക്കാരന്‍

ഹണ്ടറിന്റെ വിധി നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാർട്ടിക്ക് കിട്ടിയ രാഷ്ട്രീയ ആയുധമാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഹണ്ടർ നിറഞ്ഞു നിൽക്കും.

Author : ന്യൂസ് ഡെസ്ക്

ഗണ്‍ ട്രയലില്‍ യു.എസ് പ്രസിഡനന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ കുറ്റക്കാരനാണെന്ന് 12 അംഗ ജൂറി വിധിച്ചു. 2018ല്‍ ലഹരി ഉപയോഗിക്കുന്ന വിവരം മറച്ചുവെച്ച് അനധികൃതമായി തോക്ക് വാങ്ങിയെന്നായിരുന്നു ഹണ്ടറിനെതിരെയുള്ള കേസ്. കേസില്‍ ഹണ്ടറിന് ജയില്‍ ശിക്ഷ ലഭിച്ചാല്‍ അത് അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കും. ഇതിന് മുന്‍പ് ഒരു യു.എസ് പ്രസിഡന്‍റിന്‍റെ മകനും ക്രിമിനല്‍ കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടില്ല.

ജൂറിമാർക്ക് മുൻപിൽ ഹണ്ടറിന്റെ ലഹരി ഉപയോഗത്തിനുള്ള തെളിവായി അനേകം ഫോട്ടോഗ്രാഫുകളും മൊബൈൽ സന്ദേശങ്ങളും ഹാജരാക്കിയിരുന്നു. കൂടാതെ ഹണ്ടറിന്റെ മുൻ ഭാര്യ കാതലീൻ ബുഹ്‌ലെ, മുൻ കാമുകി സോ കെസ്റ്റാൻ എന്നിവരെ വിസ്തരിക്കുകയും ചെയ്തു. ഇതെല്ലം പരിശോധിച്ച ശേഷമാണ് ജൂറിയുടെ വിധി. ഡെലവെയറിലെ വിചാരണയില്‍ ജോ ബൈഡന്‍ പങ്കെടുത്തിരുന്നില്ല. വിചാരണയില്‍ ഉടനീളം പ്രഥമ വനിത ജില്‍ ബൈഡനും ഭാര്യയും മറ്റു ബന്ധുക്കളും ഹണ്ടറിന് പിന്തുണയുമായി കോടതിയിലുണ്ടായിരുന്നു.

വിധി വന്നയുടനെ ജോ ബൈഡൻ ഡെലവെയറിൽ മകനരികിലേക്ക് എത്തി. "ഞാൻ അമേരിക്കൻ പ്രസിഡന്റാണ്, ഒരു അച്ഛനും. ജില്ലും ഞാനും അവനെ സ്നേഹിക്കുന്നു. കേസിന്റെ വിധിയെ മാനിക്കുന്നു." ഇതായിരുന്നു ജോ ബൈഡന്റെ പ്രതികരണം.

ബൈഡന്റെ പ്രതികരണം ഡെമോക്രാറ്റിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തനിക്കെതിരെ വിധി വന്നപ്പോൾ ഡൊണാള്‍ഡ് ട്രംപ് അമേരിക്കൻ നീതിന്യായ സംവിധാനത്തെ ആകമാനം കരിവാരി തേക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതികരണം. രണ്ട് ആഴ്ചയ്ക്ക് മുൻപാണ്, വരുന്ന തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ രാഷ്ട്രീയ എതിരാളിയും മുൻ അമേരിക്കൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനെ ന്യൂയോർക്ക് കോടതി സാമ്പത്തിക രേഖകളിൽ തിരിമറി നടത്തിയ കേസിൽ കുറ്റക്കാരനായി കണ്ടെത്തിയത്. 

അതേസമയം, ഹണ്ടറിന്റെ വിധി നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാർട്ടിക്ക് കിട്ടിയ രാഷ്ട്രീയ ആയുധമാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഹണ്ടർ നിറഞ്ഞു നിൽക്കും. ഈ കേസ് കൂടാതെ, സെപ്റ്റംബറിൽ 1.1 മില്യൺ ഡോളർ നികുതി വെട്ടിച്ചതിന്റെ പേരിലും ഹണ്ടറിനെതിരെ കാലിഫോർണിയയിൽ മറ്റൊരു കേസിന്റെ വിചാരണയും ആരംഭിക്കും. കേസിൽ ശിക്ഷിക്കപ്പെട്ടാല്‍ പരമാവധി 17 വർഷം ജയിൽ ശിക്ഷയാവും ഹണ്ടറിന് അനുഭവിക്കേണ്ടി വരിക.

SCROLL FOR NEXT