NEWSROOM

കുടിയേറ്റം - അമേരിക്കൻ തെരഞ്ഞെടുപ്പിലെ 'ദി ​ഗ്രേറ്റ് ക്വസ്റ്റ്യൻ'

സ്ഥാനാ‍ർഥികളിൽ ആര് ജയിച്ചാലും 'അമേരിക്കൻ സ്വപ്നം' ഇനിയങ്ങോട്ട് എളുപ്പമാവില്ല

Author : ശ്രീജിത്ത് എസ്

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലാപ്പിലേക്ക് കടക്കുകയാണ്. നവംബ‍‍ർ 5ന് ജനങ്ങൾ അവ‍ർ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് വിധിയെഴുതും. പിന്നീട് ഇലക്ട്രൽ കോളേജിന്‍റെ പിന്തുണ കൂടി അറിയുന്നതോടെ യുഎസ് അവരുടെ പ്രസിഡന്‍റിനെ പ്രഖ്യാപിക്കും. എല്ലാം പതിവ് പോലെ തന്നെ. ഇത്തവണ അതിലുള്ള ഏക വ്യത്യാസം സ്ഥാനാർഥികളിൽ ഒരാൾ ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ, ആഫ്രിക്കൻ-അമേരിക്കൻ വനിതയാണെന്നതാണ്.

യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ രണ്ടാം വട്ട മത്സരത്തിൽ നിന്നും പിന്മാറിയതിനു പിന്നാലെയാണ് ഡെമോക്രാറ്റിക് പാർട്ടി, യുഎസ് വൈസ് പ്രസിഡന്‍റായ കമല ഹാരിസിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. 'ഡാമേജ് കൺട്രോൾ' എന്ന വിധത്തിലാണ് ഡെമോക്രാറ്റുകൾ കമലയെ അവതരിപ്പിച്ചതെങ്കിലും പ്രചരണം ആരംഭിച്ചതോടെ സ്ഥിതിഗതികൾ മാറി. ശക്തമായ പോരാട്ടമാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപിനെതിരെ കമല കാഴ്ചവെയ്ക്കുന്നത്.

രണ്ടു പേരും നിലപാടുകൾ കൊണ്ട് 'അമേരിക്കൻ സ്വപ്നത്തിന്‍റെ' വൈരുധ്യങ്ങൾ ലോകത്തിനു മുന്നിൽ തുറന്നുകാട്ടിയവരാണ്. ഇവരിൽ ആർക്കാണ് യുഎസിൽ ജനപിന്തുണ എന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാൽ തെരഞ്ഞെടുപ്പ് റാലികളിൽ തങ്ങളോട് ചേർന്ന് നിൽക്കുന്ന വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ആശയങ്ങളെ ഒന്നുകൂടി ദൃഢമായി പറഞ്ഞുവയ്ക്കുകയാണ് സ്ഥാനാർഥികൾ. അതിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് - കുടിയേറ്റം. തത്വത്തിൽ ഒരേ സമീപനമാണ് കുടിയേറ്റ വിഷയത്തിൽ ട്രംപും കമലയും സ്വീകരിക്കുന്നത്.

“ഈ കുടിയേറ്റക്കാർ... അവരെവെച്ച് നോക്കുമ്പോൾ നമ്മുടെ കുറ്റവാളികൾ കുഞ്ഞുങ്ങളേപ്പോലെയാണ്. ഇവർ കഠിന ഹൃദയരായ കൊലയാളികളാണ്. അവർ നിങ്ങളുടെ അടുക്കളയിലേക്ക് കടക്കും, നിങ്ങളുടെ കഴുത്ത് മുറിക്കും." ട്രംപിന്‍റെ വാക്കുകളാണ്.

കുടിയേറ്റ വിഷയത്തിൽ ഇത്തരത്തിലുള്ള തീവ്ര നിലപാടാണ് എല്ലാക്കാലത്തും ട്രംപിനുള്ളത്. മെക്സിക്കൻ മതിലിന്‍റെ നിർമാണം പൂർത്തിയാക്കി മുദ്രവയ്ക്കും എന്ന് പറയുമ്പോൾ തന്നെ അത് വ്യക്തമാണ്. അനധികൃത തൊഴിലാളികളെ നാട് കടത്തും എന്ന് പ്രഖ്യാപിക്കുമ്പോൾ അതിന്‍റെ വ്യാപ്തി കൂടി ട്രംപ് വ്യക്തമാക്കുന്നുണ്ട് - യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തൽ.

യുഎസിലേക്കുള്ള 'ചെയ്ൻ ഇമിഗ്രേഷൻ' (Chain Immigration) അവസാനിപ്പിക്കണം എന്നും ട്രംപ് ആഹ്വാനം ചെയ്യുന്നുണ്ട്. യുഎസിലേക്ക് കുടിയേറ്റക്കാർ തങ്ങളുടെ കുടുംബങ്ങളേയും കൊണ്ടുവരുന്ന രീതിയെ പരിഹസിക്കുന്ന പദമാണ് 'ചെയ്ൻ ഇമിഗ്രേഷൻ'. 2020ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും ട്രംപിന് ഇതേ സമീപനമായിരുന്നു. അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹമാണ് അമേരിക്കയിൽ കുറ്റകൃത്യങ്ങൾക്കും മയക്കുമരുന്ന് കടത്തിനും കാരണമെന്നും ട്രംപ് പറയുന്നുണ്ട്. കുടിയേറ്റക്കാരിൽ പലരും 'ജയിലുകളിൽ നിന്നും മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുമുള്ളവരാണ്', എന്നാണ് ടൈം മാഗസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്.

മറുവശത്ത്, സെനറ്റിലെ കുടിയേറ്റ ആവകാശങ്ങളുടെ വക്താവ് എന്ന നിലയിലാണ് കമലയെ കണ്ടിരുന്നത്. 2020 തെരഞ്ഞെടുപ്പ് പ്രചരണ വേളയിലും അത് അങ്ങനെ തന്നെയായിരുന്നു. ഒരു തരത്തിൽ, യുഎസിലെ കുടിയേറ്റത്തിൻ്റെയും പൗരത്വത്തിൻ്റെയും ചരിത്രത്തിലെ ഒരു നിർണായക നിമിഷത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് കമല. ഒഴിവാക്കലിൻ്റെയും വിവേചനത്തിൻ്റെയും ആ ചരിത്ര യാഥാർഥ്യത്തിന്‍റെ ഭാഗമാണ് ജമൈക്കകാരനായ അച്ഛനും ഇന്ത്യക്കാരിയായ അമ്മയ്ക്കും ജനിച്ച കമല ഹാരിസ്. എന്നാൽ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർഥി എന്ന നിലയിൽ, ട്രംപിൻ്റേതിന് സമാനമായി കുടിയേറ്റ കാഴ്ചപ്പാടാണ് കമല ഇപ്പോൾ സ്വീകരിക്കുന്നത്. 2024ലെ പ്രചരണത്തിൻ്റെ അവസാന ആഴ്‌ചകളിൽ കമല അതിർത്തി സുരക്ഷയിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ അതി‍ർത്തി സുരക്ഷയെ ട്രംപിന്‍റെ മെക്സിക്കൻ മതിലിന്‍റെ പരിഷ്കരിച്ച രൂപമായി മാത്രമേ കാണാൻ സാധിക്കൂ. കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കും അവർ രാജ്യത്തിനു നൽകുന്ന സംഭാവനകൾക്കും വളരെ പ്രാധാന്യം കുറച്ചാണ് കമല ഇപ്പോൾ കാണുന്നത്.

2020 പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ഇറങ്ങിയ സിഐഎ എന്ന മലയാള സിനിമയിൽ 'ട്രംപിനെ അങ്ങ് തോൽപ്പിച്ചേക്കണേ' എന്ന് ഡിപ്പോ‍ട്ട് ചെയ്യപ്പെടും മുൻപ് മലയാളി നായകൻ പറയുന്നതിനെ കുടിയേറ്റ നയങ്ങൾ ഇന്ത്യക്കാരായ കുടിയേറ്റക്കാരെ എങ്ങനെ ബാധിക്കുന്നു എന്ന പശ്ചാത്തലത്തിൽ വായിക്കാവുന്നതാണ്.

യുഎസിൽ തീവ്രമായ കുടിയേറ്റ നയങ്ങൾ പ്രാവർത്തികമായാല്‍, അത് അടിത്തട്ട് തൊഴിലാളികളും വിദ്യാ‍ർഥികളുമായ ഇന്ത്യക്കാരെയും സാരമായി ബാധിക്കും. 5.2 ദശലക്ഷത്തിലധികമാണ് യുഎസിലെ ഇന്ത്യൻ-അമേരിക്കൻ സമൂഹം. അമേരിക്കയിലെ രണ്ടാമത്തെ വലിയ കുടിയേറ്റ വിഭാഗമാണിത്. യുഎസ് സമ്പദ്‌വ്യവസ്ഥയിൽ സുപ്രധാന പങ്ക് വഹിക്കുന്നവരാണിവ‍‍‍‍‍ർ. രാഷ്ട്രീയമായി പ്രാധാന്യമുള്ള ഈ ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ഏകദേശം 2.6 ദശലക്ഷം അംഗങ്ങൾ 2024-ലെ വോട്ടർമാരാണ്. ഇതിൽ 61 ശതമാനം പേർ കമലക്കും 32 ശതമാനം പേർ ട്രംപിനും വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നാണ് സർവേ ഫലങ്ങൾ. എന്നാൽ ഇത് എത്രമാത്രം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. അതിനു കാരണം സ്ഥാനാ‍‍ർഥികളുടെ കുടിയേറ്റ നയങ്ങളാണ്.

കുടിയേറ്റ നയങ്ങളിൽ ട്രംപ് നിർദേശിക്കുന്ന മാറ്റങ്ങൾ, പ്രത്യേകിച്ച് ജന്മാവകാശമായി പൗരത്വം ലഭിക്കുന്നത് നിർത്തലാക്കണമെന്ന വാദം ഇന്ത്യക്കാരായ കുടിയേറ്റക്കാരുടെ പൗരത്വത്തെ ബാധിക്കും. എന്നാൽ ഇത് ഭരണഘടനയുടെ 14-ാം ഭേദഗതിക്ക് വിരുധമാണ് എന്നാണ് കുടിയേറ്റത്തെ അനുകൂലിക്കുന്നവർ പറയുന്നത്. എന്നാൽ അനധികൃതം എന്ന ലേബൽ ഉണ്ടെങ്കിലോ?
അതേപോലെ കമലക്ക് നിലവിൽ പിന്തുണയുണ്ടെന്ന് പറയുമ്പോഴും 2023-24 കാലയളവിൽ 1,100 ഇന്ത്യൻ പൗരന്മാരെയാണ് ഡെമോക്രാറ്റിക് ഭരണകൂടം യുഎസിൽ നിന്നും നാടുകടത്തിയത്. ഇവർ രാജ്യത്ത് അനധികൃതമായി തങ്ങുകയാണെന്നാണ് ഭരണകൂടത്തിന്റെ വാദം. സമാനമായ രീതിയിൽ 2024 സാമ്പത്തിക വർഷത്തിൽ, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി 160,000-ത്തിലധികം വ്യക്തികളെയാണ് രാജ്യത്തു നിന്നും പുറത്താക്കിയത്. നിയമപരമായ കുടിയേറ്റ സംവിധാനം തക‍‍ർന്നു കിടക്കുന്നുവെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറയുമ്പോഴാണ് ഇത്തരം നാടുകടത്തലുകൾ.

ഇനി വിദ്യാ‍‍‍ർഥികളുടെ കാര്യമെടുക്കാം. 2023ൽ 140,000 സ്റ്റുഡൻറ് വിസകളാണ് യുഎസ് ഇന്ത്യക്ക് അനുവദിച്ചത്. ഇവരിൽ പലരും വിദ്യാഭ്യാസത്തിനു അപ്പുറം യുഎസിൽ തന്നെ ജോലി ചെയ്യാൻ താൽപ്പര്യപ്പെടുന്നവരാണ്. നാട്ടിൽ 30,000- 80,000 രൂപയ്ക്ക് ജോലി ചെയ്യുന്നവർക്ക് അമേരിക്കൻ കമ്പനികൾ ഒരു കോടി രൂപ വരെ ശമ്പളം നൽകുന്നു എന്നതാണ് വിദ്യാർഥികളെ ഇതിനു പ്രേരിപ്പിക്കുന്ന ഘടകം. നാട്ടിലേക്ക് തിരികെ പോകേണ്ടി വന്നാൽ പലരുടെയും സാമ്പത്തിക നില തന്നെ താളം തെറ്റും.

ചുരുക്കത്തിൽ, സ്ഥാനാ‍ർഥികളിൽ ആര് ജയിച്ചാലും 'അമേരിക്കൻ സ്വപ്നം' ഇനിയങ്ങോട്ട് എളുപ്പമാവില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. രണ്ടാം തരം പൗരരായി പരി​ഗണിക്കുന്ന ഭരണാധികാരിക്ക് കീഴിൽ എങ്ങനെ ജീവിക്കും എന്നതാണ് ഇന്ത്യക്കാ‍‍‍ർ അടക്കമുള്ള കുടിയേറ്റ സമൂഹത്തിനു മുന്നിലുള്ള 'ദി ​ഗ്രേറ്റ് അമേരിക്കൻ ക്വസ്റ്റ്യൻ'.

SCROLL FOR NEXT