NEWSROOM

IMPACT | പുന്നയൂർക്കുളത്ത് എസ്‌സി കുടുംബത്തെ ജപ്തി ചെയ്തു കുടിയിറക്കിയ സംഭവം: കിടപ്പാടം വീണ്ടെടുത്തു നൽകി നാട്ടുകാർ

ന്യൂസ് മലയാളം വാർത്തക്ക് പിന്നാലെ കുടുംബത്തിൻ്റെ ബാധ്യത പൊതുപ്രവർത്തകരും നാട്ടുകാരും ചേർന്ന് തീർത്തതാണ് കുടുംബത്തിന് ആശ്വാസമായത്

Author : ന്യൂസ് ഡെസ്ക്

തൃശൂർ പുന്നയൂർക്കുളത്ത് മുന്നറിയിപ്പുകൾ നൽകാതെ പട്ടികജാതി കുടുംബത്തെ ജപ്തി ചെയ്തു കുടിയിറക്കിയ കുടുംബത്തിന് ആശ്വാസം. ന്യൂസ് മലയാളം വാർത്തക്ക് പിന്നാലെ കുടുംബത്തിൻ്റെ ബാധ്യത പൊതുപ്രവർത്തകരും നാട്ടുകാരും ചേർന്ന് തീർത്തതാണ് കുടുംബത്തിന് ആശ്വാസമായത്. നാല് ലക്ഷം രൂപ സമാഹരിച്ചാണ് കുടുംബത്തിൻ്റെ കിടപ്പാടം വീണ്ടെടുത്തത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം ബാങ്ക് ആധാരം തിരിച്ചു നൽകും. ഡിസംബർ 13നാണ് കേരള ബാങ്ക് വടക്കേക്കാട് ബ്രാഞ്ച് മുന്നറിയിപ്പില്ലാതെ ചെറായി സ്വദേശി അമ്മിണിയെ ജപ്തി ചെയ്തു കുടിയിറക്കിയത്. വീട് വിട്ട് ഇറങ്ങേണ്ടി വന്ന അമ്മിണിയും കുടുംബവും ദിവസങ്ങളോളം പുരയിടത്തിലെ വിറകുപുരയിൽ ആണ് കഴിഞ്ഞത്.

വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് മെമ്പർ ഗോകുലും നാട്ടുകാരും ചേർന്ന് സ്ഥലം സന്ദർശിക്കുകയും, വീട് തുറന്ന് മരുന്നും ഭക്ഷണവും എടുത്ത് നൽകുകയും ചെയ്തിരുന്നു. തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇവരെ സ്വന്തം വീട്ടിൽ വീണ്ടും പുനരാധിവസിപ്പിച്ചെങ്കിലും ബാങ്ക് അധികൃതർ വീണ്ടും എത്തി ഇറക്കിവിടുകയായിരുന്നു.

SCROLL FOR NEXT