NEWSROOM

IMPACT | റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളികളുടെ ആദ്യ സംഘം ഇന്ന് ജന്മനാട്ടിലെത്തും

ഓഗസ്റ്റ് 30ന് ന്യൂസ് മലയാളത്തിലൂടെയാണ് റഷ്യയിൽ കുടുങ്ങിയ മലയാളി യുവാക്കാൾ നാട്ടിലേക്ക് തിരികെ മടങ്ങുന്നതിന് സഹായം അഭ്യർത്ഥിച്ചത്

Author : ന്യൂസ് ഡെസ്ക്

റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളികളുടെ ആദ്യ സംഘം ഇന്ന് ജന്മനാട്ടിൽ തിരിച്ചെത്തും. റിനിൽ തോമസ് , സിബി ബാബു, സന്തോഷ് ഷൺമുഖൻ എന്നീ മലയാളി യുവാക്കളടക്കം 11 ഇന്ത്യക്കാരാണ് ആശങ്കൾക്ക് ഒടുവിൽ രാജ്യത്തേക്ക് മടങ്ങിയെത്തുന്നത്. റഷ്യയിലെ വിവിധ യുദ്ധമുഖങ്ങളിൽ നിന്നും മോസ്കോയിലെത്തിയ സംഘം ഇന്നലെ രാത്രിയോടെയാണ് ഡൽഹിയിലേക്കുള്ള വിമാനയാത്ര ആരംഭിച്ചത്.

എട്ട് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് സ്വന്തം വീടുകളിലേക്ക് തിരികെയെത്തുന്നത്. റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നിന്നും ഇന്നലെ വിമാന യാത്ര ആരംഭിച്ച സംഘം ഇന്ന് ഡൽഹിയിലെത്തിയ ശേഷമാവും സ്വന്തം വീടുകളിലെത്തിച്ചേരുക.

റഷ്യയിൽ കൂടുതൽ മലയാളികൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന വാർത്ത പുറത്തുവന്നത് ന്യൂസ് മലയാളം വാർത്തയിലൂടെയാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സർക്കാരും വാർത്തയിൽ വേഗത്തിൽ ഇടപെട്ടതോടെയാണ് 15 ദിവസത്തിനുള്ളിൽ ഇവരുടെ മോചനം സാധ്യമായത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മരിച്ച തൃശൂർ തൃക്കൂർ സ്വദേശി സന്ദീപ് ചന്ദ്രനൊപ്പമാണ് റിനിൽ തോമസ് , സന്തോഷ് ഷൺമുഖൻ, സിബി ബാബു, ജെയ്ൻ കുര്യൻ , ബിനിൽ ബാബു എന്നീ അഞ്ച് മലയാളി യുവാക്കൾ റഷ്യയിൽ എത്തിയത്. ഇവരിൽ തൃശൂർ സ്വദേശികളായ ബിനിൽ ബാബുവും, ജെയ്ൻ കുര്യനും ഇപ്പോഴും യുദ്ധമുഖത്ത് തന്നെയാണ് കഴിയുന്നതെങ്കിലും ഇരുവരെയും മോചിപ്പിക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്നാണ് ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും നൽകുന്ന വിവരം.

റഷ്യയിലെ ബഹ്‌മുത്തിനോട് അടുത്ത് യുക്രെയിനിലെ അധിനിവേശ മേഖലയിലാണ് ബിനിൽ ബാബുവും ജെയ്ൻ കുര്യനും ഉള്ളത്. ഓരോ ദിവസവും പട്ടാളം മുന്നോട്ട് പോകുന്നതിനാൽ തങ്ങൾ ഇപ്പോഴുള്ളത് എവിടെയാണെന്ന് കൃത്യമായി ഇരുവർക്കും അറിയില്ലെന്നും ഇവർ വ്യക്തമാക്കുന്നു. ഇതിനിടെ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട ബിനിൽ അവശനിലയിലാണ്. നേരിടുന്ന ബുദ്ധിമുട്ടുകൾ അടക്കം എംബസി അധികൃതരെ അറിയിക്കുന്നുണ്ടെങ്കിലും തങ്ങളുടെ കാര്യത്തിൽ മാത്രം അനുകൂല നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ഇരുവരും ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്.

ALSO READ: റഷ്യൻ കൂലിപ്പടയില്‍ കൂടുതല്‍ മലയാളികള്‍ കുടുങ്ങിയെന്ന വാര്‍ത്ത ആദ്യം പുറത്തെത്തിച്ചത് ന്യൂസ് മലയാളം; നാള്‍വഴികള്‍

ചെറിയ ജോലികളാണെങ്കിലും മികച്ച ശമ്പളം ലഭിക്കുമെന്നുള്ള വാഗ്ദാനം വിശ്വസിച്ചാണ് മലയാളികൾ റഷ്യയിലെത്തിയത്. ഏജന്‍റ് മുഖേന ടൂറിസ്റ്റ് വിസയിൽ എത്തിയതിന് ശേഷമാണ് ഇവർക്ക് റഷ്യൻ പൗരത്വം എടുക്കണമെന്നും സൈന്യത്തിൽ ചേരണമെന്നും മനസിലായത്. ഇക്കാര്യങ്ങൾ നാട്ടിലറിയാതിരിക്കാൻ പലരും രഹസ്യമായി സൂക്ഷിച്ചെങ്കിലും സന്ദീപിന്‍റെ മരണ വാർത്തയോടെ പ്രശ്നങ്ങൾ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.


SCROLL FOR NEXT