അഫ്‌ഗാനിസ്ഥാനിലെ താലിബാൻ സർക്കാരുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനൊരുങ്ങി ചൈനീസ് ഭരണകൂടം. അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ചൈന പൂർണമായും ഒഴിവാക്കി. നിർമാണം, ഊർജം, ഉപഭോക്തൃ മേഖലകൾ എന്നിവയിലാണ് തീരുവ ഒഴിവാക്കിയിരിക്കുന്നത്. പകരം ചൈനയ്ക്ക് അഫ്‌ഗാനിസ്ഥാനിൽ ഖനന അനുമതി നൽകാനാണ് താലിബാൻ നീക്കം.
താലിബാൻ ഭരണകൂടവുമായി അടുത്ത സഹകരണം ഉണ്ടാക്കുന്ന ഒരേയൊരു വൻകിട രാഷ്ട്രമായി മാറുകയാണ് ചൈന. സർക്കരിന്‍റെ പുതിയ നയതന്ത്ര തീരുമാനത്തോടെ അഫ്‌ഗാനിസ്ഥാൻ ഉൽപ്പന്നങ്ങൾ ഇറക്കുമതി തീരുവ ഇല്ലാതെ ചൈനയിൽ എവിടെയും വിറ്റഴിക്കാന്‍ സാധിക്കും. ചൈനയിൽ നിർമിക്കുന്ന ഉൽപന്നങ്ങൾക്കുള്ള നികുതി മാത്രമേ അഫ്‌ഗാൻ ഉൽപ്പന്നങ്ങൾക്കും ഉണ്ടാകൂ.
അതേസമയം, വലിയ ധാതു വിഭവ ശേഖരമുള്ള രാജ്യം കൂടിയാണ് അഫ്‌ഗാനിസ്ഥാൻ. ഈ ധാതുശേഖരത്തെ മുന്നിൽക്കണ്ടാണ് ചൈനയുടെ ഇപ്പോഴത്തെ നീക്കമെന്നും ആക്ഷേപമുണ്ട്. അഫ്‌ഗാനിലെ തകർന്ന സമ്പദ് വ്യവസ്ഥയെ ലിഥിയം, കോപ്പർ, അയെൺ ശേഖരത്തിൻ്റെ കയറ്റുമതിയിലൂടെ മെച്ചപ്പെടുത്താനാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം 64 ദശലക്ഷം ഡോളർ മൂല്യം വരുന്ന ചരക്കാണ് ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. ഈ വർഷം ഇതിനകം ചൈനയിലേക്കുള്ള കയറ്റുമതി 11.5 ശതമാനം വർധിച്ചു. ഈ വർഷം ഡിസംബർ മുതലാകും നികുതി ഇളവുകൾ പ്രാബല്യത്തിൽ വരികെയെന്നാണ് റിപ്പോർട്ട്.
Also Read: വടക്കന്‍ ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; 10 പേർ കൊല്ലപ്പെട്ടു, കമാൽ അദ്‌വാൻ ആശുപത്രിയില്‍ നിന്ന് പിന്‍വാങ്ങി സൈന്യം
2021ല്‍ അഫ്‍ഗാനിസ്ഥാന്‍റെ അധികാരം താലിബാന്‍ പിടിച്ചെടുത്തതിനു ശേഷം സമ്പദ് വ്യവസ്ഥ തകർന്നുകഴിഞ്ഞെന്നാണ് യുഎന്നിന്‍റെ വിലയിരുത്തല്‍. അതേ സമയം താലിബാൻ വിദേശ നിക്ഷേപകരെ സജീവമായി പരിഗണിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അഫ്‌ഗാൻ സമ്പദ് വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനും ധാതുസമ്പത്തിൻ്റെ ഖനനത്തിനുമാണ് വിദേശ നിക്ഷേപകരെ അഫ്‌ഗാൻ ക്ഷണിക്കുന്നത്.
അഫ്‌ഗാനിലെ ഖനനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചൈന നിരന്തരം കൂടിക്കാഴ്ചകൾ നടത്തിയതിൻ്റെ വിവരങ്ങൾ പുറത്തുവന്നിരുന്നു. പെട്രോളിയം, വ്യാപാരം, വാർത്താവിനിമയ ബന്ധം എന്നിവയിലെ സഹകരണം ഉറപ്പാക്കാൻ കഴിഞ്ഞ സെപ്റ്റംബർ മുതൽ ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. തജിക്കിസ്ഥാനിലൂടെയുള്ള അഫ്‌ഗാൻ- ചൈനീസ് സാമ്പത്തികപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട ചർച്ചകളും പുരോഗമിക്കുകയാണ്. പരസ്പര സഹകരണം ഉറപ്പുവരുത്തുന്നുണ്ടെങ്കിലും അഫ്ഗാനെ ഔദ്യോഗികമായി അംഗീകരിക്കാൻ ചൈന ഇതുവരെ തയ്യാറായിട്ടില്ല.