NEWSROOM

പൊതു പരീക്ഷകളിലെ ക്രമക്കേടുകൾ തടയാനുള്ള നിയമത്തിലെ പ്രധാന വ്യവസ്ഥകൾ

ഫെബ്രുവരിയിൽ പാസാക്കിയ പബ്ലിക്ക് എക്സാമിനേഷൻ ആക്ട് 2024 ൻ്റെ വ്യവസ്ഥകളാണ് വിജ്ഞാപനം ചെയ്തത്

Author : ന്യൂസ് ഡെസ്ക്

പൊതു പരീക്ഷാ രംഗത്തെ ക്രമക്കേടും തുടർന്നുണ്ടായ വിവാദങ്ങളും ഏറെ പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾ‌ക്കും വഴി വെച്ചിരുന്നു. വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയും മാനസികമായ തയ്യാറെടുപ്പിലൂടെയും ഭാവി മെച്ചപ്പെടുത്താനായി കഷ്ടപ്പെടുന്നവരുടെ സ്വപ്നങ്ങളെ തച്ചുടയ്ക്കുന്നതായിരുന്നു ഈ വിവാദങ്ങൾ. നീറ്റ് പരീക്ഷ വിവാദത്തിന് ശേഷം നെറ്റ് പരീക്ഷ കൂടി റദ്ദാക്കിയത് കനത്ത ആഘാതമാണ് വിദ്യാ‍‍‍‍ർഥികൾക്കിടയിലും ഉദ്യോ​ഗാർഥികൾക്കിടയിലും സൃഷ്ടിച്ചത്. 

ഈ സാഹചര്യത്തിലാണ് കേന്ദ്രം പേപ്പർ ചോർച്ചയും കോപ്പിയടിയും തടയാൻ ക‍‍ർശന നിയമ വ്യവസ്ഥകൾ കൊണ്ടു വന്നിരിക്കുന്നത്.

നിയമത്തിലെ പ്രധാന നിയമ വ്യവസ്ഥകൾ: 

1. പരീക്ഷാ വേളയിൽ ക്രമക്കേട് കാണിച്ച് പിടിക്കപ്പെടുന്നവർക്ക് കുറഞ്ഞത് മൂന്നു വർഷമെങ്കിലും തടവ് ശിക്ഷ ലഭിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇത് 5 വർഷം വരെ നീട്ടാമെന്നും 10 ലക്ഷം രൂപ വരെ പിഴ ചുമത്താമെന്നും വ്യവസ്ഥയിൽ പറയുന്നുണ്ട്. പിഴ അടയ്ക്കാത്ത പക്ഷം ശിക്ഷാ കാലാവധി വീണ്ടും നീട്ടുവാൻ സാധിക്കും. 

2. സേവന ദാതാവിനും, പരീക്ഷ നടത്തിപ്പ് ചുമതലയുള്ള ഏജൻസിയ്ക്കും മൂന്ന് മുതൽ പത്തു വർഷം വരെ തടവ് ശിക്ഷയും ഒരു കോടി രൂപ പിഴയും ചുമത്തിയേക്കും. നാല് വർഷത്തേക്ക് പൊതു പരീക്ഷ നടത്തുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യും. 

3. മാനേജ്മെന്റിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാൽ അവർക്ക് മൂന്ന് വർഷമോ അല്ലെങ്കിൽ 10 വർഷം വരെ നീളാവുന്ന തടവു ശിക്ഷയോ ലഭിച്ചേക്കാം. ഇതിന് പുറമേ 1 കോടി രൂപ പിഴയും അടയ്‌ക്കേണ്ടതായി വരും.

4.കുറ്റം ചെയ്തത് താൻ അറിയാതെ ആണെന്നും അത് തടയാൻ പരമാവധി ശ്രമം നടത്തിയതെന്നും തെളിയിക്കാൻ കഴിഞ്ഞാൽ അവർക്ക് നിയമ വ്യവസ്ഥ ബാധകമല്ല. 

5. സംഘം ചേർന്നാണ് കുറ്റം നിർവഹിക്കുന്നതെങ്കിൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിയ്ക്കാം. അത് 10 വരെ നീട്ടാനും വകുപ്പ് ഉണ്ട്. കൂടാതെ കുറഞ്ഞത് ഒരു കോടി രൂപ പിഴയും ചുമത്താം.

ഇന്ത്യയിലുടനീളമുള്ള മെഡിക്കൽ കോളേജ് പ്രവേശനത്തിനായി ലക്ഷകണക്കിന് വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. അതിന് പിന്നാലെ ക്രമക്കേടുകൾ ആരോപിച്ചു കൊണ്ട് വിദ്യാർഥികൾ രംഗത്തെത്തി. പരീക്ഷ പേപ്പർ ചോർന്നതുൾപ്പെടെയുള്ള ആരോപണങ്ങളിൽ കഴമ്പ് ഉണ്ടെന്ന തരത്തിലുള്ള തെളിവുകളും ഇതിനെ തുടർന്ന് പുറത്ത് വന്നിരുന്നു. പരീക്ഷയുടെ തലേ ദിവസം ചോദ്യപേപ്പർ ചോർന്നു കിട്ടിയെന്നും അത് മന:പാഠമാക്കിയാണ് പരീക്ഷയ്ക്കെത്തിയതെന്നുമുള്ള വിദ്യാർഥിയുടെ വെളിപ്പെടുത്തലും ഈ അടുത്ത ദിവസങ്ങളിൽ ഉണ്ടായി. പൊതു പരീക്ഷകളിൽ തുടരുന്ന ഇത്തരത്തിലുള്ള ക്രമക്കേടുകളും സർക്കാർ സ്വീകരിക്കുന്ന നിലപാടുകളും വിദ്യാർഥികളുടെ ഭാവിയെ ആശങ്കപ്പെടുത്തുന്ന വിധത്തിലുള്ളതാണ്.

SCROLL FOR NEXT