NEWSROOM

ഉമ തോമസിൻ്റെ ആരോഗ്യനിലയിൽ പുരോഗതി; നീർക്കെട്ടെന്ന് എക്സ്-റേ ഫലം, വെൻ്റിലേറ്ററിൽ തുടരും

വെൻ്റിലേറ്റർ മാറ്റുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇൻ്റർനാഷണല്‍ സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് വീണ തൃക്കാക്കര എംഎല്‍എ ഉമാ തോമസിൻ്റെ ആരോഗ്യനിലയിൽ പുരോഗതി. ഇന്നലത്തേതിലും മാറ്റമുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. എക്സ്- റേയിൽ നീർക്കെട്ട് കണ്ടു. രണ്ട് ദിവസം കൂടി വെൻ്റിലേറ്ററിൽ തുടരും. വെൻ്റിലേറ്റർ മാറ്റുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ദിവസം ഉമ തോമസ് പുതുവത്സരാശംസകള്‍ നേര്‍ന്നതായും ശരീരമാകെ ചലിപ്പിക്കുകയും ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.

സ്റ്റേഡിയത്തിലെ പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ താഴെ വീഴുന്നതിൻ്റെ ദൃശ്യം ഇന്ന് പുറത്തുവന്നിരുന്നു. വിഐപി ഗാലറിയിൽ നടക്കവെ ബാലൻസ് തെറ്റിയതിനെ തുടർന്നാണ് ഉമ തോമസ് താഴെ വീണതിൻ്റെ വീഡിയോയാണ് പുറത്തുവന്നത്. കസേരകൾക്ക് മുന്നിലായി ഒരാൾക്ക് കഷ്ടിച്ച് നടക്കാൻ മാത്രമുള്ള സ്ഥലമാണ് ഗാലറിയിൽ ഉണ്ടായിരുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഡിസംബർ 29ന് കലൂർ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി 12000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി മെഗാ ഭരതനാട്യം അരങ്ങേറുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിക്കുകയായിരുന്നു.

അതേസമയം, കലൂർ സ്റ്റേഡിയത്തിൽ നടന്ന മൃദംഗവിഷൻ നൃത്തപരിപാടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. ആദായനികുതി വകുപ്പും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടന്ന അക്കൗണ്ടുകളിലാണ് പരിശോധന നടത്തുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. ആദായ നികുതി വകുപ്പും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ന്യത്ത പരിപാടിയുടെ വിവാദം കത്തിനിൽക്കെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേയ്ക്ക് പോയി. കേസിൽ പ്രതിയാകുമെന്ന സൂചന ലഭിച്ചതോടെയാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയത്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് മുഖ്യപ്രതികൾ ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകും.

SCROLL FOR NEXT