NEWSROOM

"കശ്‌മീരില്‍ മുഖ്യമന്ത്രിയായാലും പാർട്ടിയുടെ അജണ്ടകള്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന അവസ്ഥ"; തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മെഹബൂബ മുഫ്തി

നിലവിലത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയാകാന്‍ സാധിച്ചാലും പാർട്ടിയുടെ അജണ്ടകള്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന അവസ്ഥയിലാണ് തീരുമാനം. മെഹബൂബയ്ക്ക് പകരം മകള്‍ ഇല്‍ജിത മുഫ്തിയായിരിക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കുക.

Author : ന്യൂസ് ഡെസ്ക്

ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പീപ്പിള്‍ ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) സ്ഥാനാർഥി മെഹബൂബ മുഫ്തി. നിലവിലത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയാകാന്‍ സാധിച്ചാലും പാർട്ടിയുടെ അജണ്ടകള്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന അവസ്ഥയിലാണ് തീരുമാനം. മെഹബൂബയ്ക്ക് പകരം മകള്‍ ഇല്‍ജിത മുഫ്തിയായിരിക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കുക.

നിലവിലെ സാഹചര്യങ്ങള്‍ പാർട്ടി അജണ്ട നടപ്പാക്കാന്‍ പറ്റിയതല്ലെന്ന് ഉദാഹരണ സഹിതം മെഹബൂബ മുഫ്തി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 2016 ല്‍ ബിജെപി-പിഡിപി മുന്നണിയില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 12,000 പേരുടെ എഫ്ഐആറുകള്‍ തള്ളിക്കളഞ്ഞുവെന്നും ഇപ്പോള്‍ അതിനു സാധിക്കില്ലെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിഘടനവാദികളുമായി ചർച്ച നടത്താന്‍ മോദിക്ക് കത്തെഴുതി. വെടിനിർത്തല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സാധിച്ചു. എന്നാല്‍ ഇന്ന് ഇതൊന്നും നടക്കില്ലെന്നും മുന്‍ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമർ അബ്ദുള്ള മത്സരിക്കാന്‍ തീരുമാനിച്ചതിനെ പരിഹാസിക്കാനും മെഹബൂബ മറന്നില്ല. ഒരു പ്യൂണിനെ സ്ഥലം മാറ്റാന്‍ ഓമറിന് ലെഫ്റ്റനന്‍റ് ഗവർണറുടെ വാതില്‍ക്കല്‍ കാത്തു നില്‍ക്കണമെന്നായിരുന്നു മെഹബൂബയുടെ പരിഹാസം. തെരഞ്ഞെടുപ്പിനു മുന്‍പ് പിഡിപി ഏതെങ്കിലും സഖ്യങ്ങളുടെ ഭാഗം ആകാതിരുന്നതെന്തെന്ന ചോദ്യത്തിനെ ആത്മവിശ്വാസത്തോടെയാണ് മെഹബൂബ നേരിട്ടത്. എല്ലാക്കാലവും തങ്ങള്‍ ഒറ്റക്കായിരുന്നുവെന്നായിരുന്നു മെഹബൂബയുടെ മറുപടി.

പിഡിപി പ്രകടനപത്രിക ആർട്ടിക്കിള്‍ 370 ഉം 35 എയും തിരികെ കൊണ്ടുവരുമെന്ന് ഉറപ്പ് നല്‍കുന്നുണ്ട്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പാണിത്. അതുകൂടാതെ ഇന്ത്യ-പാകിസ്ഥാന്‍ നയതന്ത്ര ചർച്ച, കശ്മീരി പണ്ഡിറ്റുകളുടെ തിരിച്ചുവരവ് എന്നിവയും പ്രകടന പത്രിക ഉറപ്പ് നല്‍കുന്നുണ്ട്.

2014 നിയമസഭ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകളില്‍ വിജയിച്ച പിഡിപി ബിജെപിയുമായി സർക്കാരുണ്ടാക്കുകയായിരുന്നു. എന്നാല്‍ 2018 ല്‍ ഈ മുന്നണി തകർന്നു. തുടർന്ന് കശ്മീരില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വരികയായിരുന്നു. 2019ല്‍ സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു.

SCROLL FOR NEXT