മോഹന്‍ യാദവ് 
NEWSROOM

മധ്യപ്രദേശിൽ വൈസ് ചാൻസലര്‍മാർ ഇനി 'കുലഗുരു'; തീരുമാനം ഇന്ത്യൻ പാരമ്പര്യം പരിഗണിച്ചെന്ന് മുഖ്യമന്ത്രി

Author : ന്യൂസ് ഡെസ്ക്

മധ്യപ്രദേശിൽ വൈസ് ചാൻസലർമാർ ഇനിമുതൽ 'കുലഗുരു' എന്നറിയപ്പെടും. ബിജെപിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടേതാണ് തീരുമാനം. ഭാരത പാരമ്പര്യവും സംസ്കാരവും പരിഗണിച്ചാണ് തീരുമാനമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് വ്യക്തമാക്കി.

തിങ്കളാഴ്ച്ച വൈകീട്ട് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഭാരതീയ പാരമ്പര്യവും സംസ്കാരവും പരിഗണിച്ചാണ് പുതിയ തീരുമാനമെന്നും ഗുരുപൂർണിമ ആഘോഷിക്കുന്ന ഈ മാസത്തിൽ അതിന് പ്രസക്തി ഏറെയാണെന്നും ബിജെപി നേതാവും മുഖ്യമന്ത്രിയുമായ മോഹൻ യാദവ് പറഞ്ഞു.

നേരത്തെ വി.സിമാർക്ക് കുലപതി എന്ന വാക്ക് ചില സർവകലാശാലകൾ ഉപയോഗിച്ചിരുന്നു. എന്നാൽ ഈ തീരുമാനത്തിൽ ആൺ-പെൺ ലിംഗപദവി സംബന്ധിച്ച പ്രശ്നമുയർന്നു. ഈ പ്രശ്നവും കണക്കിലെടുത്താണ് കുലഗുരു എന്നത് ഔദ്യോഗിക പേരായി സ്വീകരിക്കാൻ മന്ത്രിസഭ തീരുമാനമെടുത്തത്.

ഗോവധ നിരോധനമുള്ളതിനാൽ പശുക്കടത്ത് നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും കോടതിയിൽ ഹാജരാക്കിയ ശേഷം ഉത്തരവ് ലഭിച്ചാല്‍ മാത്രം വിട്ടുകൊടുത്താൽ മതിയെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുട്ടികൾ കുഴൽകിണറുകളിൽ വീഴുന്ന സംഭവങ്ങൾ മധ്യപ്രദേശിൽ പതിവാകുന്നതിനാൽ കുഴൽകിണർ ദുരന്തങ്ങളുണ്ടായാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാനും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.

SCROLL FOR NEXT