NEWSROOM

മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്ത രോഗബാധിതരുടെ എണ്ണം വർധിക്കുന്നു

മഞ്ഞപ്പിത്തവും ഷിഗല്ലയും റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ പ്രദേശത്തെ സ്‌കൂളുകള്‍ക്ക് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി

Author : ന്യൂസ് ഡെസ്ക്

മഴ ശക്തമായതോടെ മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്ത രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. ജില്ലയിലെ വള്ളിക്കുന്ന്, അത്താണിക്കല്‍,മൂന്നിയൂര്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് ഇപ്പോൾ മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. ഒരു മാസത്തിനിടയിൽ അത്താണിക്കലില്‍ മാത്രം 284 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തില്‍ 459 പേര്‍ വിവിധ സമയങ്ങളിലായി ചികിത്സ തേടി. ജില്ലയിൽ ഈ വര്‍ഷം ഏഴ് പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. ഇതുവരെ ആറായിരത്തിനടുത്ത് പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് പുറത്ത് വിടുന്ന കണക്ക്. നിലവിൽ മഞ്ഞപ്പിത്ത രോഗവുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യ വകുപ്പിൻറെ വിശദീകരണം.

ചേലേമ്പ്രയില്‍ 15 വയസുകാരി ഇന്നലെ മഞ്ഞപ്പിത്ത രോഗം ബാധിച്ച് മരിച്ചിരുന്നു. എന്നാൽ, വിദ്യാർഥിയുടെ മരണം മഞ്ഞപ്പിത്ത ബാധയെ  തുടർന്നാണോ എന്ന വിഷയത്തിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. മഞ്ഞപ്പിത്തത്തോടൊപ്പം ജില്ലയിൽ ഷിഗല്ല രോഗബാധയും സ്ഥിരീകരിച്ചു. കൊണ്ടോട്ടി കുഴിപ്പുറത്ത് വെണ്ണായൂർ എഎംഎൽപി സ്‌കൂളിലെ നാല് വിദ്യാർഥികൾക്കാണ് കഴിഞ്ഞ ദിവസം ഷിഗല്ല സ്ഥിരീകരിച്ചത്. സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് അധ്യാപകരും വിദ്യാർഥികളുള്‍പ്പടെ 127 പേർ ചികിത്സ തേടിയിരുന്നു. ഇതിൽ നാല് വിദ്യാർഥികൾക്കാണ് നിലവിൽ രോഗബാധയുണ്ടായിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച വിദ്യാർഥികളുടെ ആരോഗ്യ നില തൃപ്തികരമാണ്. മഞ്ഞപ്പിത്തവും ഷിഗല്ലയും റിപ്പോർട്ട് ചെയ്ത  സാഹചര്യത്തില്‍ പ്രദേശത്തെ സ്‌കൂളുകള്‍ക്ക് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി.

SCROLL FOR NEXT