NEWSROOM

നെയ്യാറ്റിന്‍കരയില്‍ കുത്തിവെപ്പ് എടുത്ത യുവതി മരിച്ച സംഭവം; അന്വേഷിക്കാന്‍ വിദഗ്ധ സമിതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവതി ഇന്ന് രാവിലെയാണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത് കുത്തിവെപ്പ് എടുത്ത യുവതി മരിച്ചെന്ന പരാതി പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. നെയ്യാറ്റിന്‍കര മച്ചേല്‍ അമ്പറത്തലയ്ക്കല്‍ കുണ്ടൂര്‍ക്കോണം ശരത് ഭവനില്‍ ശരത്തിന്റെ ഭാര്യ കൃഷ്ണയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

കിഡ്‌നി സ്‌റ്റോണിനെ തുടര്‍ന്നുള്ള വയറുവേദനയുമായാണ് കൃഷ്ണയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ നല്‍കിയ കുത്തിവെപ്പിനു പിന്നാലെ കൃഷ്ണ അബോധാവസ്ഥയിലായെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആറ് ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന കൃഷ്ണ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ വിനുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. ആദ്യം തൈക്കാട് ആശുപത്രിയിലാണ് കൃഷ്ണയെ എത്തിച്ചത്. ഇവിടെ നടത്തിയ സ്‌കാനിങ്ങില്‍ വൃക്കയില്‍ കല്ല് കണ്ടെത്തി. തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇവിടെ വെച്ച് കുത്തിവെപ്പ് നല്‍കിയപ്പോള്‍ ശ്വാസംമുട്ടലും ശരീരത്തിന് നിറവ്യാത്യാസവുമുണ്ടായതായി ഭര്‍ത്താവും സഹോദരനും പറയുന്നു.

ഇതോടെയാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അലര്‍ജി ടെസ്റ്റ് നടത്താതെ കുത്തിവെപ്പ് എടുത്തെന്നാണ് ബന്ധുക്കളുടെ ആരോപണം. ആസ്ത്മ രോഗിയായ കൃഷ്ണ ഇന്‍ഹെയ്‌ലറും ഉപയോഗിച്ചിരുന്നു.




SCROLL FOR NEXT