എറണാകുളം പെരുമ്പാവൂരിലെ വാഴക്കുളത്ത് ദളിത് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടി നിര്‍ത്തിവെച്ചു. പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് പിന്‍വാങ്ങിയത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കല്‍ നടപടി. ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കുടുംബങ്ങള്‍ ആരോപിച്ചു.
ദളിത് കുടുംബങ്ങള്‍ താമസിച്ച് വന്നത് സ്വകാര്യ വ്യക്തിയുടെ ഭൂമിയാണെന്ന തര്‍ക്കം നേരത്തെ തന്നെ നിലനിന്നിരുന്നു. കോടതിയില്‍ വെച്ച് ഒത്തു തീര്‍പ്പിന് ശ്രമിച്ചെങ്കിലും നടന്നില്ല. കേസ് ഇത് ഹൈക്കോടതിയിലേക്കും പിന്നീട് സുപ്രീം കോടതിയിലേക്കും എത്തി. പിന്നാലെ കേസില്‍ സ്വകാര്യ വ്യക്തികള്‍ക്ക് അനുകൂലമായി വിധി വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ദളിത് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടിയുണ്ടായത്.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അഡ്വക്കറ്റ് കമ്മീഷണര്‍ സ്ഥലത്തെത്തിയത്. ഇവിടെ താമസിക്കുന്ന ഒന്‍പതില്‍ എട്ട് കുടുംബങ്ങളും ദളിത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. വനിതാ പൊലീസ് അടക്കമെത്തി കുടുംബങ്ങളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാനുള്ള നീക്കമായിരുന്നു നടന്നത്. എന്നാല്‍ കുടുംബങ്ങള്‍ പ്രതിരോധിച്ചതോടെ കുറച്ചു പേരെ ആദ്യഘട്ടത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
കുടുംബങ്ങള്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി അടക്കം മുഴക്കുന്ന സാഹചര്യവുമുണ്ടായി. ഇതിന് പിന്നാലെയാണ് ജില്ലാ കളക്ടര്‍ വിഷയത്തില്‍ ഇടപെടുന്ന സാഹചര്യമുണ്ടായത്. കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള യാതൊരു നടപടിയും കൈക്കൊള്ളാതെയാണ് ഇവരെ ഒഴിപ്പിക്കാനുള്ള ശ്രമം ഉണ്ടായത്.