ശുദ്ധജലം, ഭക്ഷണം, വീട് തുടങ്ങിയ അടിസ്ഥാന അവകാശങ്ങളെയെല്ലാം യുദ്ധം തട്ടിത്തെറിപ്പിക്കുമ്പോഴും പ്രത്യാശ പകരുന്ന ചിലരുണ്ട്. ഊർജ്ജവും വെള്ളവുമില്ലാത്ത ഗാസയിൽ സൗരോർജ്ജത്തിൽ നിന്ന് അതിജീവനത്തിന്റെ ഊർജം കണ്ടെത്തുകയാണ് ഒരു വനിതാ എൻജിനീയർ. ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്ന ആപ്തവാക്യത്തിലാണ് 51 കാരിയായ ഇനാസ് അൽ-ഗൗള്‍ അതിജീവിക്കുന്നത്.
തലയ്ക്കുമുകളിലെ ആകാശം മാത്രമാണ് അഭയമെങ്കില്‍ അവിടെ കത്തിനില്‍ക്കുന്ന സൂര്യനെ തന്നെ അതിജീവനത്തിന് ആയുധമാക്കുക എന്ന് ഇനാസ് തീരുമാനിച്ചു. ചുറ്റിലും നിന്ന് ശേഖരിച്ച കണ്ണാടി കഷ്ണങ്ങളും ടർപ്പാളയും തുകലും ഒരു മരത്തിന്‍റെ പെട്ടിയോട് ചേർത്ത് ഒരു സോളാർ കുക്കറും ജലശുദ്ധീകരണ ഉപകരണവും ഉണ്ടാക്കി.
ALSO READ: പോഷകാഹാരക്കുറവിൽ മരിക്കുന്ന കുഞ്ഞുങ്ങൾ; ഉള്ളുപൊള്ളിച്ച് പലസ്തീനി അമ്മയുടെ ദൃശ്യം
അടുപ്പില്‍ പാചകം ചെയ്യുന്നതിന്‍റെ അത്രയും സമയമേ ഇതിനുവേണ്ടൂ. വേവിക്കാനും വറുക്കാനും എന്നുവേണ്ട എല്ലാത്തരം പാചകത്തിനും കുക്കർ ഉപയോഗിക്കാം. സൗരോർജ്ജത്തിലാണ് പ്രവർത്തിക്കുന്നത് എന്നതിനാല്‍ ഉയരുമുള്ള ഏതെങ്കിലും പ്രദേശത്ത് സ്ഥാപിക്കണമെന്നേയുള്ളൂ.
ഉപ്പുവെള്ളം രണ്ടേ രണ്ട് ഘട്ടംകൊണ്ടു കുടിവെള്ളമാക്കുന്ന സോളാർ വാട്ടർ പ്യൂരിഫയറിന്‍റെ പ്രവർത്തനവും എളുപ്പമാണ്. സൂര്യരശ്മികളേറ്റ് തിളയ്ക്കുന്ന വെള്ളം ബാഷ്പീകരിച്ച്, സാന്ദ്രീകരിക്കുന്നതാണ് ആദ്യഘട്ടം. രണ്ടാംഘട്ടത്തില്‍ ബാക്കിയുള്ള അഴുക്കും കാല്‍ഷ്യവും ലവണാംശവും ആക്ടിവേറ്റഡ് കാർബണുപയോഗിച്ച് ശുദ്ധീകരിക്കുന്നു. 100 ശതമാനം ശുദ്ധമായ ജലം കുടിക്കാനും പാചകത്തിനും ഉപയോഗിക്കാം.
യുദ്ധത്തോടെ 300 അമേരിക്കന്‍ ഡോളറിലേക്ക് വില ഉയർന്ന ഗ്യാസ് സിലിണ്ടറുകള്‍ പാചകത്തിന് ഉപയോഗിക്കാനുള്ള ശേഷിയൊന്നും ഖാന്‍ യുനൂസിലെ പാവങ്ങള്‍ക്കില്ല. അതുകൊണ്ടുതന്നെ കൃഷി എഞ്ചനീയറായ ഇനാസിന്‍റെ ഈ കണ്ടുപിടുത്തങ്ങളാണ് കഴിഞ്ഞ 11 മാസക്കാലം അവളുടെ കുടുംബത്തെയും അയല്‍ക്കാരെയും കടുത്ത ക്ഷാമത്തില്‍ പിടിച്ചുനിർത്തിയത്.
എവിടേക്ക് വേണമെങ്കിലും കൊണ്ടുപോകാം എന്നതാണ് ഈ ഉപകരണങ്ങളുടെ സൗകര്യമെന്ന് ഇനാസ് പറയുന്നു. ഇപ്പോഴുള്ളിടത്ത് യുദ്ധമെത്തിയാല്‍ മറ്റൊരിടത്തേക്ക് ഇളക്കിക്കൊണ്ടുപോയി സ്ഥാപിക്കാം. നിരന്തരം പാലായനത്തിലുള്ള ഒരു ജനത അതിലപ്പുറം എന്ത് സൗകര്യം ആഗ്രഹിക്കും! മിസെെലാക്രമണങ്ങളില്‍ പൊട്ടിയതിന്‍റെ പാടുകളും ഉപകരണങ്ങളിലുണ്ട്, ഓരോ തവണ പൊട്ടുമ്പോഴും, ഇനാസ് വീണ്ടും പൊളിച്ചുപണിയും. ഗാസമുനമ്പിന്‍റെ അതിജീവനപോരാട്ടത്തെ ഇതിലും നന്നായി മറ്റൊരുദ്ദാഹരണം കൊണ്ടും വിവരിക്കാനാകില്ല. ഗാസമുനമ്പിലുടനീളമുള്ള അഭയാർഥി കേന്ദ്രങ്ങളിലേക്ക് തന്‍റെ കണ്ടുപിടുത്തങ്ങളെത്തിക്കാന്‍ പ്രയത്നിച്ചുവരികയാണ് ഇപ്പോള്‍ ഇനാസ്. ആ യജ്ഞത്തില്‍ ഒരു കൂട്ടം പലസ്തീനികളും ഇനാസിനൊപ്പമുണ്ട്.