NEWSROOM

വയനാട്ടില്‍ DCC ട്രഷറര്‍ ജീവനൊടുക്കിയ സംഭവം: ഉത്തരവാദി പാർട്ടി നേതൃത്വം, കോൺഗ്രസിനെ വെട്ടിലാക്കി ആത്മഹത്യാക്കുറിപ്പ് പുറത്ത്

കെപിസിസി പ്രസിഡണ്ട് കെ. സുധാകരനും രാഹുൽഗാന്ധി എംപിക്കും പ്രിയങ്ക ഗാന്ധി എംപിക്കുമായാണ് കത്തെഴുതിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

വയനാട് ഡിസിസി ട്രഷററർ എൻ.എം. വിജയൻ്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. നാല് കത്തുകൾ ആണ് ലഭിച്ചത്. വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി. അപ്പച്ചനും ഡിസിസി പ്രസിഡൻ്റും എംഎൽഎയുമായ ഐ.സി. ബാലകൃഷ്ണനും പണം വാങ്ങാൻ ഇടപ്പെട്ടു. കെപിസിസി നേതൃത്വത്തിന് എല്ലാം അറിയാം. കത്തുകളിൽ എൻ.ഡി. അപ്പച്ചന്റെയും ഐ.സി. ബാലകൃഷ്ണന്റെയും പേരുകളുണ്ട്. കെപിസിസി പ്രസിഡണ്ട് കെ. സുധാകരനും രാഹുൽഗാന്ധി എംപിക്കും പ്രിയങ്ക ഗാന്ധി എംപിക്കുമായാണ് കത്തെഴുതിയിരിക്കുന്നത്.

വയനാട്ടിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് എൻ.എം. വിജയൻ്റെ ആത്മഹത്യക്കുറിപ്പിലൂടെ പുറത്തുവരുന്നത്. ഡിസിസിയുടെ മാറി വന്ന മൂന്ന് പ്രസിഡണ്ടുമാർ പണം പങ്കുവയ്ക്കുന്നതിലെ തർക്കമാണ് പ്രശ്‌നത്തിൻ്റെ തുടക്കം. ഐ.സി. ബാലകൃഷ്ണൻ്റെ നിർദ്ദേശപ്രകാരം ഏഴ് ലക്ഷം രൂപ വാങ്ങി നൽകി. രണ്ട് ലക്ഷം രൂപ തിരികെ നൽകി, ബാക്കി അഞ്ച് ലക്ഷം രൂപ തൻ്റെ ബാധ്യതയായി. എൻ.ഡി. അപ്പച്ചൻ വാങ്ങിയ പത്ത് ലക്ഷത്തിന് താൻ പണയാധാരം നൽകേണ്ടി വന്നു. അത് കോടതിയിൽ കേസായി. ബാങ്ക് ഭരണം പിടിച്ചെടുക്കാൻ നിയമന വിഗ്ദാനം നൽകി 32 ലക്ഷം രൂപ പലരിൽ നിന്ന് വാങ്ങി. നിയമനങ്ങൾ റദ്ദാക്കിയതോടെ പണം തിരിച്ചു നൽകാൻ ലോണെടുത്തു. അത് ഇപ്പോൾ 65 ലക്ഷത്തിൻ്റെ ബാധ്യതയായി. അർബൻ ബാങ്കിലെ മകൻ്റെ താൽക്കാലിക ജോലി ഐ.സി. ബാലകൃഷ്ണൻ ഇടപെട്ട് കളഞ്ഞു. ഐ.സി. ബാലകൃഷ്ണന്റെ താല്പര്യ പ്രകാരം മകൻ ജിജേഷിനെ ബാങ്കിൽ നിന്ന് പുറത്താക്കി. ഐ.സി. ബാലകൃഷ്ണനും എൻ.ഡി. അപ്പച്ചനും നിയമനത്തിന് പണം വാങ്ങിയതായാണ് കത്തുകളിൽ പറയുന്നത്.

അരനൂറ്റാണ്ട് പാർട്ടിക്കുവേണ്ടി ജീവിതം തുലച്ചുവെന്നും എൻ.എം. വിജയൻ്റെ കത്തിൽ പറയുന്നുണ്ട്. കത്തിൽ അന്തരിച്ച ഡിസിസി പ്രസിഡണ്ട് പി.വി. ബാലചന്ദ്രൻ, മുൻ കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ എന്നിവർക്കെതിരെയും ഗുരുതര ആരോപണങ്ങളുണ്ട്. പണം വാങ്ങിയത് മുഴുവൻ പാർട്ടിക്കും നേതാക്കൾക്കും വേണ്ടിയാണ്, എന്നാൽ ബാധ്യതകൾ തൻ്റേത് മാത്രമായി എന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നുണ്ട്. 

വിഷം അകത്ത് ചെന്ന് ചികിത്സയിലായിരിക്കെയാണ് വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും, മകന്‍ ജിജേഷും മരിച്ചത്. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു വിജയന്‍. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. മകന് വിഷം കൊടുത്തശേഷം വിജയനും വിഷം കഴിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാ കുറിപ്പുകള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT