മലപ്പുറം ബി.പി അങ്ങാടി സ്‌കൂളിലെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ മന്ത്രിയെ കണ്ടു. സ്‌കൂളില്‍ ആവശ്യത്തിന് ഭൗതിക സൗകര്യങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. വേണ്ടത്ര ശുചിമുറികള്‍ ഇല്ലെന്നും ഓടുകള്‍ പഴകി പുഴക്കളും അട്ടകളും വീഴുന്നുവെന്നും കുട്ടികള്‍ പരാതിപ്പെടുന്നു. സ്‌കൂളിനു പുറത്തെ റോഡ് ഉപരോധിച്ചായിരുന്നു കുട്ടികളുടെ പ്രതിഷേധം.
എത്രയും വേഗം നടപടിയുണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കു മുന്നിലെത്തിയത്. വിഷയം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ ഇടപെട്ടിരുന്നുവെന്ന് മന്ത്രി അറിയിച്ചു. 3.9 കോടി രൂപ കിഫ്ബിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. അത് 3 ആഴ്ചയ്ക്കുള്ളില്‍ അനുവദിച്ചു കിട്ടും. പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. പുതിയ ക്ലാസ് മുറികള്‍ നിര്‍മിച്ചു നല്‍കുമെന്നും മന്ത്രി അറിയിച്ചു. സ്ഥലം ഏറ്റെടുക്കുന്നതുള്‍പ്പെടെ പരിഗണിക്കും. ലാബും ലൈബ്രറിയും ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമം ഉടന്‍ ആരംഭിക്കും.
സ്കൂൾ കോമ്പൗണ്ടിൻ്റെ സമീപത്തുള്ള മരത്തില്‍ നിന്നാണ് പുഴുക്കൾ വീഴുന്നത്. ഓടുകള്‍ പഴകി പൊട്ടിയിരിക്കുന്നതിനാല്‍ ഇത് ക്ലാസ്മുറികളിലേക്ക് വീഴുന്നു. പുഴു കുട്ടികളുടെ ഭക്ഷണത്തിലേക്കും ദേഹത്തേക്കും വീണിരുന്നു. നിരന്തരമായി പരാതി പറഞ്ഞിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് കുട്ടികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. നാല് മണിക്കൂറോളം നീണ്ട പ്രതിഷേധത്തെ തുടര്‍ന്ന് മരം മുറിച്ചു നീക്കുമെന്ന് ജനപ്രതിനിധി അഫ്‌സല്‍ അറിയിച്ചു.
വിദ്യാര്‍ഥികള്‍ സമരം നടത്തിയതിനു പിന്നാലെ മന്ത്രി ശിവന്‍കുട്ടി വിഷയത്തില്‍ ഇടപെട്ടിരുന്നു. ആര്‍.ഡി.ഡിയോട് മന്ത്രി റിപ്പോര്‍ട്ട് തേടി. കെട്ടിടത്തിനു മുകളിലേക്ക് ചാഞ്ഞിരിക്കുന്ന മരം മുറിക്കാന്‍ പ്രിന്‍സിപ്പലിന് നിര്‍ദേശവും നല്‍കിയിരുന്നു.