ആലത്തൂരിൽ അഭിഭാഷകനോട് എസ്ഐ മോശമായി പെരുമാറിയ സംഭവത്തിൽ ആരോപണ വിധേയനായ എസ്ഐ റിനീഷിനെ ശിക്ഷിച്ച് ഹൈക്കോടതി. എസ്ഐയെ രണ്ടുമാസത്തെ തടവിനാണ് ജസ്റ്റിസ് ദേവരാമചന്ദ്രൻ ശിക്ഷ വിധിച്ചത്. ഒരു വർഷത്തേക്ക് സമാന കുറ്റകൃത്യത്തിൽ ഏർപ്പെടരുതെന്ന് എസ്ഐയ്ക്ക് കോടതി നിർദ്ദേശം നൽകി. അതിനാൽ തല്ക്കാലം എസ്ഐ ജയിലിൽ പോകേണ്ടി വരില്ല. റിനീഷിൻ്റെ ശിക്ഷ ഒരു വർഷത്തേക്ക് കോടതി മരവിപ്പിക്കുകയും ചെയ്തു. റിനീഷ് കുറ്റം ഏറ്റെടുക്കയും മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ കോടതിയലക്ഷ്യത്തിൽ എല്ലായ്‍പ്പോഴും മാപ്പപേക്ഷ ഒരു പരിഹാരമല്ലെന്ന സുപ്രീംകോടതി ഉത്തരവ് ഉദ്ധരിച്ചാണ് കോടതി നടപടി.
വാഹനം വിട്ടുകിട്ടാനുള്ള കോടതിയുത്തരവുമായി അഭിഭാഷകനായ ആലത്തൂർ സ്റ്റേഷനിലെത്തിയ അക്വിബ് സുഹൈലിനാണ് ദുരനുഭവമുണ്ടായത്. എസ്.ഐ റിനീഷ് അഭിഭാഷകനോട് അപമര്യാദയായി പെരുമാറി. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് വിഷയം ഹൈക്കോടതിയുടെ പരിഗണനക്കെത്തുകയായിരുന്നു. പൗരന്മാരോട് പൊലീസ് അന്തസോടെയും മര്യാദയോടെയും പെരുമാറുന്നെന്ന് ഉറപ്പാക്കണമെന്ന മുൻ ഉത്തരവിന്‍റെ ലംഘനമാണ് എസ്ഐയുടെ പെരുമാറ്റമെന്ന് ചൂണ്ടിക്കാട്ടി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ശിക്ഷ വിധിച്ചത്. സംഭവത്തെ തുടർന്ന് റിനീഷിനെ സ്ഥലം മാറ്റിയിരുന്നു. ഉദ്യോഗസ്ഥൻ കോടതിയിലെത്തി നിരുപാധികം മാപ്പും പറഞ്ഞിരുന്നു.