NEWSROOM

ആദിവാസി ഊരുകളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സംഭവം; നിർമാതാവിന് പിഴയിട്ട് ഇടുക്കി ജില്ലാ കളക്ടർ

ആദിവാസി ഊരുകളില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്തതില്‍ ഊരുമൂപ്പന്മാരുടെ കൂട്ടായ്മ പ്രതിഷേധിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

ഇടുക്കിയിലെ ആദിവാസി ഊരുകളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സംഭവത്തില്‍ കളക്ടറുടെ നടപടി. വെളിച്ചെണ്ണ  നിർമാതാവിന് ഇടുക്കി ജില്ലാ കളക്ടർ 7 ലക്ഷം രൂപ പിഴയിട്ടു. കേര ശക്തി വെളിച്ചെണ്ണ നിർമിച്ച്, വിതരണം ചെയ്ത സ്ഥാപനത്തിനാണ് പിഴയിട്ടത്. ഗുണനിലവാരമില്ലാത്ത കിറ്റ് വിതരണം ചെയ്തത് സംബന്ധിച്ച് ന്യൂസ്‌ മലയാളം വാർത്ത നൽകിയിരുന്നു.

ആദിവാസി ഊരുകളില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്തതില്‍ ഊരുമൂപ്പന്മാരുടെ കൂട്ടായ്മ പ്രതിഷേധിച്ചിരുന്നു. വിതരണം ചെയ്ത ഭക്ഷ്യസാധനങ്ങള്‍ ജില്ലാ പട്ടിക വര്‍ഗ ഓഫീസില്‍ എത്തി അസിസ്റ്റന്‍റ് പ്രോജക്ട് ഓഫീസര്‍ക്ക് മുമ്പാകെ തിരിച്ചു നല്‍കിയായിരുന്നു പ്രതിഷേധം. വെണ്ണിയാനി, മൂലക്കാട്, പൂച്ചപ്ര, കരിപ്പിലങ്ങാട് തുടങ്ങിയ ആദിവാസി ഊരുകളിലാണ് ഗുണനിലവാരമില്ലാത്ത ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തത്. ലൈസന്‍സ് ഇല്ലാത്ത ഏജന്‍സിക്ക് വിതരണാനുമതി നല്‍കിയെന്നും ആരോപണം ഉയർന്നിരുന്നു.


കേര ശക്തി, കേര സുഗന്ധി എന്നീ വെളിച്ചെണ്ണകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് ആദിവാസി ഊരുകളില്‍ നല്‍കിയത്. കഴിഞ്ഞ മാസം വെണ്ണിയാനി ഊരില്‍ ലഭിച്ച ഭക്ഷ്യക്കിറ്റിലുണ്ടായിരുന്ന വെളിച്ചെണ്ണ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത കുടുംബാംഗങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായിരുന്നു. ഒന്നര വയസുള്ള കുട്ടിക്കടക്കമാണ് ഭക്ഷ്യവിഷബാധയുണ്ടായത്. വെളിച്ചെണ്ണകളുടെ സാമ്പിള്‍, പട്ടിക വര്‍ഗ വികസന വകുപ്പ് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT