പകുതി വില തട്ടിപ്പ് കേസിൽ അനന്തു കൃഷ്ണനുൾപ്പെടെയുള്ളവരുടെ അക്കൗണ്ട് മരവിപ്പിച്ച് ഇഡി. അനന്തു കൃഷ്ണൻ്റെ അക്കൗണ്ടിലെ 2.35 കോടി രൂപയും, ജനസേവ സമിതിയുടെ അക്കൗണ്ടിലെ 1.69 കോടി രൂപയും, ലാലി വിൻസൻ്റിൻ്റെ അക്കൗണ്ടിലെ 1 ലക്ഷത്തോളം രൂപയുമാണ് മരവിപ്പിച്ചത്. ഇത് കൂടാതെ നിരവധി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഇഡി പിടിച്ചെടുത്തു. റെയ്ഡിൽ പണമിടപാട് സമ്പന്ധിച്ച രേഖകൾ പിടിച്ചെടുത്തുവെന്നും മൊബൈൽ ഫോൺ അടക്കമുള്ള വസ്തുക്കളും കണ്ടുകെട്ടിയെന്നും ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു. റെയ്ഡിന് പിന്നാലെയാണ് ഇഡി നടപടിയെടുത്തിരിക്കുന്നത്.
ഇഡി ഇന്ന് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. 12ഓളം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. സീഡ് സൊസൈറ്റിയുടെ നിയമോപദേശകയും കോൺഗ്രസ് നേതാവുമായ അഡ്വക്കേറ്റ് ലാലി വിൻസെന്റിന്റെ കൊച്ചിയിലെ വീട്ടിലും സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറിന്‍റെ തിരുവനന്തപുരത്തെ വസതിയിലും തോന്നയ്ക്കലിലെ സായിഗ്രാമത്തിൻ്റെ ഓഫീസിലും അനന്തു കൃഷ്ണന്റെ തൊടുപുഴ കൊളപ്രയിലെ ഓഫീസിലുമായിരുന്നു പരിശോധന നടത്തിയത്.
വൈകീട്ടോടെയാണ് ലാലി വിൻസെൻ്റിൻ്റെ വീട്ടിലെ റെയ്‌ഡ് അവസാനിച്ചത്. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർ കേസിനെക്കുറിച്ച് ചോദിച്ചെന്നും മൊഴിയെടുത്തെന്നും എഐസിസി അംഗമായ ലാലി വിൻസെൻ്റ് പ്രതികരിച്ചു. അറിയാവുന്ന കാര്യങ്ങൾ പറഞ്ഞെന്ന് ലാലി വിൻസെൻ്റ് പറഞ്ഞു. അക്കൗണ്ടിലെ പണത്തെക്കുറിച്ച് ചോദിച്ചുവെന്നും, മൂന്ന് സ്ഥാപനങ്ങളിൽ നിന്ന് കിട്ടിയ 47,04500 രൂപയാണ് അക്കൗണ്ടിൽ ഉണ്ടായിരുന്നതെന്നും ലാലി വിൻസെൻ്റ് പറഞ്ഞു.
കഴിഞ്ഞ ദിവസം പകുതിവില തട്ടിപ്പ് കേസിൽ ആരോപണവിധേയയായ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസെൻ്റിൻ്റെ പങ്ക് എന്താണെന്ന് അറിയിക്കണമെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേരളത്തിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയമാണ് പകുതി വില തട്ടിപ്പ്. നിരവധി കേസുകളാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിലങ്ങോളമിങ്ങോളമുള്ള പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.