മോഹന്‍ലാല്‍ 
NEWSROOM

മോഹന്‍ലാലിന് അസൗകര്യം; 'AMMA' എക്സിക്യൂട്ടീവ് യോഗം മാറ്റി

അടിയന്തര യോഗമായതിനാല്‍ നേരിട്ടെത്തും വരെ നീട്ടിവെക്കാന്‍ മോഹന്‍ലാല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയോട് ആവശ്യപ്പെട്ടെന്നാണ് വിവരം

Author : ന്യൂസ് ഡെസ്ക്


മലയാള സിനിമ അഭിനേതാക്കളുടെ സംഘടന 'അമ്മ'യുടെ നാളെ ചേരാനിരുന്ന അടിയന്തര എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു. യോഗത്തിനെത്താന്‍ അസൗകര്യമുണ്ടെന്ന് പ്രസിഡന്‍റ് മോഹന്‍ലാല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് യോഗം മാറ്റിയത്. അടിയന്തര യോഗമായതിനാല്‍ നേരിട്ടെത്തും വരെ നീട്ടിവെക്കാന്‍ മോഹന്‍ലാല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയോട് ആവശ്യപ്പെട്ടെന്നാണ് വിവരം.

നടി രേവതി സമ്പത്ത് ഉന്നയിച്ച ലൈംഗിക പീഡനാരോപണത്തെ തുടര്‍ന്ന് നടന്‍ സിദ്ദീഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേരാന്‍ സംഘടന തീരുമാനിച്ചത്. സംഘടനയിലെ കൂടുതല്‍ അംഗങ്ങള്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖം രക്ഷിക്കാന്‍ തിരക്കിട്ട നീക്കങ്ങളിലേക്ക് AMMA കടക്കുകയാണെന്നാണ് വിവരം.

രാജിവെച്ച സിദ്ദീഖിന് പകരം വനിത അംഗത്തെ ജനറല്‍ സെക്രട്ടറി ആക്കാനുള്ള നീക്കം സംഘടനയിലെ ഒരു വിഭാഗം ആരംഭിച്ചു കഴിഞ്ഞു. ഇക്കാര്യത്തില്‍ ഡബ്ല്യൂസിസിയുമായി ചര്‍ച്ച നടത്താനും സാധ്യതയുണ്ട്. വൈസ് പ്രസിഡന്‍റായ നടന്‍ ജഗദീഷിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്നും ഒരു വിഭാഗം വാദം ഉന്നയിക്കും. എക്സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ചയാകും. ജഗദീഷിനെ ജനറല്‍ സെക്രട്ടറിയാക്കണമെങ്കില്‍ സംഘടനയുടെ ബൈലോയില്‍ കാര്യമായ ഭേദഗതി ആവശ്യമാണ്. ഇതിനായി അടിയന്തര ജനറല്‍ ബോഡി യോഗം ചേരണമെന്ന ആവശ്യവും ശക്തമാണ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഓരോ ദിവസവും പുറത്തുവരികയാണ്. നടന്മാരായ മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവര്‍ക്കെതിരെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, അഡ്വ. ചന്ദ്രശേഖരന്‍ വി.എസ്, വിച്ചു എന്നിവര്‍ക്കെതിരെ ആരോപണവുമായി നടി മിനു മുനീര്‍ രംഗത്തെത്തിയാണ് ഒടുവിലത്തെ സംഭവം.

SCROLL FOR NEXT