ബംഗ്ലാദേശിനെതിരെ സെഞ്ചുറിയുമായി സഞ്ജു കസറി, ശരി തന്നെ... അതോടെ ഇന്ത്യൻ ടി20 ടീമിൽ സഞ്ജു സാംസണ് സ്ഥാനം ഉറപ്പായോ? ഇല്ലെന്ന് വേണം പറയാൻ... യഥാർത്ഥ പരീക്ഷണം ഇനിയങ്ങോട്ടേക്കാണ്. ലോക ക്രിക്കറ്റിൽ ബംഗ്ലാദേശ് എവിടെ കിടക്കുന്നു... പ്രോട്ടീസ് ശക്തികളായ ദക്ഷിണാഫ്രിക്ക എവിടെ നിൽക്കുന്നു...
ലോകോത്തര നിലവാരമുള്ള ഓൾറൗണ്ടർമാരുടെ സാന്നിധ്യം കൊണ്ട് കരുത്തുറ്റതാണ് ദക്ഷിണാഫ്രിക്കൻ ടീം. ഐപിഎല്ലിൽ പ്രഹരശേഷിയിൽ വിസ്മയിപ്പിക്കാറുള്ള ഹെൻറിച് ക്ലാസൻ്റേയും എയ്ഡൻ മാർക്രമിൻ്റേയും ഡേവിഡ് മില്ലറുടേയും ട്രിസ്റ്റൺ സ്റ്റബ്സിൻ്റേയും ടീമിനെതിരെ പോരാട്ടത്തിനിറങ്ങുമ്പോൾ... സൂര്യകുമാർ യാദവും കൂട്ടരും നന്നായി ഒരുങ്ങിയിറങ്ങണമെന്ന് പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ...
ഡർബനിലെ കിങ്സ്‌മീഡ് ഗ്രൗണ്ടിൽ വെള്ളിയാഴ്ച രാത്രി 8.30നാണ് ആദ്യ മത്സരം. നിലവിലെ ഇന്ത്യൻ യുവനിരയേക്കാളും എല്ലാത്തരത്തിലും ഒരുപടി മുന്നിൽ ദക്ഷിണാഫ്രിക്കയാണെന്ന് പറയാതെ വയ്യ. ലോക ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനവുമായി മുന്നിൽ നിൽക്കുന്നത് അവരാണ്. പ്രോട്ടീസ് ബാറ്റർമാർ കത്തിക്കയറിയാൽ അവരെ പിടിച്ചുനിർത്താൻ ശേഷിയുള്ള പന്തേറുകാർ ഇന്ത്യൻ നിരയിലുണ്ടോ എന്നതും സംശയത്തിൻ്റെ മുനയിലാണ്.
സൂര്യകുമാർ യാദവിൻ്റെ പുതുതലമുറ ഇന്ത്യൻ ടീം അന്താരാഷ്ട്ര തലത്തിൽ താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞവരുടേതാണ്. സഞ്ജു സാംസണും അഭിഷേക് ശർമയും ഉൾപ്പെടുന്ന ഇന്ത്യൻ ഓപ്പണർമാർക്കും ടീമിനൊപ്പം ഇതു രണ്ടാമത്തെ മാത്രം പരമ്പരയാണ്. ഓപ്പണിങ് സഖ്യം എന്ന നിലയിൽ കാര്യമായ ഒത്തിണക്കം ഇരുവർക്കും പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും, വ്യക്തിഗത പ്രകടനങ്ങളുടെ മികവിലാണ് ഇരുവരും ടീമിലെ സ്ഥാനമുറപ്പിച്ചത്.
അടിച്ചുകസറാൻ തുടങ്ങിയാൽ പിന്നെ 170ന് മുകളിൽ സ്ട്രൈക്ക് റേറ്റുള്ള ബാറ്റർമാരാണ് അഭിഷേകും സഞ്ജുവും. വൈവിധ്യമാർന്ന ഷോട്ടുകളുടെ ശേഖരമുള്ള പവർ ഹിറ്റർമാരാണ് ഇരുവരും. ഇടംകയ്യൻ ബാറ്ററായ അഭിഷേക് ശർമയുടെ സ്ഫോടനാത്മക ശൈലി യുവരാജിനെ അനുസ്മരിപ്പിക്കുന്നതാണ്. സമീപകാലത്തായി യുവ്‌രാജ് സിങ് തന്നെയാണ് അഭിഷേകിൻ്റെ ബാറ്റിങ് ശൈലിയെ കൂടുതൽ ടെക്നിക്കലി മെച്ചപ്പെടുത്തിയതും.
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഓപ്പണറായ അഭിഷേകിന് ടീമിൻ്റെ പവർ പ്ലേ ഓവറുകളിൽ റണ്ണടിച്ചു കൂട്ടാനുള്ള സവിശേഷമായി സിദ്ധിയുണ്ട്. കഴിഞ്ഞ സീസണിൽ ഓസീസ് ഓപ്പണർ ട്രാവിസ് ഹെഡ്ഡിനൊപ്പം ടീമിനായി വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഈ പഞ്ചാബി താരം നടത്തിയത്.
സഞ്ജുവാകട്ടെ ഏകദിനത്തിൽ ഇന്ത്യക്കായി ആദ്യ സെഞ്ചുറി നേടിയത്, ഒരു വർഷം മുമ്പ് ദക്ഷിണാഫ്രിക്കയുടെ മണ്ണിലായിരുന്നു. ഒരു വർഷത്തിനിപ്പുറം ഇന്ത്യയുടെ ടി20 ടീമിൽ ഓപ്പണറായി കളിക്കാനിറങ്ങുമ്പോൾ ബംഗ്ലാദേശിനെ അടിച്ചെടുത്ത ക്ലാസിക് സെഞ്ചുറിയുടെ പിൻബലം കൂടിയുണ്ട്. സമ്മർദ്ദങ്ങളില്ലാതെ ഓരോ പന്തിലും ശ്രദ്ധിച്ച് കളിക്കാനും, ടൈമിങ് മെച്ചപ്പെടുത്താനും സാവധാനം വലിയ ഷോട്ടുകളിലേക്ക് കടക്കാനും സഞ്ജുവിന് അവസരമൊരുങ്ങും.
ഇന്ത്യയുടെ സാധ്യതാ ടീം: അഭിഷേക് ശർമ , സഞ്ജു സാംസൺ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, അക്സർ പട്ടേൽ , വിജയ് കുമാർ വൈശാഖ്, ആവേശ് ഖാൻ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്.
ദക്ഷിണാഫ്രിക്കയുടെ സാധ്യതാ ടീം: റീസ ഹെൻഡ്രിക്‌സ്, റയാൻ റിക്കൽടൺ, എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്‌സ്, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, ജെറാൾഡ് കോറ്റ്‌സി, എൻകാബ പീറ്റർ, ഒട്ട്‌നീൽ ബാർട്ട്‌മാൻ.