NEWSROOM

ഐഎംഎഫില്‍ പാകിസ്ഥാന് ചെക്ക് വെച്ച് ഇന്ത്യ; വായ്പ നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധം, വോട്ടിങ്ങില്‍നിന്ന് വിട്ടുനിന്നു

പാകിസ്ഥാന് 1.3 ബില്യൺ ഡോളർ വായ്പ അനുവദിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.

Author : ന്യൂസ് ഡെസ്ക്


പാകിസ്ഥാന് തുടര്‍ന്നും വായ്പ നൽകാനുള്ള അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) തീരുമാനത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. പാകിസ്ഥാന് നല്‍കുന്ന വായ്പ അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കായി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. പാകിസ്ഥാനിലെ ഐഎംഎഫ് പദ്ധതികളുടെ ഫലപ്രാപ്തിയില്‍ ആശങ്ക പ്രകടിപ്പിച്ച ഇന്ത്യ, എക്സ്റ്റെന്‍ഡഡ് ഫണ്ട് ഫെസിലിറ്റി (ഇഎഫ്എഫ്) വായ്പാ പദ്ധതിയുടെ വോട്ടിങ്ങില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഇഎഫ്എഫിലൂടെ പാകിസ്ഥാന് 1.3 ബില്യൺ ഡോളർ വായ്പ അനുവദിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.

പാകിസ്ഥാന് നൽകുന്ന വായ്പ കൃത്യമായി വിനിയോഗിക്കപ്പെടുന്നില്ലെന്നാണ് ഇന്ത്യയുടെ അഭിപ്രായം. പദ്ധതി നിര്‍വഹണം കാര്യക്ഷമമല്ലെന്നും അഴിമതി നിറഞ്ഞതാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. "ഐഎംഎഫിൽ നിന്ന് ദീർഘകാലമായി കടം വാങ്ങുന്ന രാജ്യമാണ് പാകിസ്ഥാന്‍. ഐഎംഎഫിന്റെ പദ്ധതി വ്യവസ്ഥകൾ നടപ്പാക്കുന്നതിലും പാലിക്കുന്നതിലും വളരെ മോശം ട്രാക്ക് റെക്കോർഡാണ് പാകിസ്ഥാന്‍ പുലര്‍ത്തുന്നത്. 1989 മുതൽ 35 വർഷത്തിനിടെ, 28 വർഷമായി പാകിസ്ഥാന് ഐഎംഎഫിൽ നിന്ന് പണം നൽകിയിട്ടുണ്ട്. 2019 മുതൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ, നാല് ഐഎംഎഫ് പദ്ധതികളുണ്ടായിരുന്നു. അവയെല്ലാം വിജയകരമായിരുന്നെങ്കില്‍, മറ്റൊരു ബെയ്‌ല്‍ ഔട്ട് പദ്ധതിയുടെ ആവശ്യമില്ലായിരുന്നു" -ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

സിവില്‍ ഗവണ്‍മെന്റാണ് ഭരിക്കുന്നതെങ്കിലും, ആഭ്യന്തര രാഷ്ട്രീയത്തിലും സാമ്പത്തിക കാര്യത്തിലും സൈന്യത്തിന് വളരെ പങ്കുണ്ട്. സൈന്യത്തിന്റെ ഇത്തരം ഇടപെടൽ സാമ്പത്തിക പരിഷ്കാരങ്ങളില്‍ തിരിച്ചടികള്‍ക്കുള്ള സാധ്യത അവശേഷിപ്പിക്കുന്നു. 2021ലെ യുഎൻ റിപ്പോർട്ടില്‍ സൈനികബന്ധമുള്ള ബിസിനസിനെ 'പാകിസ്ഥാനിലെ ഏറ്റവും വലിയ കൂട്ടുകെട്ട്' എന്നാണ് വിശേഷിപ്പിച്ചത്. ആ സ്ഥിതി ഇന്നും മാറിയിട്ടില്ല. മാത്രമല്ല, പാകിസ്ഥാനിലെ പ്രത്യേക നിക്ഷേപ സൗകര്യ കൗൺസിലിൽ സൈന്യത്തിന് ഇപ്പോള്‍ നേതൃസ്ഥാനവുമുണ്ടെന്ന കാര്യവും ഇന്ത്യ ചൂണ്ടിക്കാട്ടി.

പാകിസ്ഥാന് വായ്പ നല്‍കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ അവര്‍ ആ പണം കൊണ്ട് എന്താണ് ചെയ്യുന്നതെന്ന് ലോകം കാണുന്നുണ്ടെന്ന് ഇന്ത്യ സൂചിപ്പിച്ചു. അതിർത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് തുടര്‍ച്ചയായി ഫണ്ട് നല്‍കുന്നത് ആഗോളസമൂഹത്തിന് അപകടകരമായ സന്ദേശമാകും നല്‍കുക. ഐഎംഎഫിന് സംഭാവന നല്‍കുന്നവരുടെ പ്രശസ്തിക്ക് മങ്ങലേല്‍പ്പിക്കുന്നതിനൊപ്പം, ആഗോളമൂല്യങ്ങളെ പരിഹസിക്കുന്നതുമാകും നീക്കമെന്നും ഇന്ത്യ വ്യക്തമാക്കി.

SCROLL FOR NEXT