NEWSROOM

ബ്രിക്‌സ് ഉച്ചകോടി: റഷ്യൻ മണ്ണിൽ ഇന്ത്യയും ചൈനയും വേദി പങ്കിടും

റഷ്യൻ ആർട്ടിക് മേഖലയിലെയും നോർത്തേൺ സീ റൂട്ടിലെയും ഇന്ത്യ - റഷ്യ വ്യാപാര പ്രതിരോധ ബന്ധങ്ങള്‍ സംബന്ധിച്ച ഉഭയകക്ഷി ചർച്ചകളായിരിക്കും കൂടിക്കാഴ്ചയിലെ ഇന്ത്യയുടെ പ്രധാന അജണ്ട

Author : ന്യൂസ് ഡെസ്ക്

റഷ്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യയും ചൈനയും വേദി പങ്കിടും. റഷ്യന്‍ പ്രസിഡിന്‍റ് വ്ളാഡിമർ പുടിന്‍റെ ക്ഷണപ്രകാരം, ഒക്ടോബർ 23, 24 ദിവസങ്ങളിലായിരിക്കും ഇന്ത്യന്‍ പ്രധാനമന്ത്രി ഉച്ചകോടിയില്‍ പങ്കെടുക്കുക.

16-ാം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് തിരിച്ചു. ഈ വർഷത്തെ മോദിയുടെ രണ്ടാം റഷ്യൻ സന്ദർശനമാണിത്. ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയിൽ കഴിഞ്ഞ ജൂലൈയിലാണ് ഇരുനേതാക്കളും അവസാനമായി കണ്ടത്. റഷ്യൻ ആർട്ടിക് മേഖലയിലെയും നോർത്തേൺ സീ റൂട്ടിലെയും ഇന്ത്യ - റഷ്യ വ്യാപാര പ്രതിരോധ ബന്ധങ്ങള്‍ സംബന്ധിച്ച ഉഭയകക്ഷി ചർച്ചകളായിരിക്കും കൂടിക്കാഴ്ചയിലെ ഇന്ത്യയുടെ പ്രധാന അജണ്ട.

ചൈനയുടെ ഷീ ജിന്‍പിങ്ങും ക്ഷണിക്കപ്പെട്ട അതിഥികളിലുണ്ട്. ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ച ചൈന, ലോക നേതാക്കളുമായി നിലവിലെ രാഷ്ട്രീയ കാലാവസ്ഥ ചർച്ച ചെയ്യുമെന്നും വ്യക്തമാക്കി. 2023 ജൂലൈയിൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനയുടെ ഷി ജിന്‍പിങ്ങും അവസാനമായി വേദി പങ്കിട്ടത്.


ആഗോള വികസനവും സുരക്ഷയും എന്ന പ്രമേയം അടിസ്ഥാനമാക്കിയുള്ള ഉച്ചകോടിയില്‍ വ്യാപാര പ്രതിരോധ മേഖലയിലെ ബ്രിക്സ് രാജ്യങ്ങളുടെ ഉഭയകക്ഷി ചർച്ചകള്‍ക്ക് പുറമെ, യുക്രെയ്‌നിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങളും, ചൈനയുടെ തായ്‌വാന് നേർക്കുള്ള സൈനിക നീക്കങ്ങളും ചർച്ച ചെയ്തേക്കും.

ആഗോള രാഷ്ട്രീയത്തിലെയും വ്യാപാരത്തിലെയും പാശ്ചാത്യ ആധിപത്യത്തിന് ബദലാണ് ബ്രിക്സ് കൂട്ടായ്മയെന്ന് വാദിച്ച പുടിന്‍, റഷ്യയെ ഒറ്റപ്പെടുത്താനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമങ്ങളുടെ പരാജയമായി കൂടിയാണ് ഇത്തവണത്തെ ബ്രിക്സിനെ ഉയർത്തിക്കാട്ടുന്നത്. 2023 ലെ ദക്ഷിണാഫ്രിക്കന്‍ ഉച്ചകോടിയിൽ അംഗത്വം ലഭിച്ച ഈജിപ്ത്, ഇറാൻ, എത്യോപ്യ, യുഎഇ രാജ്യങ്ങളും ചേർന്നുള്ള 9 അംഗ കൂട്ടായ്‌മയായി ബ്രിക്‌സ് മാറിയതിന് ശേഷമുള്ള ആദ്യ ഉച്ചകോടിയാണിത്.

SCROLL FOR NEXT