NEWSROOM

കിഴക്കന്‍ ലഡാക്ക് അതിർത്തിയിൽ ഇന്ത്യയും ചൈനയും സേനാ പിന്മാറ്റം ആരംഭിച്ചു

2020 ലെ ഏറ്റുമുട്ടലുകള്‍ക്ക് മുന്‍പുണ്ടായിരുന്ന നിലയിലേക്ക് അതിർത്തി പട്രോളിംഗ് പുനഃസ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ധാരണ പ്രകാരമാണ് നീക്കം

Author : ന്യൂസ് ഡെസ്ക്

നാല് വർഷത്തിലേറെ നീണ്ട തർക്കത്തിന് വിരാമമിട്ട് കിഴക്കന്‍ ലഡാക്ക് അതിർത്തിയില്‍ നിന്ന് ഇന്ത്യയും ചൈനയും സേനാ പിന്മാറ്റം ആരംഭിച്ചു. നിയന്ത്രണ രേഖയില്‍ മുഖാമുഖം വിന്യസിക്കപ്പെട്ട അവസാനത്തെ രണ്ടു പോയിന്‍റുകളില്‍ നിന്നാണ് പിന്മാറ്റം. നിയന്ത്രണരേഖയിലെ ഡെപ്‌സാംഗ്, ഡെംചോക്ക് മേഖലകളില്‍ നിന്നുള്ള പിന്മാറ്റം വ്യാഴാഴ്ച അർധ രാത്രിയോടെ ആരംഭിച്ചതായാണ് റിപ്പോർട്ട്.

2020 ലെ ഏറ്റുമുട്ടലുകള്‍ക്ക് മുന്‍പുണ്ടായിരുന്ന നിലയിലേക്ക് അതിർത്തി പട്രോളിംഗ് പുനഃസ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ധാരണ പ്രകാരമാണ് നീക്കം. റഷ്യയിലെ ബ്രിക്‌സ് വേദിയില്‍ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുണ്ടായ കൂടിക്കാഴ്ചയിലാണ് തീരുമാനം. മുറിവേറ്റ നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനും അതിർത്തിയിലെ പ്രശ്നങ്ങള്‍ ആശയവിനിമയത്തിലൂടെ പരിഹരിക്കുന്നതിനും ഇരുനേതാക്കളും തമ്മില്‍ ധാരണയിലെത്തിയിരുന്നു.

നാലുവർഷത്തിനിടെ ലഡാക്ക് അതിർത്തിയിലെ അഞ്ച് പോയിൻ്റുകളിൽ നിന്ന് ഇരു രാജ്യങ്ങളും സെെന്യത്തെ പിൻവലിച്ചിരുന്നു. രണ്ട് വർഷം മുമ്പാണ് ഇത്തരമൊരു പിന്മാറ്റം അവസാനം നടന്നത്.

SCROLL FOR NEXT