NEWSROOM

കൃത്യം, വ്യക്തം; തകർത്തത് ഭീകരകേന്ദ്രങ്ങൾ മാത്രം; ഓപ്പറേഷൻ സിന്ദൂറിന് മുൻപും ശേഷവുമുള്ള ദൃശ്യങ്ങൾ പുറത്ത്

പാകിസ്ഥാനിൽ നിന്നുള്ള സാറ്റ്ലൈറ്റ് ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

പാകിസ്ഥാനിലെ ഭീകരരുടെ താവളങ്ങൾ ഇന്ത്യ ആക്രമിച്ചതിന് മുൻപും ശേഷവുമുള്ള ദൃശ്യങ്ങൾ പുറത്ത്. പാകിസ്ഥാനിൽ നിന്നുള്ള സാറ്റ്ലൈറ്റ് ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തകർത്തത് ഭീകരകേന്ദ്രങ്ങൾ മാത്രമാണെന്നും സമീപത്തുള്ള മറ്റ് കെട്ടിടങ്ങൾക്ക് കേടുപാടുകൾ ഇല്ലെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്.

കഴിഞ്ഞ ദിവസമായിരുന്നു ക്ലിനിക്കല്‍ കൃത്യതയോടെ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ മാത്രം ലക്ഷ്യംവെച്ചുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂർ അരങ്ങേറിയത്. ഓപ്പറേഷനിലൂടെ ഇന്ത്യ ഒമ്പത് കേന്ദ്രങ്ങള്‍ തകർത്തു. മുസാഫറാബാദ്, കോട്ലി, ബഹവല്‍പൂര്‍, റാവലാകോട്ട്, ചക്‌സവാരി, ഭീംബര്‍, നീലം താഴ്‌വര, ഝലം, ചക്വാല്‍ എന്നിവിടങ്ങളിലായാണ് ഇന്ത്യയുടെ തിരിച്ചടിയുണ്ടായത്.

പുലര്‍ച്ചെ, 1.05 മുതല്‍ 1.30 വരെ ഇരുപത്തിയഞ്ച് മിനുട്ട് നീണ്ടു നിന്നതായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടവരില്‍ ജെയ്ഷ്-ഇ-മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങളും ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബഹവല്‍പൂരില്‍ മസൂദ് അസ്ഹറിന്റെ സഹോദരി അടക്കം പത്ത് കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരണം.

ലഷ്‌കറെ ത്വയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് അടക്കമുള്ളവയുടെ ഭീകരവാദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ള കേന്ദ്രങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണം. ഒമ്പത് ഭീകരവാദ കേന്ദ്രങ്ങളില്‍ അഞ്ചെണ്ണം പാക് അധീന കശ്മീരിലും നാലെണ്ണം പാകിസ്ഥാനിലുമായാണ്. ജെയ്ഷ്-ഇ-മുഹമ്മദിന്റെ ശക്തികേന്ദ്രമായി കരുതപ്പെടുന്ന സ്ഥലമാണ് ബഹവല്‍പൂര്‍. കശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റത്തിനുള്ള ഗതാഗത, ലോജിസ്റ്റിക്‌സ് പോയിന്റുകളായി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയ സ്ഥലങ്ങളാണ് മുസാഫറാബാദും ഭീംബറും.

അതേസമയം ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലാണ് യോഗം ചേരുക. ആഭ്യന്തര മന്ത്രി അമിത് ഷാ യോഗത്തിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ ഉൾപ്പടെയുള്ള കോൺ​ഗ്രസ് നേതാക്കളും യോ​ഗത്തിൽ പങ്കെടുക്കും. പാർലമെന്റിലെ ലൈബ്രറി കെട്ടിടത്തിൽ രാവിലെ 11 മണിക്കാണ് യോഗം ചേരുക.


SCROLL FOR NEXT