NEWSROOM

അതിവേഗം തിരിച്ചടി; പാക് വ്യോമതാവളങ്ങളും ആയുധപ്പുരകളും ആക്രമിച്ചതായി സേന; റഡാർ സൈറ്റുകളും നശിപ്പിച്ചു

പാകിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തികളിൽ തുടർച്ചയായി ആക്രമണം നടത്തിവരികയാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിംഗ് എന്നിവർ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഇന്ത്യൻ വ്യോമതാവളങ്ങൾ ലക്ഷ്യമാക്കിയ പാകിസ്ഥാന് അതിവേ​ഗം മറുപടി നൽകിയതായി സായുധ സേന. പാകിസ്ഥാനിലെ സാങ്കേതിക സംവിധാനങ്ങൾ, കമാൻഡ് & കൺട്രോൾ സെന്ററുകൾ, റഡാർ സൈറ്റുകൾ, ആയുധശാലകള്‍ എന്നിവ ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യയുടെ തിരിച്ചടി. നാല് വ്യോമതാവളങ്ങളും രണ്ട് സൈനിക കേന്ദ്രങ്ങളും ഇന്ത്യൻ സേന തകർത്തതായി കേണൽ സോഫിയ ഖുറേഷി അറിയിച്ചു.

റഫീഖി, മുരീദ്, ചക്ലാല, റഹിം യാർ ഖാൻ എന്നിവിടങ്ങളിലെ വ്യോമ താവളങ്ങൾ ആക്രമിച്ചതായാണ് ഇന്ത്യൻ സായുധ സേന സ്ഥിരീകരിച്ചത്. സുക്കൂറിലെയും ചുനിയയിലെയും പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾ, പാസ്രൂരിലെ റഡാർ സൈറ്റ്, സിയാൽകോട്ട് വ്യോമയാന താവളം എന്നിവയും ഇന്ത്യ ലക്ഷ്യമിട്ടതായി കേണൽ അറിയിച്ചു.

പാകിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തികളിൽ തുടർച്ചയായി ആക്രമണം നടത്തിവരികയാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിംഗ് എന്നിവർ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഡ്രോണുകൾ, ദീർഘദൂര ആയുധങ്ങൾ, ലോയിറ്ററിങ് അമ്യൂണിഷൻ, യുദ്ധവിമാനങ്ങൾ എന്നിവ ഉപയോ​ഗിച്ചായിരുന്നു പാകിസ്ഥാന്റെ ആക്രമണം. ഇന്ത്യ ഇവ നിർവീര്യമാക്കി. 26 ലധികം സ്ഥലങ്ങളിൽ പാകിസ്ഥാൻ വ്യോമമാർഗം നുഴഞ്ഞുകയറാൻ ശ്രമിച്ചു. ഉധംപൂർ, ഭുജ്, പത്താൻകോട്ട്, ബട്ടിൻഡ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലെ ഉപകരണങ്ങൾക്ക് പാക് ആക്രമണങ്ങളിൽ കേടുപാടുകൾ വന്നുവെന്നും ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്നും കേണൽ അറിയിച്ചു. പുലർച്ചെ 1:40 ന് പഞ്ചാബിലെ വ്യോമതാവളം ലക്ഷ്യമാക്കി പാകിസ്ഥാൻ അതിവേഗ മിസൈലുകൾ ഉപയോഗിച്ചതായും കേണൽ സോഫിയ ഖുറേഷി കൂട്ടിച്ചേർത്തു.

അതേസമയം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറുമായി സംസാരിച്ചു. ഇരുപക്ഷവും സംഘർഷം ലഘൂകരിക്കാനും തെറ്റിദ്ധാരണകൾ ഒഴിവാക്കാനും നേരിട്ടുള്ള ആശയവിനിമയം പുനഃസ്ഥാപിക്കണമെന്ന് റൂബിയോ ആവശ്യപ്പെട്ടു. ഭാവിയിലെ തർക്കങ്ങൾ ഒഴിവാക്കുന്നതിനായി ഫലപ്രദമായ ചർച്ചകൾ സാധ്യമാക്കുന്നതിൽ യുഎസ് പിന്തുണയുണ്ടാകുമെന്നും സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു.

SCROLL FOR NEXT