NEWSROOM

52 വർഷത്തെ ചരിത്രം ഇനി പഴങ്കഥ ! ഒളിംപിക്സ് ഹോക്കിയിൽ ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ

1972ലെ മ്യൂണിക് ഒളിംപിക്സിലാണ് ഇന്ത്യ അവസാനമായി ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ചത്

Author : ന്യൂസ് ഡെസ്ക്

പാരിസ് ഒളി‍ംപിക്സിൽ ഓസ്‌ട്രേലിയക്കെതിരെ ചരിത്ര ജയവുമായി ഇന്ത്യന്‍ ഹോക്കി ടീം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ 3-2 എന്ന സ്കോറിനാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. ഒളിംപിക്സിൽ 52 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുന്നത്. 1972ലെ മ്യൂണിക് ഒളിംപിക്സിലാണ് ഇന്ത്യ അവസാനമായി ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ചത്. ഇന്ത്യക്കായി ഹര്‍മന്‍പ്രീത് രണ്ടും അഭിഷേക് ഒന്നും ഗോളുകള്‍ നേടിയപ്പോള്‍ ഓസ്‌ട്രേലിയയ്ക്കായി തോമസ് ക്രൈഗ്, ബ്ലേക്ക് ഗൊവേഴ്‌സ് എന്നിവര്‍ ആശ്വാസ ഗോളുകള്‍ നേടി.

പന്ത്രണ്ടാം മിനിറ്റില്‍ അഭിഷേക് ഇന്ത്യക്കായി ആദ്യം വലകുലുക്കി. ഓസ്‌ട്രേലിയയ്ക്ക് ലഭിച്ച ഒരു പെനാല്‍റ്റി കോര്‍ണറില്‍നിന്ന് കൗണ്ടര്‍ അറ്റാക്ക് നടത്തിയതിലൂടെയായിരുന്നു ആ ​ഗോൾ പിറന്നത്. തൊട്ടടുത്ത മിനിറ്റില്‍ത്തന്നെ ഹര്‍മന്‍പ്രീതും ഓസ്‌ട്രേലിയന്‍ വലയില്‍ നിറയൊഴിച്ച് ഗോള്‍നേട്ടം സ്വന്തമാക്കി. ഇതിനിടെ, ഓസ്‌ട്രേലിയന്‍ ആക്രമണങ്ങളെ മലയാളി ഗോള്‍ക്കീപ്പര്‍ പി.ആര്‍. ശ്രീജേഷ് ഫലപ്രദമായി തടഞ്ഞിട്ടു. ശേഷം ഹർമൻപ്രീത് തന്നെ ഇന്ത്യയുടെ മൂന്നാം ​ഗോളും നേടി.

25-ാം മിനിറ്റിലാണ് ഓസ്‌ട്രേലിയ ആദ്യ ഗോള്‍. തോമസ് ക്രൈഗാണ് ഗോള്‍ നേടിയത്. പിന്നാലെ കളി അവസാനിക്കാന്‍ അഞ്ചുമിനിറ്റ് ശേഷിക്കെ, പെനാല്‍റ്റി കോര്‍ണറിലൂടെ ലഭിച്ച അവസരം ഓസ്‌ട്രേലിയയുടെ ബ്ലേക്ക് ഗവേഴ്‌സ് ഗോളാക്കി മാറ്റി തോല്‍വിയുടെ ആഘാതം കുറച്ചു. അവസാന മിനിറ്റുകളില്‍ ഓസ്‌ട്രേലിയ വന്‍ ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഇന്ത്യന്‍ പ്രതിരോധവും ശ്രീജേഷിന്റെ ഗോള്‍ക്കീപ്പിങ് മികവും അവരെ ജയത്തിൽ നിന്നും, സമനിലയിൽ നിന്നും അകറ്റി നിർത്തി.

SCROLL FOR NEXT