NEWSROOM

ഇവിഎമ്മില്‍ പിടിവിടാതെ 'ഇന്‍ഡ്യ'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകാന്‍ തീരുമാനം

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ ശക്തമായി പിന്തുണയ്ക്കുന്ന സമീപനമാണ് സുപ്രീം കോടതി സ്വീകരിച്ചുവരുന്നത്

Author : ന്യൂസ് ഡെസ്ക്

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ (ഇവിഎം) ക്രമക്കേട് ആരോപണത്തില്‍ വീണ്ടും നിയമപോരാട്ടത്തിനൊരുങ്ങി ഇൻഡ്യ സഖ്യം. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വെള്ളിയാഴ്ചയോടെ സുപ്രീം കോടതിയിൽ ഹർജി നൽകിയേക്കും. മുതിർന്ന എന്‍സിപി നേതാവ് ശരദ് പവാറും ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളും നടത്തിയ ചർച്ചയിലാണ് തീരുമാനം. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ഇവിഎമ്മില്‍ ക്രമക്കേടുണ്ടായെന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതിന് പിന്നാലെയാണ് നീക്കം.


മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലം ശരദ് പവാറിന്‍റെ എന്‍സിപി കൂടി ഭാഗമായ മഹാ വികാസ് അഘാഡിക്ക് വലിയ തിരിച്ചടിയായിരുന്നു. 288 അംഗ സഭയില്‍ 230 സീറ്റുകളിലാണ് മഹായുതി സഖ്യം വിജയിച്ചത്. 46 സീറ്റുകള്‍ മാത്രമാണ് മഹാ വികാസ് അഘാഡി സഖ്യത്തിന് നേടാന്‍ സാധിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ഇവിഎമ്മില്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ സഖ്യം രംഗത്തെത്തിയിരുന്നു.

പോള്‍ ചെയ്ത വോട്ടുകളുടെയും എണ്ണിയ വോട്ടുകളുടെയും കണക്കുകളില്‍ വൈരുധ്യമുണ്ടെന്ന് 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കു പ്രകാരം മഹാരാഷ്ട്രയില്‍ 66.05 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. അതായത് ആകെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം 6,40,88,195 ആണ്. എന്നാല്‍ എണ്ണിയ വോട്ടുകളുടെ ആകെ എണ്ണം 6,45,92,508 ആണ്. അതായത് 5,04,313 വോട്ടുകള്‍ അധികമുണ്ടെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് ഒരിക്കല്‍ കൂടി സുപ്രീം കോടതിയെ സമീപിക്കാനുള്ള ഇന്‍ഡ്യ സഖ്യത്തിന്‍റെ നീക്കം.

അതേസമയം, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ ശക്തമായി പിന്തുണയ്ക്കുന്ന സമീപനമാണ് സുപ്രീം കോടതി സ്വീകരിച്ചുവരുന്നത്. "നിങ്ങൾ വിജയിക്കുമ്പോൾ ഇവിഎമ്മുകളിൽ കൃത്രിമം ആരോപിക്കാറില്ലല്ലോ?"എന്നാണ് മുന്‍പ് ഇവിഎമ്മില്‍ കൃത്രിമം ആരോപിച്ച് സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി ചോദിച്ചത്. എന്നാല്‍ മഹാരാഷ്ട്രയിലെ തോല്‍വിക്ക് കാരണം ഇവിഎമ്മിലെ ക്രമക്കേടാണെന്ന നിലപാടാണ് ഇന്‍ഡ്യ സഖ്യം ആവർത്തിച്ച് ഉന്നയിക്കുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ ഇവിഎമ്മില്‍ തിരിമറി നടക്കുന്നില്ല എന്നത് ഉറപ്പാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനുള്ള ഇന്‍ഡ്യ സഖ്യത്തിന്‍റെ നീക്കം.


SCROLL FOR NEXT