NEWSROOM

യുഎൻ സമാധാന സേനയ്ക്കുനേരെ ഇസ്രയേൽ ആക്രമണം; ആശങ്കയറിയിച്ച് ഇന്ത്യ

ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആശങ്കയുണ്ടെന്നും, യുഎൻ സേനയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ലോക രാജ്യങ്ങളുടെ കടമയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലിനിടെ യുഎൻ സമാധാന സേനയ്ക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ. 48 മണിക്കൂറിനിടയിൽ രണ്ട് തവണ യുഎൻ സമാധാന സേനാംഗങ്ങൾക്ക് നേരെ ഇസ്രയേൽ വെടിയുതിർത്തു. പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആശങ്കയറിയിച്ച് പ്രസ്താവനയിറക്കിയത്. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആശങ്കയുണ്ടെന്നും, യുഎൻ സേനയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ലോക രാജ്യങ്ങളുടെ കടമയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യുഎൻ സമാധാനസേനയ്ക്ക് നേരെയുള്ള ആക്രമണങ്ങളെ ഗൗരവത്തോടെ കാണുന്നുവെന്നും, സുരക്ഷാസ്ഥിതി വഷളാകുന്നതിൽ ആശങ്കാകുലരാണെന്നും പ്രസ്താവനയിൽ പറയുന്നു.  സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന ശ്രമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും, യുഎൻ പരിസരങ്ങൾ ലക്ഷ്യമിടുന്നത് അനുവദിക്കാനാവില്ലെന്നും, അതിൻ്റെ വിശുദ്ധിയെ മാനിക്കണമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

ലെബനനിൽ കുടുങ്ങിയ യുഎൻ സമാധാന സേനാംഗങ്ങളിൽ ഏകദേശം 900 പേർ ഇന്ത്യൻ സൈനികരാണ്. സൈനികർക്ക് പുറമെ, 25ഓളം ജീവനക്കാരും, ആരോഗ്യപ്രവർത്തകരും ഇന്ത്യക്കാരാണ്.

യുഎൻ സമാധാനസേനയ്ക്ക് നേരെ ആക്രമണം നടത്തരുതെന്ന് ഇസ്രയേലിനോട് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിൻ്റെ നടപടി അപലപിച്ചുകൊണ്ട് ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളുടെ നേതാക്കൾ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. തങ്ങളുടെ രണ്ട് സൈനികരെ പരുക്കേൽപ്പിച്ച ഐഡിഎഫ് ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

എന്നാൽ, യുദ്ധം തുടങ്ങിയത് മുതൽ, ഹിസ്ബുള്ള 130ലധികം റോക്കറ്റുകൾ 26 ഐക്യരാഷ്ട്ര കേന്ദ്രങ്ങളുടെ സമീപത്തേക്ക് വിക്ഷേപിച്ചിട്ടുണ്ടെന്നാണ് വിഷയത്തിൽ ഇസ്രയേലിൻ്റെ വാദം.

SCROLL FOR NEXT