NEWSROOM

ഗോത്രഭൂമിയില്‍ 'ഹേമന്തം'; ജാർഖണ്ഡില്‍ ഭരണം തുടരാന്‍ ജെഎംഎം, കരുത്ത് കാട്ടി ഇന്ത്യാ മുന്നണി

51 മണ്ഡലങ്ങളിലാണ് ഇന്ത്യാ സഖ്യം മുന്നിട്ട് നില്‍ക്കുന്നത്

Author : ന്യൂസ് ഡെസ്ക്

'ആദിവാസികൾ വിഡ്ഢികളല്ല, നല്ല സുഹൃത്ത് ആരെന്ന് അവർക്ക് നന്നായി അറിയാം'- തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ബിജെപിയെ വിമർശിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പറഞ്ഞ വാക്കുകളാണിവ. ഈ വരികളിലെ ആത്മവിശ്വാസത്തിന്‍റെ പ്രതിഫലനമാണ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം. ജാർഖണ്ഡ് ജനത ഇന്ത്യാ മുന്നണിക്കൊപ്പം നിന്നിരിക്കുന്നു. 51 മണ്ഡലങ്ങളിലാണ് ഇന്ത്യാ സഖ്യം മുന്നിട്ട് നില്‍ക്കുന്നത്. ബിജെപിക്ക് 29 ഇടത്ത് മാത്രമാണ് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത്.

ഇന്ത്യാ സഖ്യത്തില്‍ നിന്നും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) ആണ് ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. 31 മണ്ഡലങ്ങളിലാണ് ജെഎംഎം ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 14 സീറ്റുകളിലും ആർജെഡി 4 സീറ്റുകളിലും സിപിഐഎംഎല്‍ 2 സീറ്റുകളിലുമാണ് വിജയത്തിലേക്ക് കുതിക്കുന്നത്.


2019 നിയമസഭ തെരഞ്ഞെടുപ്പില്‍ 48 സീറ്റുകളിലാണ് ഇന്ത്യാ സഖ്യം വിജയിച്ചത്. എന്‍ഡിഎ 27 ഇടത്തും. ജാർഖണ്ഡ് മുക്തി മോർച്ച (30), കോണ്‍ഗ്രസ് (16), ആർജെഡി (1) സിപിഐഎംഎല്‍(1) എന്നിങ്ങനെയായിരുന്നു ഇന്ത്യമുന്നണിയിലെ സീറ്റുനില. 2024 തെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോഴും ജെഎംഎം തന്നെയാണ് എറ്റവും വലിയ കക്ഷി. മറുപക്ഷത്ത്, ജെഎംഎമ്മിനു വെല്ലുവിളിയുയർത്തി നിന്നത് ബിജെപിയാണ്. 27 സീറ്റുകളില്‍ എന്‍ഡിഎ വിജയിച്ചപ്പോള്‍ 25 എണ്ണത്തിലും ബിജെപിയായിരുന്നു തിളങ്ങിയത്. സഖ്യ കക്ഷിയായ എജെഎസ്‍യുവിന് രണ്ടിടത്ത് മാത്രമാണ് മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞത്.

81 അംഗ നിയമസഭയിൽ ഹേമന്ത് സോറൻ്റെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) 41 സീറ്റുകളിലും ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷികളായ കോൺഗ്രസ് (30 സീറ്റുകൾ), രാഷ്ട്രീയ ജനതാദൾ (ആർജെഡി) (6), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്) 4 സീറ്റുകളിലുമാണ് മത്സരിച്ചത്. ബിജെപി 68 സീറ്റുകളിൽ മത്സരിച്ചപ്പോൾ സഖ്യകക്ഷികളായ ഓൾ ജാർഖണ്ഡ് സ്റ്റുഡൻ്റ്‌സ് യൂണിയൻ (എജെഎസ്‌യു) 10 ഇടത്തും ജനതാദൾ (യുണൈറ്റഡ്) രണ്ടിടത്തും ലോക് ജനശക്തി പാർട്ടി (രാം വിലാസ്) ഒരിടത്തും മത്സരിച്ചു.


എക്‌സിറ്റ് പോളുകളുടെ പ്രവചനം ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിനൊപ്പം നിന്നപ്പോള്‍ ജനങ്ങള്‍ ഇന്ത്യാ മുന്നണിക്കൊപ്പമായിരുന്നു. 42-47 സീറ്റുകള്‍ എന്‍ഡിഎക്കും ജെഎംഎം നയിക്കുന്ന ഇന്ത്യാ ബ്ലോക്കിന് 25-30 സീറ്റുകളും ലഭിച്ചേക്കുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍.

നിരവധി വികസന പ്രശ്നങ്ങളും വിവാദ വിഷയങ്ങളും വിദ്വേഷ പരാമർശങ്ങളും ജാർഖണ്ഡിൽ ചർച്ച ചെയ്യപ്പെട്ട തെരഞ്ഞെടുപ്പിനാണ് ജാർഖണ്ഡ് വേദിയായത്. വിദ്വേഷപരാമർശങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയായിരുന്നു മുന്നില്‍. അതേസമയം കോൺ​ഗ്രസ്, ജെഎംഎം കക്ഷികൾ ചേർന്ന ഇന്ത്യാ സഖ്യം ഹേമന്ത് സോറൻ്റെ ഇഡി അറസ്റ്റും ജയിൽവാസവും കേന്ദ്രഫണ്ട് തടഞ്ഞുവെക്കലും ഖനിമേഖലയിലെ തൊഴിൽ പ്രശ്നങ്ങളുമാണ് പ്രധാനമായി അവതരിപ്പിച്ചത്. ബർഹെയ്ത് നിയമസഭാ മണ്ഡലത്തിൽ ബിജെപിയുടെ ഗാംലിയേൽ ഹെംബ്രോമിനെക്കാൾ  17984ല്‍ അധികം വോട്ടുകള്‍ നേടിയുള്ള ഹേമന്ത് സോറന്‍റെ മുന്നേറ്റം ഇന്ത്യാ മുന്നണിയുടെ പ്രചരണങ്ങള്‍ പൂർണ അർഥത്തില്‍ ഫലം കണ്ടുവെന്നുവാണ് സൂചിപ്പിക്കുന്നത്.

Also Read: ഗ്രോത്രജനത വിധി നിര്‍ണയിക്കുന്ന ജാര്‍ഖണ്ഡ് രാഷ്ട്രീയം; ദേശീയ പാര്‍ട്ടികളെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ ഏറെ

തെരഞ്ഞെടുപ്പിന് കുറച്ചുനാൾ മുൻപ് ജെഎംഎം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ചംപയ് സോറൻ പാർട്ടി വിട്ടത് ജെഎംഎമ്മിന് തിരിച്ചടിയാകുമെന്നായിരുന്നു പൊതു വിലയിരുത്തല്‍. ഇത് ആദിവാസി വോട്ടുകളെ ബിജെപിക്ക് അനുകൂലമാക്കുമോ എന്നതായിരുന്നു ജെഎംഎമ്മിന്‍റെ ആശങ്ക.എന്നാല്‍ 'ജാർഖണ്ഡ് കടുവ'യുടെ പ്രഭാവം പ്രചരണത്തിലേതു പോലെ ഫലത്തില്‍ കാണാന്‍ സാധിച്ചില്ല. സരികേല മണ്ഡലത്തിൽ 39105 വോട്ടിന് ലീഡ് ചെയ്ത് ചംപയ് സോറന്‍ ശക്തി തെളിയിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ 'ബിജെപി വിജയിക്കും' എന്ന ആത്മവിശ്വാസം പുതിയതായി പാർട്ടിയിൽ ചേർന്ന പ്രവർത്തകന്‍റെ തോന്നല്‍ മാത്രമായി മാറി.

ജാർഖണ്ഡിൽ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. നവംബർ 13ന് 43 സീറ്റുകളിലും നവംബർ 20ന് 38 സീറ്റുകളിലും . മൊത്തത്തിൽ 67.74 ശതമാനം പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 2019ലെ തെരഞ്ഞെടുപ്പ് കണക്കുകളേക്കാൾ 1.65 ശതമാനം കൂടുതലാണിത്.

SCROLL FOR NEXT