NEWSROOM

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തും; അഫ്ഗാനുമായി നി‍ർണായക നയതന്ത്ര ചർച്ച നടത്തി ഇന്ത്യ

അഫ്ഗാന്റെ ഭരണം താലിബാൻ ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ ഉന്നതതല കൂടിക്കാഴ്ചയാണിത്

Author : ന്യൂസ് ഡെസ്ക്


താലിബാൻ നേതൃത്വവും മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥരും തമ്മിൽ ഉന്നതതല യോഗം ചേർന്നു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും അഫ്ഗാനിസ്ഥാന്റെ ആക്ടിങ് വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താഖിയും ആണ് യോഗത്തിൽ പങ്കെടുത്തത്. കഴിഞ്ഞദിവസം ദുബായിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച. അഫ്ഗാന്റെ ഭരണം താലിബാൻ ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ ഉന്നതതല കൂടിക്കാഴ്ചയാണിത്. ഇരു രാജ്യങ്ങളുടെയും സുപ്രധാന വിഷയങ്ങൾ കൂടിക്കാഴ്ച്ചയിൽ ചർച്ചയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും ചർ‌ച്ചയിൽ ധാരണയായി.

മാനുഷിക സഹായം, വികസന സഹായം, വ്യാപാരം, വാണിജ്യം, കായികം, സാംസ്കാരിക ബന്ധങ്ങൾ, പ്രാദേശിക സുരക്ഷ പോലുള്ള ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളിലടക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കുക എന്നതായിരുന്നു ദുബായിലെ കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട. കൂടിക്കാഴ്ചയിൽ ഇന്ത്യ അഫ്ഗാനിസ്ഥാന് കൂടുതൽ മാനുഷിക പിന്തുണ വാഗ്ദാനം ചെയ്തു. ആരോഗ്യ സംരക്ഷണ മേഖലയിലെ സഹായം, മരുന്നുകളുടെ വിതരണം, അഭയാർഥികളുടെ പുനരധിവാസം എന്നിവയിലും ഇന്ത്യ സഹായം ഉറപ്പു നൽകി.


50,000 മെട്രിക് ടൺ ഗോതമ്പ്, 300 ടൺ മരുന്നുകൾ, 27 ടൺ ഭൂകമ്പ ദുരിതാശ്വാസ സഹായം, 40,000 ലിറ്റർ കീടനാശിനികൾ, 100 ദശലക്ഷം പോളിയോ വാക്സിനുകൾ, 1.5 ദശലക്ഷം കോവിഡ് വാക്സിൻ, മയക്കുമരുന്ന് ഡി അഡിക്ഷൻ പ്രോഗ്രാമിനുള്ള സുരക്ഷാ കിറ്റുകൾ, 500 യൂണിറ്റ് ശീതകാല വസ്ത്രങ്ങൾ, 1.2 ടൺ സ്റ്റേഷനറി കിറ്റുകളും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ അഫ്​ഗാന് നൽകി വരുന്നുണ്ട്. അത് തുടരുമെന്നും ഇന്ത്യ അഫ്​ഗാനിസ്ഥാന് ഉറപ്പ് നൽകി. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് നൽകിവരുന്ന പിന്തുണയ്ക്ക് അഫ്ഗാൻ വിദേശകാര്യമന്ത്രി നന്ദി അറിയിച്ചു.

SCROLL FOR NEXT