കപില്‍ സിബല്‍ 
NEWSROOM

അനൈക്യം വിശ്വാസ്യത തകര്‍ക്കും; ഇന്‍ഡ്യാ സഖ്യത്തിന് ഏകീകൃത നയവും ഔപചാരിക ഘടനയും വേണമെന്ന് കപില്‍ സിബല്‍

സഖ്യത്തിന് ഔപചാരികമായൊരു ഘടന ഉണ്ടാകണമെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍

Author : ന്യൂസ് ഡെസ്ക്



ഇന്‍ഡ്യാ സഖ്യം നയത്തിലും കാഴ്ചപ്പാടിലും ഒരു ബ്ലോക്ക് ആയി നില്‍ക്കണമെന്ന് രാജ്യസഭാ എംപിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. സഖ്യത്തിന് യോജിച്ച നയവും, പ്രത്യയശാസ്ത്ര ചട്ടക്കൂടും ഭാവി പരിപാടിയും ഉണ്ടായിരിക്കണം. നിലപാടുകള്‍ വിശദീകരിക്കാന്‍ ഔദ്യോഗിക വക്താക്കള്‍ ആവശ്യമാണ്. സഖ്യത്തിന് ഔപചാരികമായൊരു രാഷ്ട്രീയ ഘടന ഉണ്ടാകണം. അനൈക്യം സഖ്യത്തെ വിശ്വാസ്യത തകര്‍ക്കുമെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ സിബല്‍ പറഞ്ഞു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഖ്യകക്ഷികള്‍ പരസ്പരം മത്സരിക്കുന്ന സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കായിരുന്നു സിബലിന്റെ മറുപടി. സംസ്ഥാന തലത്തെക്കുറിച്ചോ, ദേശീയ തലത്തെക്കുറിച്ചോ അല്ല സംസാരിക്കുന്നത്. ദേശീയ തലത്തില്‍ പ്രാധാന്യമുള്ള വിഷയങ്ങളില്‍ നയ യോജിപ്പുണ്ടായിരിക്കണം. സഖ്യത്തിന്റെ കാഴ്ചപ്പാടുകള്‍ പറയാന്‍ വക്താക്കള്‍ ഉണ്ടാകണം. അല്ലാത്തപക്ഷം, സഖ്യത്തിന് ഫലപ്രദമായി മുന്നോട്ടുപോകാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് സിബല്‍ പറഞ്ഞു.

സഖ്യത്തിന് ഔപചാരികമായൊരു ഘടന ഉണ്ടാകണമോ എന്ന ചോദ്യത്തിന്, തീര്‍ച്ചയായും അത് വേണമെന്നായിരുന്നു സിബലിന്റെ മറുപടി. ഇപ്പോള്‍ ചിലപ്പോള്‍ അക്കാര്യം ആര്‍ക്കെങ്കിലും ഇഷ്ടമാകുന്നുണ്ടാകില്ല. അല്ലെങ്കില്‍, അതിനുള്ള സമയമാണ് ഇതെന്ന് കരുതുന്നുണ്ടാകില്ല. പക്ഷേ, അത് ആവശ്യമാണ്. പ്രതിപക്ഷ സഖ്യത്തിന് നല്ലൊരു ഭാവി കാണുന്നു. എന്നാല്‍, അത് എന്ത് രൂപമെടുക്കും, എന്ത് ഘടന സ്വീകരിക്കും എന്നത് കാത്തിരുന്ന് കാണണമെന്നും സിബല്‍ വ്യക്തമാക്കി.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ്, ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) സഖ്യം രൂപീകരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികള്‍ ഒരുമിച്ചു നിന്നപ്പോള്‍, ഇക്കുറി 400 സീറ്റെന്ന ബിജെപിയുടെ പ്രചരണം പോലും ലക്ഷ്യം കണ്ടില്ല. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതെ, സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേറിയത്. എന്നാല്‍, ഹരിയാന, മഹാരാഷ്ട്ര, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്ക് എത്തിയപ്പോള്‍ സഖ്യകക്ഷികള്‍ പരസ്പരം മത്സരിക്കുന്ന സാഹചര്യമായി. പരസ്പരം ആരോപണ, പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തിവിട്ട തെരഞ്ഞെടുപ്പുകളില്‍ ബിജെപി കാര്യമായ നേട്ടമുണ്ടാക്കി. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള വാഗ്വാദങ്ങള്‍ സമാനതകളില്ലാത്തതായിരുന്നു. അതോടെ, കാല്‍ നൂറ്റാണ്ടിനുശേഷം ബിജെപി ഡല്‍ഹിയില്‍ അധികാരം തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT