NEWSROOM

ഇന്ത്യ-പാക് സംഘർഷം: അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങുന്ന എഴുപത്തഞ്ചോളം വിദ്യാർഥികൾ കേരള ഹൗസിലെത്തി

ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര - സംസ്ഥാന യൂണിവേഴ്സിറ്റികളിൽ നിന്നായി എഴുപത്തഞ്ചോളം വിദ്യാർഥികളാണ് കേരള ഹൗസിലെത്തിയത്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യ- പാകിസ്ഥാൻ സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലെത്തി നിൽക്കെ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർഥികൾ ഡൽഹി കേരള ഹൗസിലെത്തി. ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര - സംസ്ഥാന യൂണിവേഴ്സിറ്റികളിൽ നിന്നായി എഴുപത്തഞ്ചോളം വിദ്യാർഥികളാണ് കേരള ഹൗസിലെത്തിയത്. വിദ്യാർഥികൾ വിവിധ വിമാനങ്ങളിലും ട്രെയിനുകളിലുമായി ഇന്ന് നാട്ടിലേക്ക് തിരിക്കും.

അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം കൺട്രോൾ റൂം തുറന്നത്. കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമാണ് തുറന്നത്.

അഡീഷണൽ റെസിഡൻ്റ് കമ്മീഷണർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ കൺട്രോളർ എ.എസ്. ഹരികുമാർ, ലെയ്സൺ ഓഫീസർ രാഹുൽ കെ. ജെയ്സ്വാർ, നോർക്ക ഡെവല്പ്മെൻ്റ് ഓഫീസർ ജെ. ഷാജിമോൻ, പി.ഡബ്ല്യു.ഡി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി. ബൈജു അസിസ്റ്റൻ്റ്, എഞ്ചിനീയർമാരായ എൻ. ശ്രീഗേഷ്, സി. മുനവർ ജുമാൻ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ. സുനിൽകുമാർ കെ.എസ്.ഇ.ബി റെസിഡൻ്റ് എഞ്ചിനീയർ ഡെന്നീസ് രാജൻ, ഐ & പിആർഡി അസിസ്റ്റൻ്റ് എഡിറ്റർ രതീഷ് ജോൺ, അസിസ്റ്റൻ്റ് ലെയ്സൺ ഓഫീസർമാരായ, റ്റി.ഒ. ജിതിൻ രാജ്, പി.ആർ. വിഷ്ണുരാജ്, എസ്. സച്ചിൻ, ജയരാജ് നായർ, ആർ. അതുൽ കൃഷ്ണൻ എന്നിവരെ കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചു.

കൺട്രോൾ റൂം ഹെൽപ്പ് ലൈൻ നമ്പർ. 01123747079

SCROLL FOR NEXT