ഇന്ത്യാ-പാക് സംഘർഷത്തിൽ ഇടപെടാനാകില്ലെന്ന് ലോക ബാങ്ക്. മറിച്ചുള്ള റിപ്പോർട്ടുകൾ വസ്തുതാ വിരുദ്ധമെന്ന് ലോക ബാങ്ക് പ്രസിഡൻ്റ് അജയ് ബങ്ക അറിയിച്ചു. സിന്ധു നദീജല കരാർ പിൻവലിച്ചതിലും സംഘർഷം ലംഘൂകരിക്കുന്നതിലും ലോക ബാങ്കിന് ഒന്നും ചെയ്യാനില്ലെന്ന് അജയ് ബങ്ക സന്ദേശത്തിൽ അറിയിച്ചു. അജയ് ബങ്കയുടെ സന്ദേശം കേന്ദ്ര സർക്കാർ പങ്കുവെച്ചു.
ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ലോക ബാങ്കിന് കഴിയുമെന്ന് പ്രചരണം തെറ്റാണ്. സിന്ധു നദീജല കരാർ പിൻവലിച്ചതുമായി ബന്ധപ്പെട്ട് ലോക ബാങ്ക് ഇടപെടണമെന്നതും പരിഹരിക്കണമെന്നതും നടക്കാത്ത കാര്യമാണ്. അത്തരം റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണ്. സൗകര്യങ്ങൾ ഒരുക്കുന്നതിനപ്പുറം ലോക ബാങ്കിന് ഒന്നും ചെയ്യാനില്ലെന്നും പ്രസിഡന്റ് അജയ് ബങ്കയുടെ സന്ദേശത്തിൽ പറയുന്നു.
അതേസമയം, പാക്- ഇന്ത്യ സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിൽ എത്തി നിൽക്കുകയാണ്. ജയ്‌സാൽമീറിലെ ബിഎസ്എഫ് ക്യാമ്പിന് നേരെ നടന്ന പാക് ഡ്രോൺ ആക്രമണശ്രമം ഇന്ത്യൻ സൈന്യം തകർത്തു. പുലർച്ചെ 4.30 മുതൽ 5.30 വരെയായിരുന്നു ജയ്‌സാൽമീറിലെ രാംഗഡിലുള്ള ബിഎസ്എഫ് ക്യാമ്പിന് നേരെ ആക്രമണം നടന്നത്. പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഡ്രോണിനെ ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തി.
ALSO READ: IPL 2025: ഐപിഎൽ 18ാം സീസൺ ഉപേക്ഷിച്ച് ബിസിസിഐ; തീരുമാനം ഇന്ത്യ-പാക് സംഘർഷം കണക്കിലെടുത്ത്
ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ജമ്മു കശ്മീർ മേഖലയിലും പാക് പ്രകോപനം നടന്നിരുന്നു. പാകിസ്ഥാന്‍റെ ഒരു എഫ്-16, രണ്ട് ജെഎഫ്-17 യുദ്ധവിമാനങ്ങളും അന്‍പതിലധികം ഡ്രോണുകളും സുരക്ഷാസേന തകർത്തു. എട്ടോളം മിസൈലുകളും ഇന്ത്യന്‍ സൈന്യം നിഷ്പ്രഭമാക്കിയതായാണ് റിപ്പോർട്ട്. എസ്-400 വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് പാക് ആക്രമണത്തെ ഇന്ത്യ നേരിട്ടത്. നിയന്ത്രണ രേഖയോട് ചേർന്ന് രാജസ്ഥാനും പഞ്ചാബും ഉള്‍പ്പെടെയുള്ള വിവിധ ഇടങ്ങളില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തുന്നതായാണ് റിപ്പോർട്ടുകള്‍.