NEWSROOM

പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി; വ്യോമാതിർത്തി അടച്ചു

യാത്ര വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കും അനുമതി നൽകില്ല

Author : ന്യൂസ് ഡെസ്ക്

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി. പാകിസ്ഥാൻ എയർലൈൻസ് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തി അടച്ചു. യാത്ര വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കും അനുമതി നൽകില്ല. 2025 ഏപ്രിൽ 30 മുതൽ മെയ് 23 വരെ വ്യോമാതിർത്തി അടച്ചിടൽ പ്രാബല്യത്തിലായിരിക്കും.

26 പേരെ കൊലപ്പെടുത്തിയ ജമ്മു കശ്മീർ പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പ്രതികാര നടപടി ഉണ്ടാകുമെന്ന ആശങ്ക കാരണം നേരത്തെ പാകിസ്ഥാൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ഒഴിവാക്കാൻ തുടങ്ങിയിരുന്നു. ഇന്ത്യ ഔദ്യോഗികമായി വ്യോമാതിർത്തി അടയ്ക്കുന്നതോടെ, ക്വാലാലംപൂർ പോലുള്ള തെക്കുകിഴക്കൻ ഏഷ്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താൻ പാകിസ്ഥാൻ വിമാനക്കമ്പനികൾ ചൈന, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരുമെന്ന് അധികൃതർ പറയുന്നു. ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിന് ശേഷം ഒരാഴ്ച മുൻപ് പാകിസ്ഥാൻ നേരത്തെ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചിരുന്നു. ഇന്ത്യൻ വ്യോമ മേഖല ഒഴിവാക്കുന്നത് നഷ്ടത്തിൽ പ്രവ‍ർത്തിക്കുന്ന വിമാന കമ്പനികൾക്ക് കൂടുതൽ തിരിച്ചടിയാകും.

പാകിസ്ഥാനി താരങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളും വിലക്കിയിട്ടുണ്ട്. ഹനിയ ആമി‍ർ, മഹിറ ഖാൻ, അലി സഫ‍ർ എന്നിവരുടെ അക്കൗണ്ടുകളാണ് വിലക്കിയത്. പാകിസ്ഥാൻ ക്രിക്കറ്റ‍ർമാരുടെ അക്കൗണ്ടുകൾക്കും വിലക്കുണ്ട്.

ഡൽഹിയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സൂപ്പർ കാബിനറ്റ് ചേർന്നിരുന്നു. പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള വസതിയിൽ വെച്ചായിരുന്നു യോഗം ചേർന്നത്. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ കാര്യങ്ങൾക്കുള്ള യൂണിയൻ കാബിനറ്റ് കമ്മിറ്റികളാണ് ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്നത്. സൂപ്പര്‍ കാബിനറ്റ് എന്നറിയപ്പെടുന്ന കേന്ദ്ര മന്ത്രിസഭയിലെ ഉന്നത മന്ത്രിമാര്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതി യോഗം ഏറെ നിർണായകമാണ്. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് 2019ലാണ് സൂപ്പര്‍ കാബിനറ്റ് അവസാനമായി ചേര്‍ന്നത്. ബാലാകോട്ട്‌ വ്യോമാക്രമണത്തിലൂടെയാണ് അന്ന് ഇന്ത്യ പ്രതികരിച്ചിരുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള രാജ്യത്തെ സാഹചര്യം, അതിർത്തിയിലെ സേനാ വിന്യാസം, ലോക രാജ്യങ്ങളുടെ നിലപാട് എന്നിവയെല്ലാം യോഗത്തിൽ ചർച്ചയായി.

ഇന്ത്യയുടെ തിരിച്ചടി നീക്കത്തിൽ പാകിസ്ഥാൻ കടുത്ത ആശങ്കയിലാണ്. 36 മണിക്കൂറിനുള്ളിൽ ആക്രമണം പ്രതീക്ഷിക്കുന്നുവെന്ന് പാക് ഇൻ്റലിജൻസ് റിപ്പോർട്ട് പാക് മന്ത്രി പുറത്തുവിട്ടിരുന്നു. അതേസമയം, ഭയപ്പാടിനിടയിലും അതിർത്തിയിൽ പാകിസ്താൻ സൈന്യം പ്രകോപനം തുടരുകയാണ്. ഇന്ത്യൻ ഡ്രോൺ വെടിവെച്ചിട്ടെന്നാണ് അവകാശവാദം.

SCROLL FOR NEXT