NEWSROOM

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻ്റിൻ്റെ നിലവാരം ഐപിഎല്ലിന് തുല്ല്യം: വരുൺ ചക്രവർത്തി

ടി20 ഫോർമാറ്റിൽ തിളങ്ങാനായി ഇന്ത്യൻ താരങ്ങൾ ആഭ്യന്തര ടൂർണമെൻ്റിൽ കൂടുതൽ കളിക്കണമെന്നാണ് തൻ്റെ അഭിപ്രായമെന്നും താരം പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ പ്രധാന ടി20 ടൂർണമെൻ്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ നിലവാരം ഐപിഎല്ലിന് സമമാണെന്ന് ഇന്ത്യയുടെ സ്റ്റാർ സ്പിന്നർ വരുൺ ചക്രവർത്തി. ടി20 ഫോർമാറ്റിൽ തിളങ്ങാനായി ഇന്ത്യൻ താരങ്ങൾ ആഭ്യന്തര ടൂർണമെൻ്റിൽ കൂടുതൽ കളിക്കണമെന്നാണ് തൻ്റെ അഭിപ്രായമെന്നും താരം പറഞ്ഞു.



ആഭ്യന്തര ക്രിക്കറ്റിൽ ഊന്നൽ നൽകുന്നതിൽ ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിൻ്റെയും ചീഫ് സെലക്ടർ അജിത് അഗാർക്കറുടെയും തീരുമാനത്തോട് യോജിക്കുന്നതായും താരം മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച കൊൽക്കത്തയിൽ നടന്ന ആദ്യ ടി20യിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏഴ് വിക്കറ്റ് വിജയത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചക്രവർത്തി നിർണായക പങ്കുവഹിച്ചിരുന്നു.



"ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റിൻ്റെ നിലവാരം വളരെ ഉയർന്നതാണ്. ഐപിഎല്ലിനും ഞങ്ങൾ കളിക്കുന്ന മറ്റു അന്താരാഷ്ട്ര മത്സരങ്ങൾക്കും തുല്യമാണ് ആഭ്യന്തര മത്സരങ്ങളെന്ന് ഞാൻ പറയും. അതിനാൽ, ഇന്ത്യയിൽ എല്ലാവരോടും സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻ്റിൽ കളിക്കാൻ നിർദ്ദേശിക്കുന്നു. കാരണം ഞങ്ങൾ ചെറിയ ഗ്രൗണ്ടുകളിലാണ് കളിക്കുന്നത്. ഇത് വളരെ വെല്ലുവിളി നിറഞ്ഞതാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കുന്നത് എനിക്കും വളരെ ബുദ്ധിമുട്ടാണ്. ഇത് തീർച്ചയായും എന്നെ മെച്ചപ്പെടാനും കൂടുതൽ സജ്ജമായിരിക്കാനും ശരിയായ നിമിഷത്തിൽ ശരിയായി ചിന്തിക്കാനും എന്നെ സഹായിച്ചു," മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ വരുൺ ചക്രവർത്തി പറഞ്ഞു.

SCROLL FOR NEXT