NEWSROOM

ലബനൻ പേജർ സ്ഫോടനത്തിന് പിന്നാലെ ചൈനീസ് സിസിടിവികൾക്ക് വിലക്കിടാൻ ഇന്ത്യ; പ്രാദേശിക നിർമാണം പ്രോത്സാഹിപ്പിക്കുമെന്ന് റിപ്പോർട്ട്

ഇവയ്ക്ക് പകരം പ്രദേശിക നിർമാതാക്കളെ പ്രോത്സാഹിപ്പിക്കുമെന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്


ലബനൻ പേജർ ആക്രമണത്തിന് പിന്നാലെ ചൈനയിൽ നിന്നടക്കമുള്ള വിദേശനിർമിത സിസിടിവി ഉപകരണങ്ങൾക്ക് വിലക്കിടാനുളള നീക്കങ്ങൾ ഇന്ത്യ ആരംഭിച്ചതായി റിപ്പോർട്ട്. ഇവയ്ക്ക് പകരം പ്രദേശിക നിർമാതാക്കളെ പ്രോത്സാഹിപ്പിക്കുമെന്നാണ് സൂചന. ഇതിനായുള്ള മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായുള്ള നടപടികൾ ഇന്ത്യ വേഗത്തിലാക്കിയതായി ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

"സിസിടിവി ക്യാമറകളെക്കുറിച്ചുള്ള സർക്കാരിൻ്റെ നയം ഒക്ടോബർ 8 മുതൽ പ്രാബല്യത്തിൽ വരാൻ സാധ്യതയുണ്ട്. ചൈനീസ് നിർമാതാക്കളെ പൂർണമായും ഒഴിവാക്കിക്കൊണ്ടായിരിക്കും വിജ്ഞാപനം. ഇത് ഇന്ത്യൻ കമ്പനികൾക്ക് പ്രയോജനം ചെയ്യും," ദേശീയ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

വിവരങ്ങൾ ചോർത്താനോ ഡാറ്റ പുറത്തെടുക്കാനോ കഴിയാത്ത, പിൻവാതിലുകളില്ലാത്ത വിശ്വസനീയമായ സ്ഥലങ്ങളിൽ നിന്നും ഇത്തരം ഉപകരണങ്ങൾ നിർമിക്കപ്പെടണമെന്നാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്ന് കൗണ്ടർ പോയിൻ്റ്  റിസർച്ചിലെ റിസർച്ച് അനലിസ്റ്റ് വരുൺ ഗുപ്ത പറഞ്ഞു.

പേജർ സ്ഫോടനത്തിന് മുൻപ് തന്നെ ഡാറ്റ ചോർത്തൽ സാധ്യത മുൻനിർത്തി ഇത്തരം വിദേശ സിസിടിവികൾ നിരോധിക്കണമെന്ന് കേന്ദ്രം തീരുമാനിച്ചിരുന്നു. നിലവിൽ, സിപി പ്ലസ്, ഹിക്ക്‌വിഷൻ, ദഹുവാ എന്നീ കമ്പനികളാണ് ഇന്ത്യൻ വിപണിയുടെ 60 ശതമാനത്തിലധികമുള്ളത്. ഇതിൽ ഹിക്ക്‌വിഷൻ, ദഹുവാ എന്നിവ ചൈനീസ് കമ്പനികളാണ്. 2022 നവംബറിൽ, ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (FCC) വഴി അമേരിക്കൻ സർക്കാർ ദേശീയ സുരക്ഷയുടെ അപകടസാധ്യതകൾ മുൻനിർത്തി ഹിക്ക്‌വിഷൻ, ദഹുവാ എന്നീ സിസിടിവി ഉപകരണങ്ങളുടെ വിൽപ്പന നിരോധിച്ചിരുന്നു. ഈ സാഹചര്യം കൂടി മുൻനിർത്തിയാണ് കേന്ദ്രത്തിൻ്റെ തീരുമാനം.


SCROLL FOR NEXT