പാകിസ്ഥാന്‍ ആതിഥേയരായ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിച്ച എല്ലാ മത്സരങ്ങളുടേയും വേദി ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയമായിരുന്നു. മറ്റ് ടീമുകളെല്ലാം രാജ്യങ്ങള്‍ മാറി സഞ്ചരിക്കേണ്ടി വരുമ്പോള്‍ ഇന്ത്യന്‍ ടീമിന് മാത്രം യാത്രാ ആനുകൂല്യം ലഭിച്ചു. ഇന്ന് ഫൈനല്‍ നടക്കാനിരിക്കേ ഇന്ത്യക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ വിമര്‍ശിച്ച് കൂടുതല്‍ താരങ്ങള്‍.
ബിസിസിഐക്കെതിരെ കടുത്ത വിമര്‍ശനവുമായി ഏറ്റവും ഒടുവില്‍ രംഗത്തെത്തിയത് മുന്‍ പാക് താരമായ ജുനൈദ് ഖാന്‍ ആണ്. ചാംപ്യന്‍സ് ട്രോഫി തുടങ്ങിയതിനു ശേഷം മറ്റ് ടീമുകള്‍ സഞ്ചരിച്ച ദൂരം പങ്കുവെച്ചാണ് ജുനൈദ് ഖാന്റെ വിമര്‍ശനം. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിജയങ്ങള്‍ക്ക് ഈ യാത്രാ ആനുകൂല്യവും ഘടകമായിട്ടുണ്ടെന്നാണ് ജുനൈദ് ഖാന്റെ വിമര്‍ശനം.
ടൂര്‍ണമെന്റിനായി ന്യൂസിലന്‍ഡ് ടീം 7,150 കിലോമീറ്ററും ദക്ഷിണാഫ്രിക്ക 3.286 കിലോമീറ്ററും യാത്ര ചെയ്തപ്പോള്‍ ഇന്ത്യക്ക് എങ്ങോട്ടും പോകേണ്ടി വന്നില്ലെന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ജുനൈദ് ഖാന്‍ ചൂണ്ടിക്കാട്ടുന്നു. 'ചില ടീമുകള്‍ മിടുക്ക് കൊണ്ട് വിജയിക്കുമ്പോള്‍ ചിലര്‍ ഷെഡ്യൂള്‍ കാരണം രക്ഷപ്പെടുന്നു' എന്നും ജുനൈദ് ഖാന്‍ പരിഹസിച്ചു.
വേദി മാറ്റമില്ലാത്തത് ഇന്ത്യക്ക് ഗുണമാകുന്നുണ്ടോ എന്ന ചോദ്യം പരിശീലകന്‍ ഗൗതം ഗംഭീര്‍ തള്ളിയിരുന്നു. ഇന്ത്യന്‍ ടീം പരിശീലിക്കുന്നത് ഐസിസി അക്കാദമിയിലാണെന്നും അല്ലാതെ, ദുബായ് സ്റ്റേഡിയത്തിലല്ലെന്നുമായിരുന്നു ഗംഭീറിന്റെ മറുപടി.