ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പിലെ നിർണായക ഫൈനലിൽ പാകിസ്ഥാൻ ഉയർത്തിയ 348 റൺസ് വിജയലക്ഷ്യം പിന്തുടരവെ പുറത്തായ വൈഭവ് സൂര്യവംശിക്കും ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയ്ക്കും നേരെ ആക്രോശവും സ്ലെഡ്ജിങ്ങും നടത്തി പാക് ബൗളർ അലി റാസ. ഇന്ത്യൻ നിരയിൽ ഏറ്റവും അപകടകാരിയായ ബാറ്ററാണ് വൈഭവ്.
പതിവ് പോലെ ആക്രമണാത്മക ശൈലിയിൽ 10 പന്തിൽ 26 റൺസെടുത്ത് നിൽക്കവെയാണ് വൈഭവ് സൂര്യവംശി പുറത്തായത്. മൂന്ന് സിക്സറും ഒരു ഫോറും പറത്തിയാണ് വൈഭവ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്. അഞ്ചാം ഓവറിലെ ആദ്യ പന്തിൽ വൈഭവ് പുറത്താകുമ്പോഴേക്കും ഇന്ത്യയുടെ സ്കോർ ബോർഡിൽ 49 റൺസ് പിറന്നിരുന്നു.
അലി റാസയുടെ പന്തിൽ നിന്ന് ഹംസ സഹൂറിന് ക്യാച്ച് സമ്മാനിച്ചാണ് വൈഭവ് മടങ്ങിയത്. പുറത്താകുമ്പോൾ 260 ആയിരുന്നു വൈഭവിൻ്റെ സ്ട്രൈക്ക് റേറ്റ്. നിർണായക വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ പാക് പേസർ അലി റാസ ഇന്ത്യൻ താരത്തിന് നേരെ സ്ലെഡ്ജിങ് നടത്തുകയായിരുന്നു.
ഇതോടെ വൈഭവ് സൂര്യവംശിക്കും ദേഷ്യം പിടിച്ചു. നീ എൻ്റെ കാൽക്കീഴിലാണ് എന്ന അർത്ഥം വരുന്ന തരത്തിൽ അലി റാസയോട് വൈഭവ് ഫ്രസ്ട്രേഷനോട് ഒരു ആംഗ്യവും കാണിച്ചു. പിന്നീട് ഗ്യാലറിയിലേക്ക് നടക്കുകയായിരുന്നു.
ഈ ഏറ്റുമുട്ടലിൻ്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ആദ്യം ആയുഷ് മാത്രെയും (2) പിന്നാലെ ആരോൺ ജോർജും (16) തൊട്ടു പിന്നാലെ വൈഭവവും വീണതോടെ ഇന്ത്യക്ക് പിന്നീട് ആ തകർച്ചയിൽ നിന്ന് കരകയറാനായില്ല. ആയുഷ് മാത്രെയോടും റാസ അലി സ്ലെഡ്ജിങ് നടത്തിയിരുന്നു.
പാക് ബൗളർമാരിൽ അലി റാസ മൂന്നും മുഹമ്മദ് സയ്യമും അബ്ദുൾ സുഭാനും രണ്ടു വീതം വിക്കറ്റെടുത്തു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു വീശിയ പാകിസ്ഥാൻ 8 വിക്കറ്റ് നഷ്ടത്തിൽ 347 റൺസെടുത്തു.
പാക് ബാറ്റിങ് നിരയിൽ ഓപ്പണർ സമീർ മിൻഹാസ് (113 പന്തിൽ 172) തകർപ്പൻ ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. അഹമ്മദ് ഹുസൈൻ (56), ഉസ്മാൻ ഖാൻ (35), ക്യാപ്റ്റൻ ഹർഹാൻ യോസഫ് (19) എന്നിവരും ഉറച്ച പിന്തുണയേകി.