മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ അവസാന ദിവസത്തെ ആവേശം ചോർത്തി ഇന്ത്യൻ ബാറ്റർമാരുടെ മോശം പ്രകടനം. ഓസീസിനെ 234 റണ്‍സിന് ഓള്‍ഔട്ടാക്കി ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് മുന്നിൽ 340 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തിയപ്പോഴേ മത്സരം തോറ്റു കൊടുക്കാനില്ലെന്ന് ഓസീസ് വ്യക്തമാക്കിയിരുന്നു.
ഫിഫ്റ്റിയുമായി തുടക്കത്തിലെ തകർച്ചയിൽ നിന്നും ഇന്ത്യയെ കരകയറ്റിയത് യശസ്വി ജെയ്സ്വാൾ (63) ആണ്. ഇന്ത്യ 53 ഓവറിൽ 112/3 എന്ന നിലയിൽ ബാറ്റിങ് തുടരുകയാണ്. 28 റൺസുമായി റിഷഭ് പന്തും ക്രീസിലുണ്ട്. രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യ സെഷനില്‍ നഷ്ടമായത്. രോഹിത്തിനെയും (9) രാഹുലിനെയും (0) പുറത്താക്കി ക്യാപ്റ്റന്‍ കമ്മിന്‍സ് ഇന്ത്യക്ക് ഇരട്ട പ്രഹരമാണ് ഏൽപ്പിച്ചത്. ആദ്യ സെഷന്‍ അവസാനിക്കുന്നതിന് തൊട്ടുമുൻപ് വിരാട് കോഹ്‌ലിയും മടങ്ങി. അഞ്ച് റണ്‍സെടുത്ത കോഹ്‌ലിയെ മിച്ചല്‍ സ്റ്റാര്‍ക്കാണ് പുറത്താക്കിയത്.
നേരത്തെ 9 വിക്കറ്റിന് 228 എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ഓസീസ് 234 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 41 റണ്‍സ് നേടിയ നഥാന്‍ ലിയോണെ ക്ലീന്‍ ബൗള്‍ഡാക്കി ജസ്പ്രീത് ബുമ്രയാണ് ഓസീസ് ഇന്നിങ്‌സിന് അവസാനം കുറിച്ചത്. 15 റണ്‍സുമായി സ്‌കോട്ട് ബോളണ്ട് പുറത്താകാതെ നിന്നു. രണ്ടാം ഇന്നിങ്‌സില്‍ ബുമ്ര അഞ്ച് വിക്കറ്റ് നേടി. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും വീഴ്ത്തി.