ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയെ 10 വിക്കറ്റിന് തകർത്ത് കരുത്തരായ ഓസ്ട്രേലിയ 1-1ന് ഒപ്പമെത്തിയിരിക്കുകയാണ്. ജസ്‌പ്രീത് ബുമ്ര നയിച്ച പെർത്തിലെ ആദ്യ ടെസ്റ്റിൽ നിന്ന് വ്യത്യസ്തമായി രോഹിത് ശർമ നയിച്ച ഇന്ത്യൻ ടീമിൽ ആദ്യം ദിനം മുതൽ വിജയതൃഷ്ണ മിസ്സിങ് ആയിരുന്നുവെന്നതാണ് വാസ്തവം.
കളിയുടെ സമസ്ത മേഖലകളിലും രോഹിത്തിൻ്റെ ടീം പിന്നോട്ടു പോയി എന്നതിന് തെളിവാണ് മത്സരത്തിൻ്റെ മൂന്നാം ദിനം തന്നെ ആയുധം വെച്ച് കീഴടങ്ങിയതിലൂടെ കാണാനായത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ ഇന്ത്യൻ ടീം തോൽവിയായി എന്നതാണ് അഡ്‌ലെയ്ഡ് ടെസ്റ്റ് സമ്മാനിക്കുന്ന നിരാശ. രോഹിത് ശർമയ്ക്ക് കീഴിൽ ടെസ്റ്റിൽ ഈ വർഷം ഇന്ത്യയുടെ നാലാമത്തെ തുടർപരാജയമാണിത്. കഴിഞ്ഞ 12 ഇന്നിങ്സുകളിൽ ഒരിക്കൽ മാത്രമാണ് അമ്പതിന് മുകളിൽ സ്കോർ ചെയ്യാൻ ഹിറ്റ്മാന് സാധിച്ചത്. മധ്യനിരയിലേക്ക് മാറി സ്വയം പ്രതിഷ്ഠിച്ചെങ്കിലും അവിടെയും താളം കണ്ടെത്താൻ നായകൻ പതറുന്ന കാഴ്ച നിരാശപ്പെടുത്തുന്നതായിരുന്നു.
അഡ്‌ലെയ്‌ഡിലെ ഡേ-നൈറ്റ് പിങ്ക് ടെസ്റ്റുകളിൽ ഒരിക്കൽ പോലും തോൽവി വഴങ്ങിയിട്ടില്ലെന്ന റെക്കോർഡ് ഓസീസ് നിലനിർത്തുന്നതാണ് കണ്ടത്. ആദ്യ ഇന്നിങ്സിൽ ആറ് വിക്കറ്റുമായി മിച്ചെൽ സ്റ്റാർക്കും രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റുമായി നായകൻ പാറ്റ് കമ്മിൻസും തിളങ്ങിയ പിച്ചിൽ ഇന്ത്യൻ പേസർമാർ പരാജയമാകുന്ന കാഴ്ച ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു.
ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്സിൽ ജസ്പ്രീത് ബുമ്രയ്ക്കും മുഹമ്മദ് സിറാജിനും നാലു വിക്കറ്റ് വീതം നേടാനായെന്നത് വസ്തുതയാണ്. എന്നാൽ, ഇരുവരെയും ഫലപ്രദമായി വിനിയോഗിക്കുന്നതിൽ നായകനെന്ന നിലയിൽ രോഹിത് ശർമ പരാജയമാകുന്നതാണ് കണ്ടത്. പേസും ബൗൺസും ഒരുപോലെയുള്ള പെർത്തിലെ പിച്ചിൽ നിന്ന്, സ്വിങ്ങിനെ കൂടുതൽ തുണയ്ക്കുന്ന അഡ്‌ലെയ്‌ഡ് ഓവലിലെ പിച്ചിനെ കുടൂതൽ മനസിലാക്കുന്നതിൽ ക്യാപ്റ്റൻ രോഹിത്തും കോച്ച് ഗംഭീറും ബൗളിങ് കോച്ച് മോണി മോർക്കലും പരാജയപ്പെട്ടിടത്താണ് കംഗാരുപ്പട മത്സരത്തിൽ ആധിപത്യമുറപ്പിച്ചത്.
ആകാശ് ദീപിനെ പോലൊരു പേസർക്ക് അനുകൂലമായിരുന്നു അഡ്‌ലെയ്‌ഡിലെ പിച്ച് എന്നിരിക്കെ, മൂന്നാമത്തെ പേസറായി ഹർഷിത് റാണയെ ടീമിലെടുത്തതിനെതിരെ ആരാധകർക്കിടയിൽ രോഷം ശക്തമാണ്. 16 ഓവറിൽ 86 റൺസ് വഴങ്ങിയ റാണയ്ക്ക് പേരിനൊരു വിക്കറ്റു പോലും ലഭിച്ചില്ലെന്നത് നിരാശയേകുന്ന കാര്യമാണ്. ഹർഷിതിൻ്റെ പന്തിൽ മാച്ച് വിന്നറായ ട്രാവിസ് ഹെഡ്ഡിൻ്റെ നിർണായക ക്യാച്ച് വിട്ടുകളഞ്ഞ റിഷഭ് പന്തിൻ്റെ ഉദാസീനതയും ഇവിടെ വിമർശന വിധേയമാകേണ്ടതുണ്ട്.
ആറോവർ മാത്രമെറിഞ്ഞ് ഒരു വിക്കറ്റെടുത്ത നിതീഷ് കുമാർ റെഡ്ഡിക്ക് കൂടുതൽ ഓവറുകൾ രോഹിത് നൽകാതിരുന്നതും വിമർശന വിധേയമാകുകയാണ്. ഫോമിൽ അല്ലാതിരുന്ന ഹെഡ്ഡിനും മാർനസ് ലബൂഷെയ്നും അനായാസം റൺസ് വിട്ടുനൽകി ഫോമിലെത്തിച്ചതിന് രോഹിത്തിൻ്റെ ക്യാപ്റ്റൻസിയോട് ഓസീസ് ആരാധകർ നന്ദി പറയുന്നുണ്ടാകണം. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യ പതിച്ചുകഴിഞ്ഞു. ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യക്ക് മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ.
ഈ പരമ്പരയുടെ ഭാവിയെ അടിസ്ഥാനമാക്കിയാകും ടെസ്റ്റ് മത്സരങ്ങളിലെ ക്യാപ്റ്റൻസിയിൽ രോഹിത് ശർമ തുടരുമോ ഇല്ലയോ എന്ന് തീരുമാനിക്കാൻ. സ്വന്തം നാട്ടിൽ ന്യൂസിലൻഡിനെതിരായ പരമ്പര 3-0ന് കൈവിട്ടതോടെ ബിസിസിഐയിലും ക്യാപ്റ്റൻ രോഹിത്തിനെതിരെയും കോച്ച് ഗംഭീറിനെതിരെയും പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്. ലോക ടെസ്റ്റ് ക്രിക്കറ്റിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റ് ടീം തുടരുന്ന അധീശത്വം അടിയറവ് വെക്കുന്ന പ്രവണതയാണ് കാണാനാകുന്നത്. കോഹ്‌ലിയും രോഹിത്തും ഉൾപ്പെടെയുള്ള സീനിയർ താരങ്ങളെ ടീമിൽ നിന്ന് മാറ്റിനിർത്തണമെന്ന ആവശ്യവും സോഷ്യൽ മീഡിയയിൽ ശക്തമാണ്.
രണ്ടിന്നിങ്സിലും ഇന്ത്യൻ ബാറ്റർമാരുടെ പരാജയമാണ് ബോർഡർ-ഗവാസ്കർ പരമ്പരയിലെ ഇന്ത്യയുടെ മുന്നോട്ടു പോക്കിനെ ആശങ്കയോടെ നോക്കി കാണാൻ ആരാധകരെ നിർബന്ധിതരാക്കുന്നത്. പതിവ് പോലെ റിഷഭ് പന്ത്, ജയ്സ്വാൾ, നിതീഷ് കുമാർ റെഡ്ഡി എന്നിവരൊഴികെ മറ്റാർക്കും ഓസീസ് പേസ് പടയ്ക്കെതിരെ ഒന്നു പൊരുതി നോക്കാൻ പോലും സാധിച്ചിരുന്നില്ല. അഡ്‌ലെയ്‌ഡിൽ രണ്ടിന്നിങ്സിലും ഹൈദരാബാദുകാരനായ നിതീഷ് റെഡ്ഡി നടത്തിയ ചെറുത്തുനിൽപ്പ് കയ്യടി അർഹിക്കുന്നുണ്ട്. നിതീഷിന് സ്ഥാനക്കയറ്റം നൽകിയിരുന്നെങ്കിൽ ഇന്ത്യയുടെ സ്കോർ കൂടുതൽ മെച്ചപ്പെടുമായിരുന്നുവെന്നാണ് ആരാധകരിൽ ചിലരുടെ അഭിപ്രായം.